കോവിഡ് വില്ലനായി; മലയാളികളെ ഞെട്ടിച്ച സുന്ദരവില്ലന് ആരോരുമില്ലാതെ അന്ത്യയാത്ര

റിസബാവയെ സിനിമാലോകം അവഗണിച്ചുവെന്നും സോഷ്യല്‍ മീഡിയില്‍ ആരോപണം

കൊച്ചി: അന്തരിച്ച ചലച്ചിത്ര നടന്‍ റിസബാവയുടെ അന്ത്യയാത്ര ചലച്ചിത്രലോകത്തിന്റെ ആരവങ്ങള്‍ ഒന്നുമില്ലാതെ. ഇന്നലെ വൈകീട്ടോടെയാണ് മലയാളികളുടെ പ്രിയനടന്‍ റിസബാവ അന്തരിച്ചത്. പരിശോധനയില്‍ അദ്ദേഹം കോവിഡ് പോസറ്റീവ് ആണെന്ന് കണ്ടെത്തിയതോടെയാണ്, സ്വവസതിയില്‍ നടത്താനിരുന്ന പൊതു ദര്‍ശനം ഒഴിവാക്കിയത്. കോവിഡ് പ്രോട്ടോക്കോള്‍ കാരണം ഉറ്റബന്ധുക്കള്‍ മാത്രമാണ് സംസ്‌ക്കാര ചടങ്ങില്‍ എത്തിയത്.

മട്ടാഞ്ചേരി കൊച്ചങ്ങാടി ചെമ്പിട്ട പള്ളിയിലാണ് ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കം നടന്നത്.കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട്, പി.പി.ഇ കിറ്റ് അണിഞ്ഞ് പൊലീസ് ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ പങ്കെടുത്തത്. ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധിയായി ചടങ്ങില്‍ പങ്കെടുത്തു.

അതിനിടെ റിസബാവയെ സിനിമാലോകം അവഗണിച്ചുവെന്നും സോഷ്യല്‍ മീഡിയില്‍ ആരോപണം ഉയര്‍ന്നിരുന്നു. ഇന്നലെ മൃതദേഹം സൂക്ഷിച്ച ആസ്റ്റര്‍ മെഡിസിറ്റിയിലും സിനിമാലോകത്ത് നിന്ന് ആരും എത്തിയില്ല. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് താരസംഘടനയായ അമ്മയുടെ പ്രതിനിധികളില്‍ ഒരാള്‍ക്ക് എങ്കിലും റിസബാവയുടെ ഖബറടക്കത്തില്‍ എത്താമായിരുന്നില്ലേ എന്നാണ് പലരും ചോദിക്കുന്നത്.

ആഴ്ചകള്‍ക്ക് മുമ്പ് അന്തരിച്ച നിര്‍മ്മാതാവ് നൗഷാദിന്റെ കാര്യത്തിലും ഇതേ ആരോപണം ഉണ്ടായിരുന്നു. വിരലിലെണ്ണാവുന്ന നിര്‍മ്മാതാക്കള്‍ ഒഴികെ ആരും തന്നെ, സിനിമയ്ക്ക് വേണ്ടി കോടികള്‍ പൊടിച്ച നൗഷാദിന്റെ വസതിയില്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നില്ല. ഇത് സോഷ്യല്‍ മീഡിയയില്‍ വന്‍ വിവാദമായതിന് പിന്നാലെയാണ് റിസബാവയുടെ പേരിലും വിവാദമുണ്ടാവുന്നത്.

എന്നാല്‍ റിസബാവയെ അവഗണിച്ചുവെന്നതിന് യാതൊരു അടിസ്ഥാനവുമില്ലെന്നാണ് സിനിമാ സംഘടനകളുടെ നേതാക്കള്‍ പറയുന്നത്. പ്രമുഖ നടന്‍മ്മാര്‍ ഉള്‍പ്പെടയുള്ളവര്‍ റിസബാവയുടെ ബന്ധുക്കളെ വിളിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു. പക്ഷേ കോവിഡ് ബാധിച്ചതിനാലുള്ള കര്‍ശന നിയന്ത്രണങ്ങള്‍ ഉള്ളതിനാലാണ് തങ്ങള്‍ക്ക് മൃതദേഹം കാണാന്‍ പോകന്‍ കഴിയാതിരുന്നത്. മാത്രമല്ല താരങ്ങള്‍ എത്തിയാല്‍ അനിനിയന്ത്രിതമായ ആള്‍ക്കൂട്ടം ഉണ്ടാവുകയും ചെയ്യും. ഇത് കാരണമാണ് തങ്ങള്‍ മാറിനിന്നത് എന്നാണ് ‘അമ്മയുടെ’ പ്രതിനിധികള്‍ പറയുന്നത്.