ജീവിച്ചിരിക്കവേ മരിച്ചെന്ന് വിധിയെഴുതി: യഥാര്‍ഥ മരണത്തിനു കീഴടങ്ങി രമണന്‍

മരണ വിവരം വിശ്വസിച്ച വീട്ടുകാര്‍ മൃതദേഹം ഏറ്റുവാങ്ങാനായി ശനിയാഴ്ച രാവിലെ ആംബുലന്‍സുമായി എത്തിയപ്പോഴാണ് രമണന്‍ അത്യാഹിത വിഭാഗത്തില്‍ ജീവനോടെയുണ്ടെന്ന് കണ്ടെത്തുന്നത്.

കായംകുളം: ജീവിച്ചിരിക്കവേ മരിച്ചെന്ന് കരുതിയ ആള്‍ ഒടുവില്‍ മരണത്തിനു കീഴടങ്ങി. ഭരണിക്കാവ് പള്ളിക്കല്‍ നടുവിലേമുറി കോയിക്കല്‍ മീനത്തേതില്‍ പരേതരായ ദാമോദരന്‍-കാര്‍ത്യായനി ദമ്പതികളുടെ മകന്‍ രമണനാണ് (47) കോവിഡ് ബാധിതനായി ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. കോവിഡ് ബാധിതനായ രമണനെ കഴിഞ്ഞ 26നാണ് ആശുപത്രിയിലെത്തിച്ചത്. മൂന്ന് ദിവസത്തിന് ശേഷം നില വഷളായതോടെ അത്യാഹിതത്തിലേക്കും തുടര്‍ന്ന് വെന്റിലേറ്ററിലേക്കും മാറ്റിയിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി രമണന്‍ മരിച്ചെന്ന സന്ദേശം മെഡിക്കല്‍ കോളജില്‍ നിന്നും വീട്ടുകാര്‍ക്ക് നല്‍കിയത് വിവാദമായിരുന്നു. നില വഷളായിരുന്നതിനാല്‍ മരണ വിവരം വിശ്വസിച്ച വീട്ടുകാര്‍ മൃതദേഹം ഏറ്റുവാങ്ങാനായി ശനിയാഴ്ച രാവിലെ ആംബുലന്‍സുമായി എത്തിയപ്പോഴാണ് രമണന്‍ അത്യാഹിത വിഭാഗത്തില്‍ ജീവനോടെയുണ്ടെന്ന് കണ്ടെത്തുന്നത്. സമാന പേരുകാരനായ കൃഷ്ണപുരം സ്വദേശി മരിച്ചത് വിലാസം മാറി അറിയിച്ചതാണ് അന്ന് പ്രശ്‌നമായത്.

ജനറല്‍ വാര്‍ഡില്‍ നിന്നും അത്യാഹിത വിഭാഗത്തിലേക്ക് മാറ്റുന്നതുവരെ ബന്ധുക്കള്‍ കൂടെയുണ്ടായിരുന്നു. തുടര്‍ന്ന് വിവരങ്ങള്‍ യഥാസമയം ഫോണിലൂടെ അറിയിക്കുമെന്ന അധികൃതരുടെ ഉറപ്പിലാണ് ഇവര്‍ വീട്ടിലേക്ക് പോയത്. സംഭവത്തില്‍ മെഡിക്കല്‍ കോളജ് അധികൃതരുടെ ഉത്തരവാദിത്യമില്ലായ്മ പ്രതിഷേധത്തിനിടയാക്കിയിരുന്നു. മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടുകയും ചെയ്തിട്ടുണ്ട്.

അന്ന് വന്ന വ്യാജ വാര്‍ത്ത ശരിവെച്ച് കൊണ്ടായിരുന്നു ഞായറാഴ്ച രാത്രി രമണന്റെ മരണം. തിങ്കളാഴ്ച രാവിലെ 11.30ഓടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. സഹോദരങ്ങളായ രത്‌നമ്മക്കും ശ്രീധരനും ഒപ്പം കഴിഞ്ഞിരുന്ന രമണന്‍ അവിവാഹിതനാണ്. മറ്റ് സഹോദരങ്ങള്‍: സരസ്വതി, വിജയമ്മ.