ജനം ടീവിയെക്കാള്‍ ഭയക്കേണ്ട കൊടിയ വിഷമാണ് മീഡിയ വണ്‍; ആര്‍ ജെ സലീം എഴുതുന്നു

‘മുസ്ലിമായ ഒരാള്‍ ഒരു കവര്‍ച്ചാകേസില്‍ പെട്ടാല്‍ ഇവര്‍ പറയുമോ പ്രതി മൂന്നു നേരം നിസ്‌കരിച്ചിരുന്ന ആളാണ് എന്ന്. ‘- ആര്‍.ജെ സലീം എഴുതുന്നു

‘ചേവരമ്പലം കൂട്ടബലാത്സംഗക്കേസിലെ പ്രതി ഫഹദ് യുക്തിവാദ പ്രചാരകന്‍. സി രവിചന്ദ്രന്‍, ഇഎ ജബ്ബാര്‍ ഉള്‍പ്പെടെയുള്ള യുക്തിവാദ നേതാക്കളുടെ പോസ്റ്റുകളും ഇയാള്‍ പങ്കുവച്ചിട്ടുണ്ട്’- മൗദൂദികളുടെ മീഡിയ വണ്‍, ഒരു കൂട്ടബലാത്സംഗവാര്‍ത്തയ്ക്ക് കൊടുത്ത തലക്കെട്ടാണ് മുകളില്‍.

സത്യം പറഞ്ഞാല്‍, അടിച്ചു ചെള്ള പൊട്ടിക്കേണ്ട മറ്റേ പരിപാടിയാണ് പത്രപ്രവര്‍ത്തനം എന്ന പേരില്‍ കാണിച്ചിരിക്കുന്നത്. പ്രതിയുടെ വിശ്വാസമോ അവിശ്വാസമോ എടുത്തുവെച്ചു ഒരാള്‍ ചെയ്യുന്ന ക്രൈമുമായി ബന്ധപ്പെടുത്തി പറയാനാണ് എങ്കില്‍ കേരളത്തിലെന്നല്ല ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ റേപ്പിസ്റ്റുകളും കൊലപാതകികളും ശിശു പീഡകരും ആന്റി സോഷ്യല്‍സുമെല്ലാം മത വിശ്വാസികളായിരിക്കും.

എന്നുകരുതി അവരുടെ വിശ്വാസമോ വിശ്വാസ രാഹിത്യമോ അവരെ ക്രൈം ചെയ്യാന്‍ പ്രേരിപ്പിച്ചു എന്നാണോ അര്‍ഥം ? അത്തരം കേസുകളിലൊക്കെ ഇവര്‍ അതും കൂടി ചേര്‍ത്താണോ തലക്കെട്ടുകള്‍ കൊടുക്കുന്നത് ? മുസ്ലിമായ ഒരാള്‍ ഒരു കവര്‍ച്ചാകേസില്‍ പെട്ടാല്‍ ഇവര്‍ പറയുമോ പ്രതി മൂന്നു നേരം നിസ്‌കരിച്ചിരുന്ന ആളാണ് എന്ന്.

താലിബാനെ ഒരു വിസ്മയമായി കാണുന്നവര്‍ക്കു മത വിമര്‍ശനം നടത്തുന്നവരോട് തീര്‍ത്താല്‍ തീരാത്ത പകയുണ്ടാവുക സ്വാഭാവികം. പക്ഷെ എന്നുകരുതി ഊഞ്ഞാലാടിത്തരം കാണിക്കുന്നതിന് ഒരു പരിധിയുണ്ട്.
യുക്തിവാദത്തിനു അതിന്റേതായ ഒരുപാടു പരിമിതികളുണ്ട്. രവിചന്ദ്രനോടായാലും ജബ്ബാര്‍ മാഷിനോടായാലും യോജിപ്പുകളെക്കാള്‍ വിയോജിപ്പുകളാണ് കൂടുതല്‍. എന്നുകരുതി ഇത് സമ്മതിച്ചുകൊടുക്കാനാവില്ല.
ഇന്ന് ഈ നിമിഷം വരെ മൗദൂദി വണ്‍ ആ വാര്‍ത്ത പിന്‍വലിച്ചിട്ടുമില്ല. ജനം ടീവിയെക്കാള്‍ ഭയക്കേണ്ട കൊടിയ വിഷമാണ് മീഡിയ വണ്‍. അഭിലാഷും പ്രമോദ് രാമനും അതിനകത്തു എത്ര നല്ലപുള്ള ചമഞ്ഞിരുന്നാലും അതങ്ങനെ തന്നെയാണ്. ഇവറ്റകളുടെ തലയില്‍ മൂര്‍ഖനെക്കാളും വിഷമാണ് !

( ലേഖകന്‍ ഫേസ്ബുക്കില്‍ കുറിച്ചത്)