ആടിനെ അറുത്ത് അണ്ണാത്തെ പോസ്റ്ററില്‍ രക്താഭിഷേകം; രജനികാന്തിനെതിരെ കേസെടുത്ത് അഭിഭാഷകന്‍

സൂപ്പര്‍സ്റ്റാറിന്റെ വലിയ കട്ടൗട്ട് ഉയര്‍ത്തിയാണ് അണ്ണാത്തയുടെ മോഷന്‍പോസ്റ്റര്‍ റിലീസ് തിരുച്ചിറപ്പള്ളിയിലെ രജനി രസികര്‍ മന്‍ട്രം പ്രവര്‍ത്തകര്‍ ആഘോഷമാക്കിയത്.

ചെന്നൈ: രജനികാന്തിന്റെ പുതിയ സിനിമയുടെ പോസ്റ്ററില്‍ ആരാധകര്‍ മൃഗബലി നടത്തിയതിന് താരത്തിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടു പൊലീസില്‍ പരാതി. അണ്ണാത്തെ സിനിമയുടെ മോഷന്‍പോസ്റ്റര്‍ റിലീസിനോട് അനുബന്ധിച്ചാണ് തിരുച്ചിറപ്പള്ളിയില്‍ ആടിനെ അറുത്ത് രക്താഭിഷേകം നടത്തിയത്. സംഭവത്തില്‍
തമിഴ്വേന്ദന്‍ എന്ന അഭിഭാഷകന്‍ ആണ് തമിഴ്‌നാട് ഡിജിപിക്ക് പരാതി നല്‍കിയിരിക്കുന്നത്.

സൂപ്പര്‍സ്റ്റാറിന്റെ വലിയ കട്ടൗട്ട് ഉയര്‍ത്തിയാണ് അണ്ണാത്തയുടെ മോഷന്‍പോസ്റ്റര്‍ റിലീസ് തിരുച്ചിറപ്പള്ളിയിലെ രജനി രസികര്‍ മന്‍ട്രം പ്രവര്‍ത്തകര്‍ ആഘോഷമാക്കിയത്. കണ്ണുതട്ടാതിരിക്കാന്‍ ആടിനെ അറുത്ത് രക്താഭിഷേകവും നടത്തി. ആടിനെ കൊന്ന ചോര ജനമധ്യത്തില്‍ വെച്ച് അണ്ണാത്തയുടെ പോസ്റ്ററില്‍ ഒഴിക്കുന്ന ദൃശ്യങ്ങള്‍ ആരാധകര്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു.

ഇതോടെ പ്രതിഷേധം ശക്തമായി. നടപടി ക്രൂരതയാണെന്നും പൊതുസ്ഥലത്തുവച്ചുള്ള ഇങ്ങനെയുള്ള പ്രവര്‍ത്തി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഇടയില്‍ ഭീതിയുണ്ടാക്കുമെന്നാണ് പരാതിയില്‍ പറയുന്നത്. ആരാധകരെ നിയന്ത്രിക്കാത്ത നടനാണ് പ്രശ്‌നങ്ങള്‍ക്കു കാരണമെന്നാണ് പരാതിയിലെ ആരോപണം. സംഭവത്തെ കുറിച്ച് താരം ഇതുവരെ പ്രതികരിക്കാത്തതിലും ആരാധകരുടെ പ്രവര്‍ത്തിയെ അപലപിക്കാത്തതിലും പ്രതിഷേധിച്ചാണ് കേസ് നല്‍കിയിട്ടുള്ളത്.

കര്‍ശന നടപടി ആവശ്യപ്പെട്ടു മൃഗസംരക്ഷണ സംഘടനായ പെറ്റയും രംഗത്തെത്തിയിട്ടുണ്ട്. 2018ല്‍ രജനികാന്ത് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച സമയത്തും ആരാധകര്‍ വ്യാപകമായി മൃഗബലി നടത്തിയത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.