കനറാ ബാങ്ക് ശാഖയില്‍ കോടികളുടെ തട്ടിപ്പ്; ജീവനക്കാരന് ഒളിവില്‍
സ്ഥിരനിക്ഷേപങ്ങളില്‍നിന്നും കാലാവധി കഴിഞ്ഞിട്ടും പണം പിന്‍വലിക്കാത്ത അക്കൗണ്ടുകളില്‍നിന്നാണ് വിജീഷ് പണം തട്ടിയെടുത്തിരുന്നത്.
പത്തനംതിട്ട: കനറാ ബാങ്ക് പത്തനംതിട്ട ശാഖയില്‍ കോടികളുടെ തട്ടിപ്പ്. ബാങ്ക് ജീവനക്കാരനും കൊല്ലം സ്വദേശിയുമായ വിജീഷ വര്‍ഗീസാണ് വിവിധ ഇടപാടുകാരുടെ പണം തട്ടിയെടുത്ത് മുങ്ങിയത്. ഏകദേശം 8.13 കോടി രൂപ 14 മാസത്തിനിടെ ഇയാള്‍ വിവിധ അക്കൗണ്ടില്‍ നിന്ന് തട്ടിയെടുത്തതായി കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പ് കണ്ടെത്തിയതോടെ ഒളിവില്‍പോയ ഇയാള്‍ക്കായി അന്വേഷണം തുടരുകയാണ്.
പത്തനംതിട്ട കനറാ ബാങ്ക് രണ്ടാംശാഖയിലെ കാഷ്യര്‍ കം ക്ലര്‍ക്കാണ് കൊല്ലം ആവണീശ്വരം സ്വദേശി വിജീഷ് വര്‍ഗീസ്. ബാങ്ക് അധികൃതര്‍ക്ക് തട്ടിപ്പിനെക്കുറിച്ച് ഫെബ്രുവരിയിലാണ് ആദ്യം വിവരം ലഭിക്കുന്നത്. പത്ത് ലക്ഷം രൂപ നിക്ഷേപിച്ച അക്കൗണ്ട് ഉടമ അറിയാതെ ക്ലോസ് ചെയ്തതായി പരാതി ലഭിച്ചിരുന്നു. ബാങ്കിന്റെ മറ്റൊരു ജീവനക്കാരന്റെ ഭാര്യയുടെ അക്കൗണ്ട് ആയിരുന്നു അത്. ഇക്കാര്യം ജീവനക്കാരന് ബാങ്ക് മാനേജറെ അറിയിച്ചു. ഇതോടെ ഇടപാടുകള്‍ കൈകാര്യം ചെയ്തിരുന്ന വിജീഷ് പിഴവ് സംഭവിച്ചതാണെന്ന് പറഞ്ഞു. തുടര്‍ന്ന് ബാങ്കിന്റെ കരുതല്‍ അക്കൗണ്ടില്‍ നിന്ന് പണം തിരികെ നല്കി പരാതി പരിഹരിക്കുകയും ചെയ്തു. തുടര്‍ന്ന് ഒരു മാസം നീണ്ട ഓഡിറ്റ് നടത്തിയതിലാണ് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് കണ്ടെത്തിയത്.
സ്ഥിരനിക്ഷേപങ്ങളില്‍നിന്നും കാലാവധി കഴിഞ്ഞിട്ടും പണം പിന്‍വലിക്കാത്ത അക്കൗണ്ടുകളില്‍നിന്നാണ് വിജീഷ് പണം തട്ടിയെടുത്തിരുന്നത്. പണം പിന്‍വലിക്കാനും അക്കൗണ്ട് ക്ലോസ് ചെയ്യാനും അനുമതി നല്‍കേണ്ട ഉദ്യോഗസ്ഥരുടെ അഭാവത്തിലാണ് അവരുടെ കമ്പ്യൂട്ടര്‍ കൈകാര്യം ചെയ്ത് വിജീഷ് പണം സ്വന്തം അക്കൗണ്ടുകളിലേക്ക് മാറ്റിയിരുന്നത്.
തട്ടിപ്പില്‍ വിജീഷിന് മാത്രമേ പങ്കുള്ളൂവെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഇത്രയും ക്രമക്കേടുകള്‍ തടയാന്‍ കഴിയാത്തതില്‍ ബാങ്ക് മാനേജറടക്കം അഞ്ച് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.
ഫെബ്രുവരി 11 മുതല്‍ കാണാതായ വിജീഷ് വര്‍ഗീസിനെക്കുറിച്ച് പോലീസിന് ഇതുവരെ വിവരം ലഭിച്ചിട്ടില്ല. ഭാര്യയ്ക്കും കുട്ടികള്‍ക്കും ഒപ്പമാണ് വിജീഷ് മുങ്ങിയിരിക്കുന്നത്. വിജീഷിന്റെയും ഭാര്യയുടെയും ഫോണ്‍ ഫെബ്രുവരി 11 മുതല്‍ സ്വിച്ച് ഓഫാണ്.
ഇയാള്‍ ഉപയോഗിച്ചിരുന്ന കാര്‍ കൊച്ചിയിലെ സുഹൃത്തിന്റെ ഫ്ളാറ്റില്‍നിന്നും പോലീസ് കണ്ടെത്തിയിരുന്നു. നേവിയില്‍ ഉദ്യോഗസ്ഥനായിരുന്നു വിജീഷ് ഉത്തരേന്ത്യയില്‍ ഒളിവില്‍ കഴിയുകയായിരുന്നു എന്നാണ് പോലീസിന്റെ നിഗമനം. ഇയാളെ കണ്ടെത്താനുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.