LogoLoginKerala

ഇന്നസെന്റിനോട് പറയാന്‍ ബാക്കിവെച്ചത്

 
sandeepananda giri

ഇന്നസെന്റിന്റെ മൃതദേഹത്തിന് മുന്നില്‍ നിര്‍നിമേഷനായി നില്‍ക്കുമ്പോള്‍ സ്വാമി സന്ദീപാന്ദഗിരിയുടെ മനസ്സിലേക്ക് കയറി വന്നുകൊണ്ടിരുന്നത് ഇന്നസെന്റിനോട് പറയാന്‍ ബാക്കിവെച്ച ചിലതാണ്. ഇന്നസെന്റ് സജീവരാഷ്ട്രീയത്തിലിറങ്ങിയ ശേഷമാണ് സന്ദീപാനന്ദഗിരി അദ്ദേഹവുമായി അടുക്കുന്നത്. സിനിമയിലെ താരത്തിളക്കത്തേക്കാള്‍ സന്ദീപാനന്ദഗിരിയെ ഇന്നസെന്റിലേക്ക് ആകര്‍ഷിച്ചത് അദ്ദേഹത്തിന്റെ ജനപക്ഷ പുരോഗമന നിലപാടുകളിലെ തെളിച്ചമായിരുന്നു. ആ അടുപ്പം ചാലക്കുടിയില്‍ ഇന്നസെന്റിന് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുന്നതില്‍ വരെ എത്തി. ഒരുമിച്ച് പങ്കിട്ട നര്‍മ മുഹൂര്‍ത്തങ്ങളുടെ ഓര്‍മ മനസ്സില്‍ എന്നും പച്ചപിടിച്ചു നില്‍ക്കും. രണ്ടാമത് ചാലക്കുടിയില്‍ മത്സരിച്ചപ്പോള്‍ ഇന്നസെന്റ് തോല്‍വി മുന്നില്‍ കണ്ടിരുന്നു. ഇത്തവണ ജയിക്കാന്‍ കഴിയില്ലെന്ന് തന്റെ മനസ്സ് പറയുന്നുണ്ടെന്ന് ഒന്നലധികം തവണ തന്നോട് ഇന്നസെന്റ് പറഞ്ഞു. അദ്ദേഹത്തിന് ആത്മവിശ്വാസം പകരാനാണ് അപ്പോള്‍ ശ്രമിച്ചത്. പക്ഷെ ഇന്നസെന്റിന്റെ കണക്കുകൂട്ടല്‍ ശരിയായി. 


അതിന് ശേഷം വല്ലപ്പോഴും കണ്ടുമുട്ടുയിരുന്നതല്ലാതെ ഇടക്കിടെ ഫോണില്‍ വിളിക്കുന്ന പതിവില്ലായിരുന്നു. തന്റെ ആശ്രമം സന്ദര്‍ശിക്കണമെന്ന് ഇന്നസെന്റ് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അതിനും അവസരം ലഭിച്ചില്ല. ചികിത്സക്കായി ഏറെ സമയവും ചെലവിടേണ്ടി വന്നതിനാല്‍ അദ്ദേഹം യാത്രകള്‍ പരമാവധി ഒഴിവാക്കിയിരുന്നു. വീണ്ടും  അസുഖബാധിതനായ വിവരമറിഞ്ഞപ്പോള്‍ ആശ്വസിപ്പിച്ചു. രണ്ടു വട്ടം ക്യാന്‍സറിനെ തോല്‍പിച്ച ഇന്നസെന്റ് ഈ പ്രതിസന്ധിയെയും അതിജീവിക്കുമെന്നാണ് താന്‍ അവസാനം വരെ വിശ്വസിച്ചത്. അതുകൊണ്ടു തന്നെ അപ്രതീക്ഷിതമായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. 
ഒരുമിച്ചുണ്ടായിരുന്ന സമയത്ത് സിനിമയെക്കുറിച്ചും ഇന്നസെന്റിന്റെ അഭിനയത്തെക്കുറിച്ചും ഒരുപാട് സംസാരിച്ചിരുന്നില്ല. ഇളക്കങ്ങളിലെ ദേവസിക്കുട്ടി, വിടപറയും മുമ്പേയിലെ വര്‍ഗീസ് തുടങ്ങിയ ഇന്നസെന്റ കഥാപാത്രങ്ങളോട് തനിക്ക് വല്ലാത്ത ഇഷ്ടമുണ്ടായിരുന്നു. ഇന്നസെന്റിലെ ഹാസ്യനടന്റെ സ്വത്വം രൂപപ്പെട്ടുവന്നത് ഇത്തരം ചിത്രങ്ങളിലൂടെയാണ്. അദ്ദേഹത്തോട് അതേക്കുറിച്ച് നേരിട്ട് പറയണമെന്ന് പലപ്പോഴും ആഗ്രഹിച്ചിരുന്നു. പക്ഷെ സംസാരിക്കുന്ന സന്ദര്‍ഭങ്ങളില്‍ വിഷയം മറ്റു പലതുമായതിനാല്‍ ഇത് പറയാനായില്ല. ഇപ്പോള്‍ അദ്ദേഹത്തിന്റെ മൃതശരീരത്തിന് മുന്നില്‍ നില്‍ക്കുമ്പോള്‍ അതൊരു ദുഖമായി അവശേഷിക്കുകയാണെന്ന് സന്ദീപാനന്ദഗിരി പറഞ്ഞു.