മുഖ്യമന്ത്രിക്ക് മൈത്രേയന്റെ തുറന്ന കത്ത്
Updated: Apr 13, 2023, 10:02 IST
മുഖ്യമന്ത്രി പിണറായി വിജയന്, വരാൻപോകുന്ന മറ്റ്മുഖ്യമന്ത്രിമാർക്കും (എല്ലാമനുഷ്യർക്കും)
താങ്കളുടെ ശ്രദ്ധ അടിയന്തിരമായി പതിയേണ്ട ഒരു കാര്യമാണ് ഇവിടെ ഞാൻ സൂചിപ്പിക്കുന്നത്.
ഇക്കഴിഞ്ഞ മാർച്ച് 20ന് ഐപിസിസിയുടെ അവസാനത്തെ റിപ്പോർട്ട് വന്നിട്ടുണ്ട്. അതിൽ കാലാവസ്ഥ വ്യതിയാനം വളരെ വേഗത്തിൽ സംഭവിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേരളത്തിന് 590 കി.മീ ദൂരമുള്ള കടൽത്തീരമുണ്ട്. കടൽ നിരപ്പ് വളരെ വേഗം ഉയരുകയാണ്. കാറ്റിന് ശക്തി വർദ്ധിക്കുകയാണ്. കാറ്റടിക്കുമ്പോൾ തിരകളുടെ ഉയരം ക്രമാതീതമായി വർദ്ധിച്ചു കൊണ്ടിരിക്കും. അതിനാൽ ചൊരിമണൽ പ്രദേശങ്ങൾ എല്ലാം തന്നെ അടുത്ത 15-20 വർഷത്തിനുള്ളിൽ കടലെടുത്തു പോകും. അതായത് ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകൾ കുടുതൽ ദുർബ്ബലപ്പെട്ടതാണെന്ന് അറിയുക. ഇത് മുൻകൂട്ടി കണ്ട് ജനങ്ങളെ മാറ്റിപ്പാർപ്പിക്കാൻ തുടങ്ങേണ്ടതുണ്ട്. കടൽനിരപ്പിൽ നിന്ന് 50 മീറ്ററെങ്കിലും ഉയരമുള്ള പ്രദേശങ്ങളിൽ മാത്രമേ മാറ്റി പാർപ്പിക്കാവൂ. തീരപ്രദേശം ബലപ്പെടുത്തുന്ന എല്ലാ പ്രവർത്തികളും തുടരേണ്ടതുണ്ട്. പക്ഷേ, അവ മാത്രം മതിയാവുകയില്ല. ധനമുള്ളവരെ സ്വയം ഒഴിഞ്ഞു പോകാൻ പ്രേരിപ്പിക്കുകയും ധനസ്ഥിതി ഇല്ലാത്തവർക്ക് വീടുവയ്ച്ചു കൊടുത്ത് മാറ്റിപ്പാർപ്പിക്കുകയും വേണം. ഇത് അടിയന്തിരമായി ചെയ്തു തുടങ്ങേണ്ടതാണ്.
ധാരാളം പേരെ മാറ്റിപ്പാർപ്പിക്കേണ്ടതിനാൽ ഒറ്റപ്പെട്ട വീടുകൾ പാടില്ല. കൃഷി ഭൂമികൾ കെട്ടിടങ്ങൾ കൊണ്ട് നിറഞ്ഞു പോകും. ചുരുങ്ങിയത് പത്തു നിലയുള്ള വീടുകളെ വെയ്ക്കാവൂ. സ്വകാര്യ വീടുകളും മുകളിലേയ്ക്ക് വെയ്ക്കാൻ പാകത്തിൽ അടിസ്ഥാനം ഒരുക്കിയ പ്ലാനുകളെ അനുവദിക്കാവൂ. കൂട്ടു ചേർന്ന് വീടുകൾ വയ്ക്കാൻ ആളുകൾ പഠിക്കട്ടെ.
വടക്കേ ഇന്ത്യ വരളുകയാണ്. അതിനാൽ അവിടെ നിന്നുള്ള കൂടിയേറ്റം നിലവിലുള്ളതിനേക്കാൾ വളരെയധികം വർദ്ധിക്കുക തന്നെ ചെയ്യും, നമ്മുടെ കൂലിക്കൂടുതൽ കൊണ്ടുമാത്രമാണ് അവർ വരുന്നതെന്ന് തെറ്റിദ്ധരിക്കാതിരിക്കുക. അഞ്ചും പത്തും ഏക്കർ കൃഷി ഭൂമിയുള്ളവരും അക്കൂട്ടത്തിലുണ്ടെന്ന് നാം മനസ്സിലാക്കണം.
കുട്ടനാട് പോലെയുള്ള പ്രദേശങ്ങളിൽ ചങ്ങാടങ്ങൾ തീർത്ത് അതിൽ വീടുകൾ വയ്ക്കാൻ പ്രേരിപ്പിക്കുക. വെള്ളം പൊങ്ങിയാലും അവയ്ക്കു കൂഴപ്പമുണ്ടാകില്ല. മലപോലെയുള്ള പ്ലാസ്റ്റിക്ക് കൂമ്പാരങ്ങൾ നന്നായി കെട്ടി ഇണക്കി ചങ്ങാടങ്ങൾ തീർക്കാൻ കഴിയും. അതുവഴി പ്ലാസ്റ്റിക് മാലിന്യ നിർമാർജ്ജനത്തിന് ഒരു പരിഹാരവുമാകും. വെള്ളത്തിൽ കിടക്കുന്ന പ്ലാസ്റ്റിക്കിൽ നിന്നും രാസ പദാർത്ഥങ്ങൾ കിനിഞ്ഞിറങ്ങുമെങ്കിൽ അതിനുള്ള മുൻകരുതൽ വിദഗ്ദരോട് ചോദിച്ച് പരിഹാരങ്ങൾ തേടി നേരത്തെ ചെയ്യുക.
കടൽതീരം പോലെ തന്നെ പ്രധാനമാണ് നദീതീരവും. വരുംകാലങ്ങളിൽ മഴകൂടും വെള്ളപ്പൊക്കം വരികതന്നെ ചെയ്യും. ചുരുങ്ങിയത് നദീതീരത്ത് നിന്നും രണ്ട് കീ. മീ വിട്ടു വേണം വീടുകൾ പണിയാൻ അനുവദിക്കുന്നത്. മാറിത്താമസിക്കാൻ പ്രേരിപ്പിക്കുക. പഞ്ചായത്തുകൾക്ക് ഇതിൽ മുൻകൈ എടുക്കാവുന്നതാണ്. നദീതീരങ്ങൾ കണ്ടൽക്കാടുകൾ പോലെയുള്ള ചെടികൾ നട്ടുപിടിപ്പിക്കാനുള്ള പദ്ധതികൾ അടിയന്തിരമായി ആരംഭിക്കുക, ആദ്യ നിര ചെടികളായാൽ രണ്ടാം നിര ബലമുള്ള മുളകളാകാം. മുള പെട്ടെന്ന് വളരും അത് ഒഴുക്കിന്റെ ശക്തി ചെറുക്കും. അതിനു ശേഷം അടുത്തടുത്ത് വളർത്താൻ കഴിയുന്ന പെട്ടെന്ന് വളരുന്ന അരുണ മരങ്ങൾ പോലുള്ള മരങ്ങൾ വെച്ചു പിടിപ്പിക്കാം. ഇവയെല്ലാം ഒഴുക്ക് തടുക്കുകയും നദി മാറിയൊഴുകുന്ന പ്രവണത കുറയ്ക്കുകയും ചെയ്യും.
ഒറ്റപ്പെട്ട കൊടുംമഴകൾ ഉണ്ടാകാനുള്ള സാദ്ധ്യത ഏറെയാണ്. അതിനാൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ എന്നിവ വർദ്ധിക്കും. അതിനാൽ
മലഞ്ചരുവുകളിൽ പത്തു ഡിഗ്രിയിൽ കൂടുതൽ ചരിവുള്ള ഇടങ്ങളിൽ വീടുകൾ പണിയാൻ അനുവദിക്കാതിരിക്കുക, ഉള്ളവർ മാറിത്താമസിക്കാൻ നോട്ടീസ് കൊടുക്കുക. മാറാൻ വിസമ്മതിക്കുന്ന വർ സ്വന്തം ഉത്തരവാദിത്വത്തിലാണ് താമസിക്കുന്നത് എന്ന് എഴുതി വാങ്ങണം.
അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്ഷണ വരവ് കുറയുമെന്നതിനാൽ എല്ലാവരും ആധുനിക കൃഷിരീതികൾ അവലംബിച്ച് വീടുനുള്ളിലും ടെറസ്സുകളിലും തൊടികളിലും സൗകര്യപ്പെടുന്ന എല്ലാ ഇടങ്ങളിലും കാർഷിക വിഭവങ്ങൾ ഉണ്ടാക്കാൻ പ്രേരിപ്പിക്കുക. നാണ്യവിളകളെക്കാൾ കൂടുതൽ ഭക്ഷ്യവസ്തുക്കൾ ഉല്പാദിപ്പിക്കാൻ പ്രോത്സാഹനം നൽകുന്ന പദ്ധതികൾ ആവിഷ്ക്കരിക്കുക. മീൻ കഴിക്കുന്നവർ എല്ലാം തന്നെ മീനുകളെ വളർത്താൻ മുൻകൈ എടുപ്പിക്കാവുന്നതാണ്. കുളങ്ങളിലും പുഴകളിലും കായലുകളിലും അലൂമിനിയം വലകളിലും ഇവയെ വളർത്താനാകും. പരസ്പരം വഴക്കിടാതിരിക്കാൻ, കടൽ, കായൽ, നദിപോലെയുള്ള പൊതുവിടങ്ങൾ പതിച്ചു നൽകാവുന്നതാണ്.
ഒരു വർഷത്തെ വെള്ളം ഉപഭോഗം കണക്കുകൂട്ടി എല്ലാവീടുകളിലും മഴവെള്ളം ശേഖരിച്ച് വെയ്ക്കുന്ന, കൃഷിയ്ക്കാവിശ്യമായ വെള്ളം പോലും ശേഖരിക്കാവുന്ന പദ്ധതികൾ ഉടനടി ആരംഭിക്കണം.
വൈദ്യുതി വിതരണത്തിനും ഉല്പാദനത്തിനും തടസ്സം ഉണ്ടാകുമെന്നത് നിശ്ചയം, അതിനാൽ ഏല്ലാ വീടുകളലും സൗരോർജ്ജ പാനലുകൾ സ്ഥാപിക്കാൻ മുൻകൈ എടുക്കുക. ഒരോ വീടും സ്വതന്ത്രമായ ഊർജ്ജ ഉല്പാദന ഇടമാകട്ടെ. വെളിച്ചമല്ല ഊർജ്ജ ഉല്പാദനമാകണം നമ്മുടെ ലക്ഷ്യം.
ഇപ്പോൾ 35 മുതൽ 40 കി മീ വേഗതയിൽ അടിക്കുന്ന കാറ്റ് 60 കി മീ വേഗതയിൽ വീശാനുളള സാദ്ധ്യത വർദ്ധിച്ചിട്ടുണ്ട്. വന്മരങ്ങളിൽ ഒരു ശ്രദ്ധ വേണം, അവയ്ക്കരികിൽ വസിക്കുന്നവർ സൂക്ഷിക്കാൻ ആവശ്യപ്പെടുക. ഇപ്പോൾ ഒറ്റപ്പെട്ട് അടിക്കുന്ന ചുഴലിക്കാറ്റുകളുടെ എണ്ണം വർദ്ധിക്കുന്നതാണ്. അതിനാൽ വീടുകൾക്ക് അടിയിൽ ഒരു നിലവറ ഉണ്ടാക്കാൻ ആളുകളെ പ്രേരിപ്പിക്കുക. രണ്ടു ദിവസത്തേക്കുള്ള വെള്ളവും ഭക്ഷണവും ചീത്തയായി പോകാതെ നോക്കി, സൂക്ഷിച്ചു വയ്ക്കാൻ കഴിയുന്നവർ അങ്ങനെ ചെയ്യാൻ ആവശ്യപ്പെടുക.
ഞാൻ ഈ പറഞ്ഞവയോ തത്തുല്ല്യമായ മറ്റു പരിഹാരങ്ങളോ ചെയ്യാൻ അമാന്തിക്കരുത്. അടിയന്തിരത ഇവയ്ക്കെല്ലാം ഉണ്ട്. എങ്കിലും ജനങ്ങളെ ഭയചകിതരാക്കാതെ പഞ്ചായത്തുകളിലൂടെ ഈ വിവരങ്ങൾ കൈമാറേണ്ടതുണ്ട്.
കാലാവസ്ഥ വ്യതിയാനത്തിൽ കേരളത്തിന്റെയോ ഇന്ത്യയുടെയോ സംഭാവന വികസിത രാജ്യങ്ങളുമായി തട്ടിച്ചു നോക്കുമ്പോൾ ചെറുതാണ്. പക്ഷേ അതിന്റെ ഏറ്റവും വലിയ ദുരിതം പേറേണ്ടിവരുന്നവർ ആദ്യമായി ഇന്ത്യാക്കാരായിരിക്കും, അതും വടക്കേ ഇന്ത്യൻ ജനത. അവരുടെ കൂടിയേറ്റം നാം പ്രതീക്ഷിക്കേണ്ടതുണ്ട്. നമ്മുടെ എല്ലാ കണക്ക് കൂട്ടലുകളും തെറ്റിക്കാൻ അതുമാത്രം മതി. എങ്കിലും നമ്മൾക്ക് ചെയ്യാനാവുന്നതെല്ലാം ചെയ്യാം.
പരസ്പരം പോരടിച്ചു നിൽക്കുന്ന രാജ്യങ്ങൾ ഒത്തൊരുമയോടെ ഭൂമിയെപ്പറ്റി ഉടനടി ചിന്തിക്കുമെന്ന വ്യാമോഹം എനിക്കില്ല. കൂടുതൽ പരിഹാരങ്ങളും രാജ്യങ്ങളുടെ തലത്തിൽ മാത്രം എടുക്കാൻ കഴിയുകയുള്ളൂ എന്നറിഞ്ഞു കൊണ്ടു തന്നെ ഇത് പറയുകയാണ്. എങ്കിലും ജീവിച്ചിരിക്കേണ്ടേ നമ്മൾക്ക്, അതിനാൽ നമ്മൾക്ക് കഴിയാവുന്നത് ചെയ്യാം.
വ്യക്തിഗതമായി പറയുകയാണെങ്കിൽ അത്യാവശ്യമില്ലാത്തതൊന്നും ചെയ്യാതിരിക്കുക, എല്ലാ കാര്യങ്ങളിലും മിതത്വം പാലിക്കുക.
സ്നേഹത്തോടെ
സങ്കടത്തോടെ
മൈത്രേയൻ