ഓണ്‍ലൈന്‍ ഗെയിം കളി; പണം നഷ്ടപ്പെട്ട യുവാവ് മരിച്ചനിലയില്‍

സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഈറോഡ്: ഓണ്‍ലൈന്‍ ഗെയിം കളിച്ചു പണം നഷ്ടപ്പെട്ട യുവാവു മരിച്ച നിലയില്‍ കണ്ടെത്തി. പൂന്തുറ റോഡ് ശെല്ലദുരൈയുടെ മകന്‍ പെയിന്റിങ് തൊഴിലാളിയായ ശ്രീറാമിനെ (22) ആണു തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആറു മാസമായി ജോലിക്കു പോകാതെ ഫോണില്‍ ഗെയിം കളിച്ചിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം വൈകിട്ട് പുറത്തു പോയ മാതാപിതാക്കളും സഹോദരനും വീട്ടില്‍ തിരികെയെത്തിയപ്പോള്‍ ശ്രീറാമിന്റെ മുറി പൂട്ടിയ നിലയിലായിരുന്നു. തുറന്നു നോക്കിയപ്പോഴാണു തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഈറോഡ് ടൗണ്‍ പൊലീസ് കേസെടുത്തു.