നിമിഷയെ ഫാത്തിമയാക്കിയത് ബെക്സണ്‍ അല്ല; മതം മാറ്റിയവര്‍ സ്വതന്ത്രരായി വിഹരിക്കുന്നുവെന്ന് ബിന്ദു

എം.മനോജ്‌ കുമാര്‍ 

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് പോലെ നിമിഷയെ ഫാത്തിമയാക്കിയത് ബെക്സണേയല്ലെന്ന് ബിന്ദു; മിഷയെ ഫാത്തിമയാക്കിയത് 2013-ലാണ്. നിമിഷ ബെക്സണെ കാണുന്നതും പരിചയപ്പെടുന്നതും 2016 ലാണ്; അതുകൊണ്ട് തന്നെ ഈ വാദങ്ങളില്‍ കഴമ്പില്ലെന്നും എന്നാല്‍ നിമിഷയെ മതംമാറ്റിയവര്‍ സര്‍വ സ്വതന്ത്രരായി വിഹരിക്കുകയാണെന്നും ഇവര്‍ക്കെതിരെ നടപടി വേണമെന്നും ബിന്ദു ആവശ്യപ്പെടുന്നു

തിരുവനന്തപുരം:  നിമിഷയെ ഫാത്തിമയാക്കിയത് ബെക്സണ്‍ അല്ലെന്നു നിമിഷ ഫാത്തിമയുടെ അമ്മ ബിന്ദു. നിമിഷയെ ഫാത്തിമയാക്കിയത് 2013-ലാണ്. നിമിഷ ബെക്സണെ കാണുന്നതും പരിചയപ്പെടുന്നതും 2016 ലാണ്. പിന്നെയെങ്ങിനെ നിമിഷയുടെ മതം മാറ്റത്തിനു ബെക്സണ്‍ കാരണമാകുമെന്ന് ലോഗിന്‍ കേരളയോട് ബിന്ദു ചോദിച്ചു.

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന കാര്യങ്ങള്‍ക്ക് ഉള്ള മറുപടിയായാണ്‌ ബിന്ദു ഈ കാര്യം വ്യക്തമാക്കിയത്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് പോലെ നിമിഷയെ ഫാത്തിമയാക്കിയത് ബെക്സണേയല്ല.

നിമിഷയെ ഫാത്തിമയാക്കിയത് ബെക്സണ്‍ അല്ല 

ബെക്സണ് ഒരു മുസ്ലിം പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്നു. ആ പെണ്‍കുട്ടിയെ വിവാഹം കഴിച്ച് ആറുമാസം കഴിഞ്ഞു വിവാഹമോചനം നടത്തിയാണ് നിമിഷയെ വിവാഹം ചെയ്തത്.

ബെക്സന്റെ അച്ഛനും സ്റ്റെപ്പ് മദറിനും നിമിഷയെ മതംമാറ്റിയ മുസ്ലിം ഗ്രൂപ്പുമായി ബന്ധം കാണും. ബെക്സണിന്റെ അച്ഛന്‍ മൂന്നാമത് അടുപ്പമുണ്ടാക്കിയ ഈ സ്ത്രീയുമായി ലിവിംഗ് ടുഗതര്‍ ആയിരുന്നു. ബെക്സണും നിമിഷയും പോയതിനു ശേഷമാണ് ഇയാള്‍ ആ സ്ത്രീയെ രജിസ്റ്റര്‍ മാര്യേജ് ചെയ്തത്.

നിമിഷയെ ഫാത്തിമയാക്കിയവര്‍ സ്വതന്ത്രരായി വിഹരിക്കുന്നു

ഞാന്‍ ഇപ്പോഴും പറയുന്നത് ആരാണ് നിമിഷയെ ഫാത്തിമയാക്കിയത്. ആ കാര്യങ്ങള്‍ വെളിയില്‍ വരുകയും അവര്‍ക്ക് എതിരെ നടപടി എടുക്കുകയും വേണ്ടേ? അവര്‍ ഇവിടെ സര്‍വതന്ത്ര സ്വതന്ത്രരായി വിഹരിക്കുന്നു. നിമിഷയെ ഫാത്തിയാക്കിയ ആളുകള്‍ക്ക് ക്ലീന്‍ ചിറ്റ് ആണ് നല്‍കുന്നത്. അവര്‍ എപ്പോഴെങ്കിലും നിയമത്തിന്റെ പിടിയില്‍ വരുമോ? ഇതാണ് ഞാന്‍ ചൂണ്ടിക്കാട്ടുന്നത്.

അതേസമയം നിമിഷ ഇന്ത്യയില്‍ എത്തിയതായി ഒരു വിവരമില്ലെന്ന് ബിന്ദു പറഞ്ഞു. ഈ രീതിയില്‍ വാര്‍ത്തകള്‍ വന്നു എന്നല്ലാതെ ഒരു വിവരവും ഇതിനെക്കുറിച്ച്ഇല്ല. . താലിബാന്‍ സര്‍ക്കാര്‍ വന്നതില്‍ പിന്നെ നിമിഷയെക്കുറിച്ച് ഒരു വിവരവും ഇല്ല. സുരക്ഷിതയാണോ എന്ന് കൂടി അറിയില്ല.

ശ്രദ്ധ പ്രാര്‍ഥനയില്‍ മാത്രം

പ്രാര്‍ഥനയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഞാന്‍ മുന്നോട്ട് പോകുന്നത്. ഒന്നിനെക്കുറിച്ച് പോലും ചിന്തിക്കാതെയാണ് ജീവിതം. ദൈവം എന്റെ കൂടെയുണ്ട് എന്ന വിശ്വാസമാണ് എന്നെ നയിക്കുന്നത്. നല്ലൊരു വാര്‍ത്ത തന്നെ ദൈവം തരും എന്ന വിശ്വാസം ഒപ്പമുണ്ട്-ബിന്ദു പറയുന്നു.

അഫ്ഗാൻ ജയിലിൽ കഴിയുന്ന നിമിഷ ഫാത്തിമയെയും കുഞ്ഞിനെയും ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കണം എന്നാവശ്യപ്പെട്ട് ബിന്ദു ഹൈക്കോടതിയില്‍ ഹർജി നല്‍കിയിരുന്നു. ഈ ഹർജിയിൽ കോടതി നേരത്തെ കേന്ദ്ര സർക്കാരിനോട് നിലപാട് തേടിയിരുന്നു.

നിമിഷയെ തിരികെ കിട്ടാന്‍ ഹൈക്കോടതിയില്‍

നിമിഷയെയും കുഞ്ഞിനെയും തിരികെയെത്തിക്കാൻ സർക്കാർ നടപടി സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബിന്ദു കോടതിയെ സമീപിച്ചത്. ഇരുവരെയും ഇന്ത്യയിലെത്തിക്കാൻ കേന്ദ്ര സർക്കാരിന് നിർദേശം നൽകണമെന്നാണാവശ്യമാണ് ഹര്‍ജിയില്‍ ഉന്നയിച്ചത്. ഈ ഹര്‍ജി നിലവില്‍ ഹൈക്കോടതിയ്ക്ക് മുന്‍പാകെയുണ്ട്.

തീവ്രവാദം ചൂണ്ടിക്കാട്ടി പോലീസ് റിപ്പോര്‍ട്ട് 

ഐഎസ് ഭീകരനായിരുന്ന ബെക്സന്‍ വിന്‍സെന്റ് എന്ന ഈസയുടെ ഭാര്യയാണ് നിമിഷ. കാസര്‍കോട് പൊയിനാച്ചി സെഞ്ചുറി ഡെന്റല്‍ കോളേജ് അവസാനവര്‍ഷ വിദ്യാര്‍ഥിനിയായിരിക്കെ, 2013 സപ്തംബറിലാണ് നിമിഷ മതപരിവര്‍ത്തനം നടത്തി ഫാത്തിമയായത്.

നിമിഷ കാസര്‍കോട്ട് പഠിച്ചുകൊണ്ടിരിക്കെ കാണാതായിരുന്നു. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തിയ റിപ്പോര്‍ട്ട് ആണ് നിമിഷയുടെ കാര്യത്തില്‍ നിര്‍ണ്ണായകമായത്. നിമിഷയുടെ മതപരിവര്‍ത്തനം ഈ റിപ്പോര്‍ട്ടിലാണ് വിവരിക്കുന്നത്.

സെന്‍കുമാറിന്റെ വെളിപ്പെടുത്തല്‍ വിവാദമായി 

കാസര്‍കോട് ജില്ലാ പോലീസ് സൂപ്രണ്ട് 2015 നവംബറില്‍ അന്നത്തെ സംസ്ഥാന പോലീസ് മേധാവി ടി.പി.സെന്‍കുമാറിറിനാണ് റിപ്പോര്‍ട്ട് നല്‍കിയത്. കാസര്‍കോട് പൊയിനാച്ചി സെഞ്ചുറി ഡെന്റല്‍ കോളേജിലെ ഒരു സഹപാഠിയുമായി നിമിഷ അടുപ്പത്തിലായി. ഈ  അടുപ്പം നിമിഷയെ കടുത്ത മതവിശ്വാസിയാക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ കാര്യങ്ങള്‍ വിരമിച്ച സമയം മുന്‍ ഡിജിപി സെന്‍കുമാര്‍ പുറത്ത് വിട്ടപ്പോള്‍ അത് വിവാദവുമായി മാറി.

തിരികെ എത്താന്‍ ആഗ്രഹം പ്രകടിപ്പിച്ച് നിമിഷ

കോളേജിലെ സീനിയര്‍ വിദ്യാര്‍ഥികളും ആയിശ, മറിയ എന്നിവര്‍ വഴിയാണ് ബെക്സന്‍ വിന്‍സെന്റ് എന്ന ഈസയെ നിമിഷ ഫാത്തിമ പരിചയപ്പെടുന്നതും വിവാഹം കഴിക്കുന്നതും. ബന്ധുക്കള്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയെ തുടര്‍ന്ന് കോടതിയില്‍ ഹാജരായപ്പോള്‍ ഭര്‍ത്താവിനൊപ്പം പോകാന്‍ താത്പര്യം പറഞ്ഞപ്പോള്‍ കോടതി അന്ന് അതംഗീകരിക്കുകയായിരുന്നു.

വെറും നാലു ദിവസത്തെ പരിചയം വെച്ചാണ് അവര്‍ വിവാഹിതരായതെന്നാണ് പെണ്‍കുട്ടിയുടെ സുഹൃത്തുക്കള്‍ വീട്ടുകാര്‍ക്കു നല്‍കിയ സൂചന. അസ്വാഭാവിക സാഹചര്യത്തില്‍ കാണാതായ നിമിഷയുമായി 2016ജൂണ്‍ 4-ന് ശേഷം വീട്ടുകാര്‍ക്കു ബന്ധപ്പെടാനായിട്ടില്ല. ഇന്ത്യയിലേക്ക് തിരികെ വരാന്‍ ആഗ്രഹമുണ്ടെന്ന് നിമിഷ ഫാത്തിമ നേരത്തെ വ്യക്തമാക്കിയിരുന്നു.