മികച്ച ഓണ്‍ലൈന്‍ സേവനങ്ങള്‍ വേണമെന്ന് ഐബിഎസ് സര്‍വേയില്‍ വിമാനയാത്രികര്‍
തിരുവനന്തപുരം: മെച്ചപ്പെട്ട ഓണ്‍ലൈന്‍ സേവനങ്ങള്‍ നല്‍കുകയാണെങ്കില്‍ കൂടുതല്‍ യാത്രകള്‍ക്ക് തയ്യാറാണെന്ന് അമേരിക്കയിലെയും ബ്രിട്ടനിലെയും 93% വിമാനയാത്രികര്‍. ട്രാവല്‍ ടെക് സ്ഥാപനമായ ഐബിഎസ് സോഫ്റ്റ് വെയര്‍ ഈ രാജ്യങ്ങളില്‍ നടത്തിയ സര്‍വേയിലാണ് എയര്‍ലൈനുകള്‍ക്ക് മികച്ച സാധ്യതകള്‍ നല്‍കുന്ന പ്രതികരണമുണ്ടായത്.
യാത്രാമേഖലയില്‍ ഉണ്ടായിരുന്ന പ്രതിസന്ധികള്‍ക്കു ശേഷം ഇപ്പോള്‍ വിമാനയാത്രക്കാരില്‍ ആത്മവിശ്വാസം വളര്‍ന്നിട്ടുണ്ടെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്. 83% പേരും പറഞ്ഞത് അടുത്ത ആറു മാസത്തിനിടെ ഒരു യാത്രയെങ്കിലും നടത്താനുള്ള ടിക്കറ്റ് നോക്കുകയാണെന്നാണ്. അതേസമയം ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുന്നത് സങ്കീര്‍ണമാണെന്ന് 36% പേര്‍ വ്യക്തമാക്കുന്നു.
ഫാഷന്‍, ഭക്ഷണം എന്നീ മേഖലകളിലേതിനു സമാനമായി മികച്ച ഓണ്‍ലൈന്‍ സൗകര്യങ്ങള്‍ ലഭിച്ചാല്‍ എയര്‍ലൈനുകളില്‍ നിന്ന് കൂടുതല്‍ സേവനങ്ങള്‍ തേടാന്‍ തയ്യാറാണെന്ന് അടുത്ത കാലത്ത് വിമാനയാത്ര നടത്തിയ 56% പേരും വ്യക്തമാക്കി. എയര്‍ലൈനുകളിലൂടെ ഒഴിവുകാല യാത്രകളിലെ എല്ലാ സൗകര്യങ്ങളും ബുക്ക് ചെയ്യാന്‍ തയ്യാറാണെന്ന് സര്‍വേയില്‍ പങ്കെടുത്ത പത്തിലൊരാള്‍ വീതം പറഞ്ഞു.
ബുക്കിംഗ് സംബന്ധിച്ച എല്ലാ കണ്‍ഫര്‍മേഷനുകളും ഒന്നിച്ച് ലഭിക്കുന്നതിനോട് 24% പേര്‍ അനുകൂലമായിരുന്നു. 22% പേര്‍ക്ക് ചെലവ് ചുരുക്കുന്നതിലായിരുന്നു താല്‍പ്പര്യം. എന്തെങ്കിലും തടസ്സമുണ്ടായാല്‍ ഒരിടത്തുനിന്ന് എല്ലാ സൗകര്യങ്ങളും ലഭിക്കണമെന്നതായിരുന്നു 19% പേരുടെ അഭിപ്രായം.
ഒരിക്കല്‍ സേവനം തേടിയവരെ തുടര്‍ന്നും നിലനിര്‍ത്തുന്നത് ബിസിനസിലെ വെല്ലുവിളിയാണ്. ഈ ഉപഭോക്താക്കളെ തുടര്‍ന്നും നിലനിര്‍ത്തുന്നതിന് ബാഗേജ് സേവനങ്ങള്‍ സൗജന്യമാക്കണമെന്ന് 60% പേരും സീറ്റ് നിര്‍ണയം സൗജന്യമാക്കണമെന്ന് 51% പേരും പ്രയോറിറ്റി ബോര്‍ഡിംഗിന് മുന്‍ഗണന നല്‍കണമെന്ന് 25% പേരും അഭിപ്രായപ്പെട്ടു.
ഐബിഎസിനു വേണ്ടി സെന്‍സസ് വൈഡ് എന്ന സ്ഥാപനം കഴിഞ്ഞ ജനുവരി 9 മുതല്‍ 13 വരെ നടത്തിയ സര്‍വേയില്‍ 2000 പേരാണ് പങ്കെടുത്തത്. ഇവരില്‍ പകുതിയും കഴിഞ്ഞ ഒന്നര വര്‍ഷത്തില്‍ വിനോദാവശ്യങ്ങള്‍ക്കു വേണ്ടി യാത്ര നടത്തിയവരാണ്.
ആമസോണ്‍ നല്‍കുന്നതു പോലെയുള്ള സേവനങ്ങളില്‍ നിക്ഷേപം നടത്തി കൂടുതല്‍ വ്യവസായങ്ങള്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുമ്പോള്‍ എയര്‍ലൈനുകള്‍ അത് ചെയ്യുന്നില്ലെന്ന് ഐബിഎസ് ഐ ഫ്‌ളൈ റീട്ടെയ്ല്‍ വൈസ് പ്രസിഡന്റ് പോള്‍ ബൈണ്‍ ചൂണ്ടിക്കാട്ടി. ഇന്നത്തെ സാമ്പത്തിക പ്രതിസന്ധി ഘട്ടത്തില്‍ ഉപഭോക്താക്കളുമായി വ്യക്ത്യധിഷ്ഠിത ബന്ധങ്ങളുണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.