LogoLoginKerala

എന്‍എസ്എസ് യൂണിറ്റുകളുടെ സഹായത്തോടെ മാലിന്യം കെട്ടിക്കിടക്കുന്ന സ്ഥലങ്ങള്‍ 'സ്നേഹാരാമങ്ങളാക്കാന്‍' ഉന്നത വിദ്യാഭ്യാസ വകുപ്പ്

 
Waste


തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ വിവിധ പ്രദേശങ്ങളിലുള്ള മൂവായിരത്തോളം മാലിന്യക്കൂനകള്‍ സ്നേഹാരാമങ്ങളാക്കാന്‍ നാഷണല്‍ സര്‍വീസ് സ്കീമുമായി സഹകരിച്ച് ഉന്നതവിദ്യാഭ്യാസവകുപ്പ് പദ്ധതി രൂപീകരിച്ചു.
മാലിന്യമുക്തം നവകേരളം ക്യാമ്പയിന്‍റെ ഭാഗമായാണ് പരിപാടി.

ഒരു മാലിന്യക്കൂന സ്നേഹാരാമം ആക്കി മാറ്റാന്‍ 5000 രൂപയാണ് സംസ്ഥാന ശുചിത്വ മിഷന്‍ വകയിരുത്തിയിട്ടുള്ളത്. ബാക്കി വരുന്ന തുക സ്പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്താമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ഇതിനു പുറമെ തദ്ദേശ സ്ഥാപനത്തിന്‍റെ ഫണ്ടും ഉപയോഗപ്പെടുത്താം.

മാലിന്യക്കൂനകള്‍ നീക്കം ചെയ്തതിനു ശേഷം പച്ചത്തുരുത്ത്, പാര്‍ക്ക്, തണലിടങ്ങള്‍, പൂന്തോട്ടം എന്നിവയ്ക്ക് പുറമെ പാഴ് വസ്തുക്കള്‍ കൊണ്ട് വോളണ്ടിയര്‍മാരുടെ സര്‍ഗ്ഗാത്മകതയ്ക്കനുസരിച്ച് ഇന്‍സ്റ്റലേഷനും നിര്‍മ്മിക്കാവുന്നതാണ്. മതിലുകളില്‍ കലാസൃഷ്ടികളും നടത്താം. ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ട് മുതല്‍ ഡിസംബര്‍ 31 വരെയാണ് ഈ പരിപാടിയുടെ കാലാവധി. ജനുവരി ഒന്നിന് സ്നേഹാരാമങ്ങള്‍ നാടിന് സമര്‍പ്പിക്കും. സ്നേഹാരാമങ്ങളുടെ തുടര്‍ പരിപാലനവും എന്‍എസ്എസിനെ തന്നെ ഏല്‍പ്പിക്കും.

മാലിന്യക്കൂനകളുള്ള സ്ഥലം കണ്ടെത്തുന്നതിനും അതിന്‍റെ തുടര്‍നടപടികള്‍ക്കുമായി തദ്ദേശസ്ഥാപന പ്രതിനിധികള്‍, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാര്‍, യൂണിറ്റ് സെക്രട്ടറിമാര്‍, മാലിന്യമുക്ത കേരളം ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗം ഉടന്‍ നടത്തണം. സെപ്തംബര്‍ 30 നകം എല്ലാ തദ്ദേശ സ്ഥാപനങ്ങളും മാലിന്യക്കൂനകളുടെ വിശദാംശങ്ങള്‍ നിശ്ചിത ഫോര്‍മാറ്റില്‍ സമര്‍പ്പിക്കേണ്ടതാണ്. ഇങ്ങനെയുള്ള സ്ഥലങ്ങള്‍ കണ്ടെത്തുന്നതിനുള്ള ചുമതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അവയുടെ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന എന്‍എസ്എസ് യൂണിറ്റുകളും ചേര്‍ന്ന് നിര്‍വഹിക്കും.