തമിഴകത്ത് തുടരുമോ അരികൊമ്പൻ ?

നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ, തിരുനെൽവേലി കളക്കാട് മുണ്ടൻതുറൈ കടുവ സങ്കേതത്തിൽ തുറന്നു വിട്ട അരികൊമ്പൻ ഇപ്പോൾ കോതയാർ അണക്കെട്ടിന്റെ സമീപപ്രദേശത്താണ്. മണിമുത്താറിൽ നിന്ന് ഏഴ് മണിക്കൂർ യാത്ര ചെയ്ത്, ഏറെ അവശനായാണ് അപ്പർ കോതയാറിൽ എത്തിയത്. കാലിലും തുമ്പിക്കൈയിലുമുള്ള മുറിവിൽ മരുന്ന് വച്ച് പുലർച്ചെ രണ്ട് മണിയോടെയാണ് ഉൾവനത്തിലേക്ക് തുറന്നുവിട്ടത്. ഈ ആവാസവ്യവസ്ഥയുമായി അരികൊമ്പൻ യോജിക്കുമോ എന്നാണ് വനം വകുപ്പ് ഉറ്റുനോക്കുന്നത്. മുറിവിൽ മരുന്ന് വച്ച് പുതിയ ആവാസവസ്ഥയിലേക്ക് എത്തിയ അരികൊമ്പൻ ഉഷാറെന്നാണ് വനംവകുപ്പ് അറിയിക്കുന്നത്. എന്നാൽ പുതിയ ഇടത്ത് അരിക്കൊമ്പൻ തുടരുമോ എന്നതാണ് സംശയം..
ശെന്തുരുണി വനമേഖലയ്ക്കും നെയ്യാർ വനമേഖലയ്ക്കും ഇടയിലാണ് അരിക്കൊമ്പനെ തുറന്നുവിട്ടിരിക്കുന്നത്. കടുവാസങ്കേതമായ മുണ്ടൻതുറൈയിൽ നിലവിൽ 20 കടുവകളുണ്ടെന്നാണ് തമിഴ്നാട് വനം വകുപ്പിന്റെ കണക്ക്. കടുവകൾ കാട്ടാനകളെ ആക്രമിച്ച സംഭവങ്ങൾ നിരവധിയാണ്. ഈ സാഹചര്യത്തിൽ ശെന്തുരുണിക്ക് അപ്പുറമുള്ള തെന്മലയിലേക്കും , നെയ്യാറിന് അപ്പുറം പൊൻമുടിയിലേക്കും അരിക്കൊമ്പൻ കടക്കാനുള്ള സാധ്യത വനംവകുപ്പ് തള്ളികളയുന്നില്ല. ദിവസം 40 മുതൽ 100 കിലോമീറ്ററിലേറെ സഞ്ചരിക്കുന്നതിനാൽ ഈ സാധ്യത ഏറെയാണ്. ഉൾവനത്തിൽ തുറന്നു വിട്ടാലും ജനവാസമേഖലയിലേക്ക് കാട്ടാന വരുമെന്ന് തെളിഞ്ഞിരുന്നു. തിരുനെൽവേലിക്കടുത്ത് കുറ്റിയാർ, കോതയാർ, ആനനിർത്തി വനമേഖലകളിലൂടെ സഞ്ചരിച്ചാൽ വീണ്ടും കേരളത്തിലെത്തുമെന്ന് ചുരുക്കം. അതിർത്തി പ്രദേശമായ ആനനിർത്തിയിലേക്ക് നീങ്ങാനും സാധ്യതയേറെ. ഈ പ്രദേശത്തിന്റെ ഒരു ഭാഗം ജനവാസമേഖലയുമാണ്. പേപ്പാറ വന്യജീവി സങ്കേതത്തിന്റെ പരിധിയിൽപ്പെടുന്ന പാണ്ടിപ്പത്ത് വഴിയും അരിക്കൊമ്പന് കേരളത്തിലേക്ക് എത്താൻ സാധ്യതയേറെ. അഗസ്ത്യാർ വനമേഖല ഭാഗത്ത് ചെങ്കുത്തായ പ്രദേശങ്ങളുള്ളതിനാൽ ഈ വഴി അരികൊമ്പൻ നീങ്ങാനുള്ള സാധ്യത കുറവാണ്. അരി തേടി ജനവാസമേഖലയ്ക്കിറങ്ങുന്ന ശീലമുള്ളതിനാൽ തെന്മല പൊൻമുടി നെയ്യാർ മേഖലയിലെ ഉദ്യോഗസ്ഥർ ജാഗ്രതയിലാണ്.
ഇതിനിടെ ചിന്നക്കനാലിലേക്ക് അരിക്കൊമ്പനെ തിരികെയെത്തിക്കണമെന്ന ആവശ്യവുമായി നിരവധി പേരാണ് രംഗത്തുള്ളത്. ചിന്നക്കനാലിലെ ആദിവാസി മേഖലയിലെ അഞ്ച് കുടികളിൽ നിന്നുള്ളവർ ഇക്കാര്യം ചൂണ്ടികാട്ടി പ്രതിഷേധിക്കുന്നത് തുടരുകയാണ്. അരിക്കൊമ്പനെ ഉപദ്രവിക്കുന്നുവെന്നും , തുടർച്ചയായുള്ള സ്ഥലംമാറ്റം അരിക്കൊമ്പന്റെ ആരോഗ്യസ്ഥിതിയെ ബാധിക്കുന്നുവെന്നുമാണ് ഇവരുടെ ആരോപണം. എന്നാൽ ആശങ്കയുടെ ആവശ്യമില്ലെന്നും തമിഴകത്ത് തന്നെ അരിക്കൊമ്പൻ സുരക്ഷിതമായിരിക്കുമെന്നുമാണ് വനംവകുപ്പിന്റെ നിലപാട്.