സംസ്ഥാനത്ത് ഇന്നും വ്യാപക മഴക്ക് സാധ്യത ; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ആലപ്പുഴ, ഇടുക്കി എന്നീ രണ്ടു ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഇവിടെ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ മഴ ലഭിക്കാനാണ് സാധ്യത.
ഇന്നലെ രാത്രി തിരുനന്തപുരത്ത് ഉള്‍പ്പടെ തെക്കന്‍ കേരളത്തില്‍ മഴ ലഭിച്ചിരുന്നു. തിരുവനന്തപുരം നഗരത്തില്‍ ഒരു മണിക്കൂറോളം തുടര്‍ച്ചയായി മഴ പെയ്തു. ഗ്രാമപ്രദേശങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചു. അതേസമയം, സെപ്റ്റംബറിലും സംസ്ഥാനത്ത് മഴ സാധ്യത വളരെ കുറവെന്നാണ് കാലാവസ്ഥ വിഭാഗത്തിന്റെ പ്രവചനം. എന്നാൽ കടുത്ത ചൂടിനിടെ മൂന്ന് ദിവസമായി സംസ്ഥാനത്ത് പല ഭാഗത്തും മഴ ലഭിച്ചത് ആശ്വാസമായി.
ഭൂരിഭാഗം മേഖലയിലും സാധാരണ സെപ്റ്റംബറില്‍ ലഭിക്കേണ്ട മഴയെക്കാള്‍ കുറവ് ലഭിക്കാനാണ് സാധ്യത. ഒറ്റപ്പെട്ട ചില മേഖലയില്‍ സാധാരണ മഴ ലഭിക്കുമെന്നും കാലാവസ്ഥ വിഭാഗം സൂചന നല്‍കുന്നുണ്ട്.