വിജിലന്‍സ് അന്വേഷണം അഴിമതിയുടെ തെളിവു നശിപ്പിക്കാന്‍: കെ സുരേന്ദ്രന്‍

തിരുവനന്തപുരം- എ ഐ ക്യാമറ വിവാദത്തില്‍ നടക്കുന്ന വിജിലന്‍സ് അന്വേഷണം അഴിമതിയുടെ തെളിവ് നശിപ്പിക്കാന്‍ വേണ്ടിയാണെന്ന് ബി ജെ പി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍. വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസില്‍ അഴിമതിയുടെ തെളിവുകള്‍ നശിപ്പിക്കാനാണ് വിജിലന്‍സ് ശ്രമിച്ചത്. സര്‍ക്കാരിന്റെ അഴിമതികള്‍ക്ക് ചൂട്ട് പിടിക്കുന്ന പണിയാണ് വിജിലന്‍സിനുള്ളത്. കരാര്‍ റദ്ദാക്കി ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയാറാവണമെന്നും അല്ലെങ്കില്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് അന്വേഷണം കൈമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പിണറായി വിജയന്‍-ശിവശങ്കര്‍ ടീമിന്റെ തീവെട്ടിക്കൊള്ളയുടെ മറ്റൊരു അധ്യായമാണ് എഐ ക്യാമറ തട്ടിപ്പ്. എഐ ക്യമാറ വാവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മിണ്ടാത്തത് അഴിമതിയില്‍ അദ്ദേഹത്തിന്റെ ഓഫിസിനും പങ്കുള്ളത് കൊണ്ടാണ്. പ്രസാഡിയോ കമ്പനിക്ക് മുഖ്യമന്ത്രിയുടെ ബന്ധുവുമായുള്ള ബന്ധം പുറത്തുവന്നിരിക്കുകയാണ്. കള്ളന്‍ കപ്പലില്‍ തന്നെയാണുള്ളത്. പ്രസാഡിയോ ഡയറക്ടര്‍ പ്രകാശ് ബാബുവുമായുള്ള മുഖ്യമന്ത്രിയുടെ ബന്ധം അദ്ദേഹം തുറന്നു പറയണം. പ്രസാഡിയോ കമ്പനിയുടെ സമീപകാലത്തെ സമ്പത്തിക വളര്‍ച്ച ഞെട്ടിക്കുന്നതാണ്. 2019ല്‍ തന്നെ ട്രോയ്‌സ് ക്യാമറയുടെ ടെസ്റ്റ് റണ്‍ നടത്തിയത് കരാര്‍ കിട്ടുമെന്ന ബോധ്യമുള്ളത് കൊണ്ടാണെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവര്‍ക്കും അറിയാമെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.