LogoLoginKerala

തനിക്കെതിരെ പോസ്റ്റര്‍ പതിച്ചതും വിഷ്വല്‍ പ്രചരിപ്പിച്ചതും ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍

അന്വേഷണത്തിന് തയ്യാറുണ്ടോ എന്ന് മന്ത്രി വീണാ ജോര്‍ജിന്റെ വെല്ലുവിളി
 
veena george

മാനന്തവാടി- ഓര്‍ത്തഡോക്‌സ് സഭയുമായി ബന്ധപ്പെട്ട പോസ്റ്റര്‍വിവാദത്തിന് പിന്നില്‍ ഏഷ്യാനെറ്റ് ലേഖകനാണെന്ന് മന്ത്രി വീണാ ജോര്‍ജ്. പോസ്റ്റൊറൊട്ടിച്ച് വ്യാജ വാര്‍ത്ത സൃഷ്ടിച്ച് മതിയായില്ലേയെന്ന് വീണാ ജോര്‍ജ് ഏഷ്യാനെറ്റിനോട് ചോദിച്ചു. രാത്രിയില്‍ പോസ്റ്ററൊട്ടിക്കുന്നത് ഏഷ്യാനെറ്റ് റിപ്പോര്‍ട്ടറടക്കമുള്ള സംഘമാണ്. അതിന്റെ വിഷ്വല്‍ മൊബൈലില്‍ പകര്‍ത്തി മറ്റ് ചാനലുകള്‍ക്കും അയച്ചുകൊടുക്കുകയായിരുന്നു. മാധ്യമ പ്രവര്‍ത്തകയായിരുന്ന താന്‍ ഇതേക്കുറിച്ച് പത്തനംതിട്ടയില്‍ അന്വേഷിച്ചപ്പോള്‍ എല്ലാ ചാനലുകള്‍ക്കും ഏഷ്യാനെറ്റ് ലേഖകനാണ് വിഷ്വല്‍ അയച്ചുകൊടുത്തതെന്ന് മനസ്സിലായി. രാത്രി പോസ്റ്റര്‍ പതിച്ചവരുടെ കൂട്ടത്തില്‍ ഈ ലേഖകനും ഉണ്ടായിരുന്നുവെന്നും അറിയാന്‍ കഴിഞ്ഞു. താന്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോഴും ഏഷ്യാനെറ്റ് ലേഖകന്‍ ഇതേ രീതിയില്‍ പോസ്റ്റര്‍ പതിച്ച് വീഡിയോ എടുത്ത് എല്ലാവര്‍ക്കും അയച്ചുകൊടുത്തിരുന്നു. അന്ന് താന്‍ മാധ്യമ മേഖലയില്‍ സജീവമായിരുന്നതിനാല്‍ കൃത്യമായി ആളെ മനസ്സിലാക്കാന്‍ കഴിഞ്ഞു. അതിന്റെ തെളിവുകള്‍ ഇപ്പോഴും കൈയിലുണ്ട്. വ്യാജവാര്‍ത്തയുടെ പേരില്‍ അന്വേഷണം നേരിടുന്ന ഏഷ്യാനെറ്റിന് വ്യാജവാര്‍ത്ത നിര്‍മിച്ച് മതിയായില്ലേ എന്ന് വീണാ ജോര്‍ജ് ചോദിച്ചു.
പോസ്റ്ററില്‍ പറയുന്നതു പോലെ ഓര്‍ത്തഡോക്‌സ് യുവജനം എന്നൊരു പ്രസ്ഥാനം ഇല്ല. തെരഞ്ഞെടുപ്പില്‍ ആര് തന്നെ പിന്തുണച്ചു എന്നും ആര് പിന്തുണച്ചില്ല എന്നതും നാട്ടുകാര്‍ക്ക് അറിയാം. ഉത്തരവാദിത്തപ്പെട്ടവര്‍ക്ക് പ്രതിഷേധം ഉണ്ടെങ്കില്‍ തന്നെ നേരിട്ട് അറിയിക്കാം. സഭയുടെ വിയര്‍പ്പിലും വോട്ടിലും മന്ത്രിയായ വീണ ജോര്‍ജ് മൗനം വെടിയണം' എന്നാണ് പോസ്റ്റര്‍. പത്തനംതിട്ടയിലെ വിവിധ ഓര്‍ത്തഡോക്‌സ് പള്ളികളുടെ മുന്നിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. 'ഓര്‍ത്തഡോക്‌സ് യുവജനം' എന്ന പേരിലാണ് പോസ്റ്റര്‍ പതിപ്പിച്ചിരിക്കുന്നത്. പിണറായി വിജയന്‍ നീതി നടപ്പിലാക്കണമെന്നും പോസ്റ്ററിലുണ്ട്. ഞായറാഴ്ച പുലര്‍ച്ചെയാണ് പോസ്റ്റുകള്‍ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. വയനാട്ടിലേക്കുള്ള യാത്രയ്ക്കിടെ ഇന്ന് രാവിലെയാണ് പോസ്റ്റര്‍ ഒട്ടിച്ച വിവരം തന്നെ ഒരാള്‍ വിളിച്ചു പറഞ്ഞതെന്നും വീണാ ജോര്‍ജ് പറഞ്ഞു.