LogoLoginKerala

ഹർജിക്കാരനെതിരെ പേപ്പട്ടി പരാമർശം: ലോകായുക്ത മാപ്പുപറയണമെന്ന് വി ഡി സതീശൻ

 
VD Satheesan
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുർവിനിയോഗം ചെയ്തതിനെതിരെ ഹർജി നൽകിയ ആർ.എസ്.ശശികുമാറിനെതിരെ ലോകായുക്ത നടത്തിയ പരാമർശം അനൗചിത്യവും ലോകായുക്തയുടെ പദവിക്ക് നിരക്കാത്തതുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഹർജിക്കാരനെ തെരുവു നായയോട് ഉപമിച്ചത് പൊറുക്കാനാകാത്തതാണ്. ശശികുമാർ അർപ്പണ ബോധമുള്ള പൊതുപ്രവർത്തകനാണ്. ലോകായുക്ത വാക്കുകൾ പിന്‍വലിച്ച് മാപ്പ് പറയണം. ലോകായുക്ത വിധിയെ വിമർശിക്കാൻ പാടില്ല എന്നു പറയുന്നത് ശരിയല്ല. വിധിയെ വിമർശിക്കാം, വിധി പറഞ്ഞ ജഡ്ജിയെ വ്യക്തിപരമായി വിമർശിക്കാൻ പാടില്ല എന്നാണ് സുപ്രീംകോടതി വിധി.
സുപ്രീം കോടതി വിധി പോലും രാജ്യത്ത് വിമര്‍ശന വിധേയമാക്കാറുണ്ട്. ഒന്നര പേജ് വിധിയെഴുതാൻ എന്തിനാണ് ലോകായുക്ത ഒന്നര വർഷം കാത്തിരുന്നതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. നീതി സംവിധാനത്തോടുള്ള വിശ്വാസ്യത നഷ്ടമാക്കുന്ന പ്രയോഗമാണ് ലോകായുക്ത നടത്തിയത്. ഹർജിക്കാരനെ നായയെന്നു വിളിക്കാൻ ആർക്കും അധികാരമില്ല. ജഡ്ജിമാർ ആരും ഇതുവരെ ഇത്തരം വാക്കുകൾ ഉപയോഗിച്ചിട്ടില്ല. ഹർജിക്കാരെ ഇത്തരം വാക്കുകൾ ഉപയോഗിച്ചാൽ ആളുകൾ എങ്ങനെ ലോകായുക്തയെ സമീപിക്കുമെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. 
ലോകായുക്തയിൽ കേസുകൾ കുറഞ്ഞ് വരുന്നത് നാട്ടിൽ അഴിമതിയില്ലാത്തതു കൊണ്ടല്ല, അഴിമതി നിരോധന സംവിധാനത്തിൻറെ വിശ്വാസ്യത കുറയുന്നതു കൊണ്ടാണ്. ജഡ്ജിയെയല്ല ജഡ്ജ്മൻറിനെയാണ് ഹർജിക്കാരൻ വിമർശിച്ചതെന്നും സതീശൻ പറഞ്ഞു.ബിജെപിയെ പിന്തുണക്കുന്ന മതമേലധ്യക്ഷന്മാരുടെ നിലപാട് യുഡിഎഫിനെ രാഷ്ട്രീയമായി ബാധിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. കേരളത്തില്‍ 10 ശതമാനം വോട്ടാണ് ബിജെപിക്ക് ലഭിക്കുന്നത്. 90 ശതമാനം ഹിന്ദുക്കളും ബിജെപി വിരുദ്ധരാണെന്നും വി ഡി സതീശന്‍ അഭിപ്രായപ്പെട്ടു. അവര്‍ എല്‍ഡിഎഫിനും യുഡിഎഫിനും മാത്രമേ വോട്ട് ചെയ്യുകയുള്ളൂ. മധ്യതിരുവിതാംകൂറിലെ മിക്ക ആരാധനാലയങ്ങള്‍ക്കും നേരെ നടക്കുന്ന ആക്രമണങ്ങള്‍ക്ക് പിന്നില്‍ ആര്‍എസ്എസ് ആണെന്നും വി ഡി സതീശന്‍ ചൂണ്ടിക്കാട്ടി.
'ഇപ്പോള്‍ നടത്തിയ ബിജെപി അനുകൂല പ്രസ്താവനകളൊക്കെ ഒന്നോ രണ്ടോ മതമേലധ്യക്ഷന്മാര്‍ മാത്രമേ നടത്തിയിട്ടുള്ളൂ. ബിജെപി ഇതൊക്കെ ഓര്‍ത്താല്‍ നന്ന്. ഇതൊന്നും യുഡിഎഫിനെ ഒരു രീതിയിലും ബാധിക്കില്ല' വി ഡി സതീശന്‍ പറഞ്ഞു. ഹിന്ദുക്കളുടെ അട്ടിപ്പേറവകാശം ആര്‍എസ്എസ് ഏറ്റെടുക്കേണ്ടതില്ലെന്നും വി ഡി സതീശന്‍ വിമര്‍ശിച്ചു.മദര്‍ തെരേസയുടെ ഭാരതരത്‌നം തിരിച്ചുവാങ്ങണം എന്ന് പറഞ്ഞതും ഇതേ ബിജെപിയാണ്. വിഴിഞ്ഞം സമരത്തെ സിപിഐഎമ്മുമായി ചേര്‍ന്ന് വര്‍ഗീയ വല്‍ക്കരിച്ചത് ബിജെപിയാണെന്നും വി ഡി സതീശന്‍ പറഞ്ഞു.
' ഇന്ത്യയിലെ ക്രൈസ്തവര്‍ വ്യാപകമായി വേട്ടയാടപ്പെടുന്നുവെന്നത് യാഥാര്‍ത്ഥ്യമാണ്. ഇത് അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് 79 ക്രൈസ്തവ സംഘടനകളാണ് ഡല്‍ഹിയില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. ഇക്കഴിഞ്ഞ ദിവസം കര്‍ണാടകയിലെ മന്ത്രി മുനിയപ്പ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഇടയില്‍ പറഞ്ഞത് ക്രിസ്ത്യാനികള്‍ വീട്ടിലേക്ക് വന്നാല്‍ തല്ലിയോടിക്കണം എന്നാണ്. കഴിഞ്ഞ മാസം ഇക്കാര്യങ്ങള്‍ ചൂണ്ടികാട്ടി മുന്‍ ബ്യൂറോക്രാറ്റുകള്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.'- വി ഡി സതീശന്‍ പറഞ്ഞു.