കൈതോലപ്പായയിലെ കോടികള്‍; അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ്

ന്യൂഡല്‍ഹി- ദേശാഭിമാനിയുടെ മുന്‍ പത്രാധിപ സമിതി അംഗത്തിന്റെ വെളിപ്പെടുത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര മന്ത്രിസ്ഥാനം രാജിവച്ച് അന്വേഷണം നേരിടണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കെ പി സി സി അദ്ധ്യക്ഷന്‍ കെ സുധാകരനെതിരെ കേസെടുക്കുന്നതിലെ താത്പര്യം ഇപ്പോഴുമുണ്ടോയെന്നും ഇരട്ടനീതി പാടില്ലെന്നും അദ്ദേം മാദ്ധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ദിവസം കേരളത്തെ മുഴുവന്‍ ഞെട്ടിക്കുന്ന ഒരു വെളിപ്പെടുത്തല്‍ നടത്തിയത് ദേശാഭിമാനിയുടെ പത്രാധിപ സമിതി അംഗമായിരുന്ന ജി ശക്തിധരനാണ്. മുഖ്യമന്ത്രിക്കെതിരെ ഗുരുതരമായ ആരോപണമാണ് ഉന്നയിച്ചത്. അദ്ദേഹം പാര്‍ട്ടി സെക്രട്ടറിയായിരുന്ന സമയത്ത് കലൂരിലെ ദേശാഭിമാനി ഓഫീസില്‍, വിവിധ ആളുകളില്‍ നിന്ന് ശേഖരിച്ച പണം ഒരു കൈതോലയില്‍ കെട്ടി കാറില്‍ കയറ്റി തിരുവനന്തപുരത്തേക്ക് കൊണ്ടുപോയെന്നാണ്. പിണറായി മന്ത്രിസഭയിലെ ഒരംഗം കൂടി കാറിലുണ്ടായിരുന്നെന്നാണ് വെളിപ്പെടുത്തല്‍. നിസാര തുകയല്ല കൈതോലയില്‍ കെട്ടിക്കൊണ്ടുപോയത്. രണ്ട് കോടി മുപ്പത്തിയഞ്ച് ലക്ഷം രൂപയാണ് കൊണ്ടുപോയത്. തിരുവനന്തപുരത്ത് വേറൊരു ഇരുപത് ലക്ഷം കൂടി വാങ്ങിച്ചതിന്റെ കണക്കും പുറത്തുവിട്ടിട്ടുണ്ട്. തിരുവനന്തപുരം മുതല്‍ ടൈം സ്‌ക്വയര്‍ വരെ അറിയപ്പെടുന്നയാള്‍ക്കെതിരെയാണ് ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്. എന്തുകൊണ്ടാണ് ശക്തിധരന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം നടത്താത്തതെന്നും ആഭ്യന്തര വകുപ്പ് മന്ത്രിയുടെ പദവിയില്‍ നിന്ന് മാറി നിന്ന് അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി തയാറുണ്ടോയെന്നും വിഡി സതീശന്‍ ചോദിച്ചു.എവിടേക്കാണ് ഈ പണം പോയത്. ആരില്‍ നിന്നാണ് ഈ പണം കിട്ടിയത്. ഇതിനെക്കുറിച്ച് അന്വേഷണം നടത്തണം. അതില്‍ അന്വേഷണം നടത്താന്‍ ധൈര്യമുണ്ടോയെന്ന് മുഖ്യമന്ത്രിയെ വെല്ലുവിളിക്കുകയാണെന്ന് സതീശന്‍ പറഞ്ഞു.
ബംഗലുരുവിലൈ മാധ്യമ പ്രവര്‍ത്തകയായ സന്ധ്യ രവിശങ്കറിന്റെ വെളിപ്പെടുത്തലിലും അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. അല്ലെങ്കില്‍ അവര്‍ക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് മുതലാളിമാരുമായി ചേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ 1500 ഏക്കര്‍ സ്ഥലം തമിഴ്‌നാട്ടിലും കേരളത്തിലും സ്വന്തമാക്കിയെന്നാണ് സന്ധ്യ രവിശങ്കറിന്റെ വെളിപ്പെടുത്തല്‍.