ജി ശക്തിധരന്റെ വെളിപ്പെടുത്തലില്‍ കേസെടുക്കണം; വി ഡി സതീശന്‍
കേസെടുത്തില്ലെങ്കില്‍ നിയമനടപടി
കൊച്ചി- ദേശാഭിമാനി അസോസിയേറ്റ് എഡിറ്ററും പിണറായി വിജയന്‍ ഉള്‍പ്പടെയുള്ള സി.പി.എം നേതാക്കളുടെ സന്തതസഹചാരിയുമായിരുന്ന ജി ശക്തിധരന്റെ സുപ്രധാനമായ രണ്ട് വെളിപ്പെടുത്തലുകളിലും അടിയന്തിരമായി കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു. കള്ളപ്പണം കടത്തും കെ.പി.സി.സി അധ്യക്ഷനെ കൊലപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്നുമുള്ള വെളിപ്പെടുത്തലുകളില്‍ കേസെടുക്കാന്‍ തയാറല്ലെങ്കില്‍ കോണ്‍ഗ്രസും യു.ഡി.എഫും നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ഹീനമായ ആക്രമണമാണ് സി.പി.എം ശക്തിധരനെതിരെ നടത്തുന്നത്. സി.പി.എം ഇതിനൊക്കെ മറുപടി പറയേണ്ടി വരും. എ.കെ.ജി സെന്ററില്‍ ഇരുന്നു കൊണ്ടാണ് മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ അവര്‍ക്കെതിരെ പറയുന്ന എല്ലാവരെയും വേട്ടയാടുന്നത്. എന്തെല്ലാം വൃത്തികേടുകളാണ് എഴുതി വിടുന്നത്? രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ എന്തും ചെയ്യാന്‍ മടിക്കാത്ത വൃത്തികെട്ട പാര്‍ട്ടിയാണ് സി.പി.എം. സുധാകരനെ കൊല്ലാന്‍ പറ്റാത്തത് കൊണ്ടാണ് ഇപ്പോള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്.
കൈതോലപ്പായ വെളിപ്പെടുത്തലില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള പരാതിയിലെ ഒച്ചിഴയുന്ന വേഗത്തിലാണ് നീങ്ങുന്നത്. പരീക്ഷ എഴുതാതെ ഒരുത്തന്‍ പാസായവന്‍ കൊടുത്ത കേസില്‍ മാധ്യമ പ്രവര്‍ത്തകയ്ക്കെതിരെ കേസെടുത്തു. പക്ഷെ പരീക്ഷ എഴുതാത്തവനെതിരെ ഇതുവരെ കേസില്ല. ഇരട്ടനീതിയാണ് കേരളത്തില്‍ നടക്കുന്നത്. സുധാകരനെതിരെ വ്യാജ വാര്‍ത്ത നല്‍കിയ ദേശാഭിമാനിക്കും അത് ആവര്‍ത്തിച്ച ഗോവിന്ദനും എതിരെ കേസില്ല. വ്യാജ വാര്‍ത്തയ്ക്ക് എതിരെ കെ.പി.സി.സി നല്‍കിയ പരാതിയിലും കേസില്ല. സി.പി.എം സംസ്ഥാന സെക്രട്ടറിക്കും സെക്രട്ടേറിയറ്റിനുമൊന്നും ഒരു കാര്യവുമില്ല. മുഖ്യമന്ത്രിയെ പോലും ഹൈജാക്ക് ചെയ്യുന്ന ഒരു സംഘം മുഖ്യമന്ത്രിയുടെ ഓഫീസില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മുഖ്യമന്ത്രിയെ നിഷ്‌ക്രിയനാക്കി അവരുടെ കയ്യിലേക്ക് കേരളത്തിന്റെ ഭരണം പോകുകയാണ്. ഈ ഗൂഡസംഘം സി.പി.എമ്മിന്റെ ശവപ്പെട്ടിയിലെ അവസാന ആണിയും അടിക്കുമെന്ന് സതീശന്‍ പറഞ്ഞു.