LogoLoginKerala

ബി ജെ പിയില്‍ അഴിച്ചുപണി വരുന്നു, വി മുരളീധരന്‍ പ്രസിഡണ്ടാകും

സുരേഷ് ഗോപിയെ കാത്തിരിക്കുന്നത് കേന്ദ്രമന്ത്രിസ്ഥാനം
 
suresh gopi


കൊച്ചി-നാല് സംസ്ഥാനങ്ങളിലെ ബി ജെ പി അധ്യക്ഷന്മാരെ മാറ്റിയതിന് പിന്നാലെ കേരളത്തിലെ ബി ജെ പി തലപ്പത്തും മാറ്റം വരുന്നു. നിലവിലുള്ള പ്രസിഡണ്ട് കെ സുരേന്ദ്രനെ ദേശീയ നിര്‍വാഹക സമിതി അംഗമാക്കി കേന്ദ്രമന്ത്രി വി മുരളീധരന് വീണ്ടും സംസ്ഥാന ബി ജെ പിയുടെ ചുമതല നല്‍കാനാണ് ദേശീയനേതൃതലത്തില്‍ ധാരണയായതെന്നാണ് വിവരം. വരുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ അക്കൗണ്ട് തുറക്കുകയെന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് ബിജെപിയുടെ പുതിയ നീക്കം.

ഈ മാസം 24 ന് പത്ത് സംസ്ഥാനങ്ങളില്‍ രാജ്യസഭാംഗങ്ങളുടെ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ പകരക്കാരെ കേന്ദ്രമന്ത്രിസഭയിലേക്ക് അയക്കും. ഈ ഘട്ടത്തില്‍ സുരേഷ് ഗോപിയെ കേന്ദ്രമന്ത്രിയാക്കി തൃശ്ശൂരില്‍ സ്ഥാനാര്‍ത്ഥിയാക്കാനും ദേശീയ നേതൃത്വം ലക്ഷ്യമിടുന്നുണ്ട്. മന്ത്രിയാക്കിയ ശേഷം തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നത് അദ്ദേഹത്തിന്റെ വിജയസാധ്യത വര്‍ധിപ്പിക്കുമെന്നാണ് വിലയിരുത്തല്‍. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇതു സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകും. കാത്തിരിക്കാന്‍ സുരേഷ്ഗോപിക്ക് കേന്ദ്രനേതൃത്വം നിര്‍ദേശം നല്‍കിയതാണ് വിവരം. സിനിമാ ചിത്രീകരണ തിരക്കുകളില്‍ തുടരുന്ന സുരേഷ് ഗോപിയോട് ഈ മാസം 20ന് ശേഷം മറ്റ് തിരക്കുകളില്‍ നിന്ന് മാറി നില്‍ക്കാനും ദേശീയ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ടത്രെ.

 മുന്‍ സംസ്ഥാന പ്രസിഡന്റായിരുന്ന വി മുരളീധരന്‍ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരുന്നത് സംസ്ഥാന നേതൃത്വത്തിനിടയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന വിഭാഗീയ പ്രശ്നങ്ങള്‍ക്ക് തടയിടാന്‍ ഒരു പരിധി വരെ സാധിക്കുമെന്നും ദേശീയ നേതൃത്വം കരുതുന്നു. സമീപകാലത്ത് തിരഞ്ഞെടുപ്പിലുണ്ടായ പാളിച്ചകളടക്കം കണക്കിലെടുത്ത് പാര്‍ട്ടിയില്‍ തിരുത്തല്‍ നടപടികള്‍ വേണമെന്ന ആവശ്യം ശഖ്തമായുയര്‍ന്നെങ്കിലും സംസ്ഥാന അധ്യക്ഷനെ മാറ്റുന്ന കാര്യത്തില്‍ ദേശീയ നേതൃത്വം വിമുഖത പ്രകടിപ്പിച്ചിരുന്നു. സുരേന്ദ്രനെതിരേ പാര്‍ട്ടിയിലെ വിമതപക്ഷം സ്വീകരിക്കുന്ന നിലപാടില്‍ അവര്‍ അയവ് വരുത്തിയുമില്ല.എന്നാല്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ പുതിയ നേതൃത്വം ഉണ്ടാകണമെന്നും അവരുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പിനെ നേരിടണമെന്നുമുള്ള ദേശീയ അധ്യക്ഷന്റെ നിലപാടാണ് ഇപ്പോള്‍ സുരേന്ദ്രന് തിരിച്ചടിയായത്.