LogoLoginKerala

ഏക സിവില്‍ കോഡ്: മുസ്ലീം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ സെമിനാറില്‍ സിപിഎം പങ്കെടുക്കും

 
CPM

കേന്ദ്ര സര്‍ക്കാരിന്റെ ഏക സിവില്‍ കോഡിനെതിരെ മുസ്ലീം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന സെമിനാറില്‍ സിപിഎം പങ്കെടുക്കും. ജനങ്ങളെ വിഭജിക്കാനുള്ള നീക്കത്തിനെതിരായ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് സിപിഎം നേതൃത്വം അറിയിച്ചു.

ജൂലായ് 26-ാം തീയതിയാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. സെമിനാറില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിച്ച് സിപിഎം അടക്കമുള്ള പാര്‍ട്ടികള്‍ക്ക് മുസ്ലീം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ക്ഷണക്കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സെമിനാറില്‍ പങ്കെടുക്കുന്ന വിവരം സിപിഎം നേതൃത്വം അറിയിച്ചത്.

യുഡിഎഫിന്റെ ഭാഗമായി നില്‍ക്കുന്ന പശ്ചാത്തലത്തില്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്നായിരുന്നു ലീഗ് നേതൃത്വത്തിന്റെ വിശദീകരണം. ഇതിന് പിന്നാലെ ഏക സിവില്‍ കോഡിനെതിരെ ആര് പരിപാടി സംഘടിപ്പിച്ചാലും സിപിഎം പങ്കെടുക്കുമെന്നതായിരുന്നു സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നിലപാട്. ഈ പശ്ചാത്തലത്തിലാണ് മുസ്ലീം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന സെമിനാറില്‍ പങ്കെടുക്കാന്‍ സിപിഎം നേതൃത്വം തീരുമാനമെടുത്തത്.

ദിവസങ്ങള്‍ക്ക് മുന്‍പ് സിപിഎം സംഘടിപ്പിച്ച ദേശീയ സെമിനാറില്‍ ലീഗിനെ ക്ഷണിച്ചത് വലിയ വിവാദമായിരുന്നു. അവസാന നിമിഷം പരിപാടിയില്‍ പങ്കെടുക്കില്ലെന്ന നിലപാട് ലീഗ് വ്യക്തമാക്കിയതോടെയാണ് വിവാദങ്ങള്‍ കെട്ടടങ്ങിയത്.