LogoLoginKerala

ബോട്ട് യാത്ര ഒഴിവാക്കി ടൂറിസ്റ്റുകള്‍, പരിശോധന കര്‍ശനമാക്കി അധികൃതര്‍

വാട്ടര്‍മെട്രോയില്‍ ആശങ്ക വേണ്ടെന്ന് ലോക്‌നാഥ് ബെഹ്‌റ
 
marine drive

കൊച്ചി- താനൂര്‍ ബോട്ട് ദുരന്തത്തെ തുടര്‍ന്ന് ബോട്ട് യാത്രകളില്‍ നിന്ന് അകലം പാലിച്ച് ടൂറിസ്റ്റുകള്‍. ടൂറിസ്റ്റ് ബോട്ടുകളുടെ കേന്ദ്രങ്ങളായ എറണാകുളം മറൈന്‍ഡ്രൈവിലും ആലപ്പുഴയിലും ആഭ്യന്തര ടൂറിസ്റ്റുകള്‍ ഇന്നലെ മുതല്‍ ബോട്ട് യാത്രയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. മറൈന്‍ ഡ്രൈവിലുള്ള 80 ഓളം ടൂറിസ്റ്റ് ബോട്ടുകളില്‍ വിരലിലെണ്ണാവുന്നവ മാത്രമാണ് ഇന്നലെ സര്‍വീസ് നടത്തിയത്.
അതേസമയം ടൂറിസ്റ്റ് ബോട്ടുകളില്‍ അധികൃതര്‍ സുരക്ഷാ പരിശോധന ശക്തമാക്കി. നഗരസഭാധികൃതരും കോസ്റ്റല്‍ പോലീസും മിന്നല്‍ പരിശോധന തുടങ്ങി. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ ഓടുന്ന ബോട്ടുകള്‍ക്ക് പിടിവീഴുമെന്നാണ് സൂചന.
അതേസമയം യാത്രക്കാരുടെ ആശങ്കയകറ്റാന്‍ വാട്ടര്‍ മെട്രോ അധികൃതര്‍ രംഗത്തുവന്നു.എല്ലാവിധ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചും ക്രമീകരണങ്ങള്‍ സജ്ജമാക്കിയുമാണ് വാട്ടര്‍മെട്രോ സര്‍വ്വീസ് നടത്തുന്നതെന്ന് കെ എം ആര്‍ എല്‍ എം ഡി ലോക്‌നാഥ് ബഹ്‌റ അറിയിച്ചു. താനൂര്‍ അപകടത്തിന്റെ പശ്ചാത്തലത്തില്‍ വാട്ടര്‍ മെട്രോ യാത്രികര്‍ക്ക് യാതൊരു ആശങ്കയും വേണ്ടെന്നും ബഹ്‌റ പറഞ്ഞു. എറ്റവും മികച്ച അത്യാധുനിക ഹൈബ്രിഡ് ബോട്ടുകളാണ് ജലമെട്രോയിലുള്ളത്. ലോകോത്തര നിലവാരത്തില്‍ രൂപകല്‍പ്പന ചെയ്ത് നിര്‍മിച്ചവയാണ്. നിശ്ചിത എണ്ണം യാത്രക്കാരെയല്ലാതെ ഒരാളെപ്പൊലും അധികമായി യാത്രയില്‍ അനുവദിക്കുന്നില്ല. ഓട്ടോമാറ്റിക് ടിക്കറ്റിംഗ് സമ്പ്രദായമായതിനാല്‍ യാത്രികരുടെ എണ്ണം കൃത്യതയോടെ രേഖപ്പെടുത്തും. നുറുപേരില്‍ കൂടുതല്‍യാത്രികരെ ബോട്ടില്‍ പ്രവേശിപ്പിക്കുന്നതിനും തടസമുണ്ട്. ബോട്ടിനുള്ളിലേക്ക് പ്രവേശിക്കുന്ന ഘട്ടത്തില്‍ തന്നെ നിര്‍മിത ബുദ്ധി ക്യാമറകള്‍ യാത്രികരുടെ എണ്ണം തിട്ടപ്പെടുത്തും. കൂടുതല്‍ യാത്രികര്‍ കയറാനെത്തിയാല്‍ ബോട്ടിന്റെ ഡോര്‍ തുറക്കാനാകില്ല.
മുഴുവന്‍ യാത്രികര്‍ക്കും ജലമെട്രോയില്‍ ലൈഫ് ജാക്കറ്റ് നിര്‍ബന്ധമാണ്. ഓരോ ബോട്ടിലും നൂറുയാത്രികര്‍ക്കായി 120 ലൈഫ് ജാക്കറ്റുകള്‍ ഉണ്ട്. കുട്ടികള്‍ക്ക് പ്രത്യേക ജാക്കറ്റും ഉണ്ട്. അടിയന്തിര സാഹചര്യമുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കാനുള്ള ഗരുഡ എന്ന ബോട്ട് ഏതുസാഹചര്യം നേരിടാനും സജ്ജമാണ്. മണിക്കൂറില്‍ 20 നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ സഞ്ചരിക്കാവുന്ന ഗരുഡ അഞ്ചുകോടി രൂപ ചെലവിലാണ് ജലമെട്രോയുടെ ഭാഗമാക്കിയത്. മെട്രോ ബോട്ടുകളിലും തീപിടിത്തം ഉള്‍പ്പെടെ അടിയന്തിര സാഹചര്യങ്ങള്‍ നേരിടാനുള്ള സംവിധാനങ്ങളുണ്ടെ്ന്നും ബഹ്‌റ പറഞ്ഞു.