LogoLoginKerala

മൂന്ന് ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് ഇന്ന് അവധി

 
School Holiday

സംസ്ഥാനത്ത് മഴയ്ക്ക് ആശ്വാസമുണ്ടെങ്കിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനാല്‍ വിവിധ ജില്ലകളില്‍ അവധി പ്രഖ്യാപനം തുടരുന്നു. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. എന്നാല്‍ പൊതു പരീക്ഷകള്‍ക്കും സര്‍വകലാശാല പരീക്ഷകള്‍ക്കും മാറ്റമുണ്ടാകില്ല.

ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്. കുട്ടനാട്ടിലെ വിവിധ പാടശേഖരങ്ങളില്‍ മടവീഴ്ചയുള്ളതിനാല്‍ നിലവില്‍ പ്രദേശത്ത് വെളളക്കെട്ട് രൂക്ഷമാണ്. മിക്ക സ്‌കൂളുകളിലും ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് അവധി. മുന്‍ നിശ്ചയിച്ച പ്രകാരമുള്ള പരീക്ഷകള്‍ക്ക് മാറ്റമുണ്ടാവില്ല. അതേസമയം സംസ്ഥാനത്ത് അതിതീവ്രമഴക്ക് ശമനമായെങ്കിലും കാലവര്‍ഷം തുടരും.

അടുത്ത നാല് ദിവസങ്ങളിലും കേരളത്തിലെ വിവിധ ജില്ലകളില്‍ മഴ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കേരള - കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ 12 മുതല്‍ 14 വരെ മത്സ്യബന്ധനത്തിന് കടലില്‍ പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ജാഗ്രത നിര്‍ദേശമുണ്ട്.