LogoLoginKerala

അച്ഛന്റെ മുന്നിൽ മൂന്ന് മക്കള്‍ മുങ്ങി മരിച്ചു

 
drown

പാലക്കാട്: മണ്ണാര്‍ക്കാട് കോട്ടോപാടത്ത് കുളത്തില്‍ കുളിക്കാനിറങ്ങിയ മൂന്ന് സഹോദരികൾ മുങ്ങി മരിച്ചു. ഭീമനാട് സ്വദേശികളായ റമീഷ (23), റിന്‍ഷി(18), നാഷിദ (26) എന്നിവരാണ് മരിച്ചത്. അച്ഛനൊപ്പം കുളത്തിൽ എത്തിയതായിരുന്നു മൂന്നുപേരും. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. അച്ഛൻ അലക്കുന്നതിനിടെ കുറച്ച് മാറി ഇവർ വെള്ളത്തിൽ ഇറങ്ങുകയായിരുന്നു.

കുളിയ്ക്കുന്നതിനിടെ കൂട്ടത്തിൽ ഒരാൾ വെള്ളത്തിൽ മുങ്ങി താഴ്ന്നു. ഇയാളെ രക്ഷിക്കാനായി മറ്റ് രണ്ട് പേരും വെള്ളത്തിലേക്ക് ചാടി. ഇതോടെ മൂന്ന് പേരും അപകടത്തിൽ പെട്ടു. വിവരം അറിഞ്ഞ് നാട്ടുകാരാണ് ഇവരെ വെള്ളത്തിൽ നിന്ന് കരയ്ക്ക് എത്തിച്ചത്. ഉടൻ ആശുപത്രിയിലേക്ക് എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ പോസ്‌റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് കൈമാറി സംസ്കരിക്കും.

മക്കൾ മുങ്ങിത്താഴുന്നത് കണ്ട് എന്ത് ചെയ്യുമെന്നറിയാതെ പിതാവ് സ്തബ്ധനായി പോയെന്നും അലറിവിളിക്കാൻ പോലും ശബ്ദം പുറത്തേക്ക് വന്നില്ലെന്നും പഞ്ചായത്തംഗം പറഞ്ഞു. സ്ഥലത്തുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളിയാണ് നിലവിളിച്ച് ആളുകളെ വിളിച്ചുകൂട്ടിയത്. ഒരു ഏക്കറോളം വിസ്തൃതിയുള്ളതാണ് ഈ കുളം.