മണിപ്പൂരിൽ സംഘർഷം തുടരുന്നു; മൂന്ന് സന്നദ്ധ പ്രവർത്തകരെ വെടി വെച്ച് കൊന്നു
Jul 3, 2023, 11:23 IST
ഇംഫാല്‍ - കലാപം തുടരുന്ന മണിപ്പൂരിൽ മൂന്ന് സന്നദ്ധ പ്രവർത്തകരെ അക്രമികൾ വെടി വെച്ചു കൊന്നു. ബിഷ്ണുപൂര്‍ ജില്ലയിലെ ഖോയ്ജുമന്തബി ഗ്രാമത്തിലാണ് ആക്രമണമുണ്ടായത്. അജ്ഞാതരായ തോക്കുധാരികളുടെ വെടിവയ്പില്‍ മൂന്ന് ഗ്രാമ സന്നദ്ധപ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. താല്‍ക്കാലിക ബങ്കറില്‍ കാവല്‍നില്‍ക്കുകയായിരുന്നു ഇവര്‍. വെടിവെപ്പില്‍ മറ്റ് അഞ്ച് പേര്‍ക്കും പരിക്കേറ്റിരുന്നു. പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമാണെന്നും ഇവരെ ഇംഫാലിലെ ആശുപത്രിയിലേക്ക് മാറ്റിയതായും പോലീസ് അറിയിച്ചു.
അതിനിടെ, യുണൈറ്റഡ് പീപ്പിള്‍സ് ഫ്രണ്ടും കുക്കി നാഷണല്‍ ഓര്‍ഗനൈസേഷനും അടക്കമുള്ള കുക്കി സംഘടനകള്‍ മണിപ്പൂരിലെ കാങ്പോക്പി ജില്ലയില്‍ ദേശീയപാത 2ല്‍ നടത്തിയ റോഡ് ഉപരോധങ്ങള്‍ പിന്‍വലിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ഉപരോധം പിന്‍വലിച്ചത്. ഹൈവേയിലെ ഉപരോധം അടിയന്തര പ്രാബല്യത്തോടെ പിന്‍വലിച്ചതായി ഇരു കുക്കി സംഘടനകളും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.