LogoLoginKerala

പച്ചക്കറി ഇനി തൊട്ടാല്‍ പൊള്ളും

 
Price Hike On Veggies

ജനങ്ങള്‍ക്ക് ഇരുട്ടടിയായി പച്ചക്കറികള്‍ക്ക് തീ വില. അന്യസംസ്ഥാനങ്ങളില്‍ ശക്തമായി പെയ്ത മഴയിലുണ്ടായ കനത്ത കൃഷി നാശം കേരളത്തിലെ പച്ചക്കറി വിപണിയെ പൊള്ളിക്കുന്നു. സമീപ കാലത്തൊന്നുമില്ലാത്ത വിധത്തില്‍ പച്ചക്കറികളുടെ വില കുത്തനെ ഉയരുകയാണ്.

മൂന്നിരട്ടി വരെ പച്ചക്കറികള്‍ക്ക് വില കൂടുകയാണ്. സാധാരണ ജനജീവിതത്തെ കീഴ്‌മേല്‍ മറിക്കുന്ന വിധത്തിലാണ് പച്ചക്കറിയുടെ വില കയറുന്നത്. പട്ടിണി കിടക്കേണ്ട അവസ്ഥയിലാണ് ആവശ്യ സാധനങ്ങളുടെ വില ഉയരുന്നത്.

ഹോര്‍ട്ടികോര്‍പ് കേന്ദ്രങ്ങളില്‍ അല്‍പം വിലക്കുറവുണ്ടെങ്കിലും വിപണികളില്‍ പച്ചക്കറികള്‍ക്ക് പൊള്ളുന്ന വിലയാണ്. മലയാളിയുടെ ഊണ്‍ മേശയില്‍ നിന്ന് പച്ചക്കറി വിഭവങ്ങള്‍ ഇല്ലാതാകുന്ന കാലം അധികമല്ല എന്ന് തോന്നിപ്പിക്കും വിധമാണ് കാര്യങ്ങളുടെ പോക്ക്.

അടുക്കള വലച്ച് പച്ചക്കറി വില ഉയരുമ്പോള്‍ സര്‍ക്കാര്‍ മൗനമായി ഇരിക്കുന്നത് ആളുകളില്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. തക്കാളി, ഉള്ളി, ഇഞ്ചി, ബീറ്റ്‌റൂട്ട, മുരിങ്ങ തുടങ്ങിയ പച്ചക്കറികള്‍ തൊട്ടാല്‍ പൊള്ളുന്ന അവസ്ഥയിലാണ്. തക്കാളി 120, ക്യാരറ്റ് 100, പടവലം 80, ചെറിയുള്ളി 120 അങ്ങനെ വില കൂടുകയാണ്.

അതേസമയം, ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം തടയാന്‍ നടപടികളുമായി തമിഴ്‌നാട് സര്‍ക്കാര്‍. കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രിക്ക് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ കത്ത് അയച്ചു. നിലവില്‍ തക്കാളിക്ക് വില കുറച്ച് നല്‍കുന്നുണ്ട്. തമിഴ്‌നാട്ടിലെ റേഷന് കടകള്‍ വഴി 60 രൂപയ്ക്കാണ് തക്കാളി നല്‍കുന്നത്.