വിലക്കയറ്റം തടയുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു; ആരോപണവുമായി കെ.സുരേന്ദ്രന്‍
Jul 10, 2023, 19:42 IST
തിരുവനന്തപുരം: സംസ്ഥാനത്ത് വിലക്കയറ്റം തടയുന്നതില്‍ പിണറായി സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പച്ചക്കറി വില ദിനംപ്രതി കൂടികൊണ്ടിരിക്കുമ്പോള്‍ സര്‍ക്കാര്‍ നോക്കുകുത്തിയാവുകയാണ്. ഇരുട്ടടി പോലെ അരി വിലയും കുത്തനെ ഉയര്‍ന്നിരിക്കുകയാണ്.
ഓണം വരുമ്പോഴേക്കും അരിക്ക് 60 രൂപ എത്തുമെന്നുറപ്പായിരിക്കുകയാണ്. മലയാളികള്‍ ഓണമുണ്ണണ്ടെന്നാണോ സര്‍ക്കാരിന്റെ നിലപാട് ആന്ധ്ര അരി ലോബിയെ സഹായിക്കാനാണ് സര്‍ക്കാര്‍ നീക്കമെന്ന് വ്യക്തമാണ്. പൊതുവിതരണ കേന്ദ്രങ്ങള്‍ ഉപയോഗിച്ച് വിലക്കയറ്റം തടഞ്ഞു നിര്‍ത്താതെ കരിഞ്ചന്തക്കാരെ സഹായിക്കുകയാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഹോര്‍ട്ടികോര്‍പ്പ് വഴി പച്ചക്കറികള്‍ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.