LogoLoginKerala

അരിക്കൊമ്പൻകേസ് അടിയന്തിരമായി പരിഗണിക്കണമെന്ന ആവശ്യം തള്ളി മദ്രാസ് ഹൈക്കോടതി

പൊതുതാല്‍പര്യമല്ല പബ്ലിസിറ്റിക്ക് വേണ്ടിയുള്ള താല്‍പര്യമാണ് അരിക്കൊമ്പന്‍ വിഷയത്തില്‍ ഉള്ളതെന്നും കോടതി നിരീക്ഷിച്ചു
 
Arikomban


അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി മദ്രാസ് ഹൈക്കടതിയുടെ ഫോറസ്റ്റ് ബെഞ്ചിന് കൈമാറി മദ്രാസ് ഹൈക്കോടതി. അടിയന്തരമായി കേസ് പരിഗണിക്കണമെന്ന ഹര്‍ജിക്കാരന്‍ ആവശ്യം ഉന്നയിച്ചിരുന്നു, എന്നാല്‍, കേസ് അടിയന്തരമായി കേട്ട് തീരുമാനമെടുക്കാനുള്ള വൈദഗ്ദ്യം ആ ബെഞ്ചിന് ഇല്ലെന്നും അതിനാല്‍ കേസ് ഫോറസ്റ്റ് ബെഞ്ച്  കേള്‍ക്കട്ടെയെന്നും കോടതി നിര്‍ദേശിച്ചു.

അരിക്കൊമ്പനെ കേരളത്തിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. പൊതുതാല്‍പര്യമല്ല പബ്ലിസിറ്റിക്ക് വേണ്ടിയുള്ള താല്‍പര്യമാണ് അരിക്കൊമ്പന്‍ വിഷയത്തില്‍ ഉള്ളതെന്നും കോടതി നിരീക്ഷിച്ചു. സാഹചര്യം മനസിലാക്കാതെയുള്ള ആവശ്യമാണ് ഇതൊന്നും കോടതി വിമര്‍ശിച്ചു.

അടിയന്തിരമായി കേസ് പരിഗണിക്കണമെന്ന ആവശ്യം മദ്രാസ് ഹൈക്കോടതി തള്ളി. അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് ഏറണാകുളം സ്വദേശിയായ റെബേക്ക ജോസഫാണ് ഹരജി സമര്‍പ്പിച്ചത്. അരിക്കൊമ്പനെ തിരുനെല്‍വേലിയില്‍ തുറന്നുവിടരുതെന്നും കേരളത്തിന് കൈമാറണമെന്നുമാണ് ഹരജിയിലെ പ്രധാന ആവശ്യം.

കമ്പത്ത് നിന്ന് തമിഴ്‌നാട് വനംവകുപ്പ് പിടികൂടിയ അരിക്കൊമ്പനെ തിരുനെല്‍വേലി മുണ്ടന്‍തുറൈ കടുവാ സങ്കേതത്തില്‍ തുറന്നു വിട്ടു. ആനയുടെ ആരോഗ്യസ്ഥിതി തൃപ്തികരമെന്ന് കണ്ടതിനെ തുടര്‍ന്നാണ് ചൊവ്വാഴ്ച രാവിലെ ആനയെ തുറന്നു വിട്ടത്. ആനയെ തുറന്നുവിട്ട കാര്യം തമിഴ്‌നാട് കേരള വനംവകുപ്പിനെ അറിയിച്ചു.

മണിമുത്താറില്‍ നിന്ന് ഏഴുമണിക്കൂറോളം വനപാതയില്‍ കൂടി സഞ്ചരിച്ചാണ് അരിക്കൊമ്പനെ അപ്പര്‍ കോതയാര്‍ മുത്തുക്കുളി വനത്തിലെത്തിച്ചത്. കാലിലും തുമ്പിക്കയിലും ഏറ്റ പരിക്കുകളും മറ്റ് ആരോഗ്യസ്ഥിതിയും കണക്കിലെടുത്ത് പുലര്‍ച്ചവരെ ആംബുലന്‍സില്‍ തന്നെ നിര്‍ത്തിയത്. തുടര്‍ന്നാണ് രാവിലെ അരിക്കൊമ്പനെ സ്വതന്ത്രനാക്കിയത്

ആനയെ തുറന്നുവിട്ട കാര്യം തമിഴ്‌നാട് വനം വകുപ്പ് ഔദ്യോഗികമായി കേരള വനം വകുപ്പിലെ ഉദ്യോഗസ്ഥരെ അറിയിച്ചു.. തുറന്നു വിട്ടെങ്കിലും ആന ഇപ്പോഴും മുത്തുക്കുളി വനമേഖലയില്‍ തന്നെയാണ് നില്‍ക്കുന്നത്. വൈദ്യ സംഘമടക്കം അറുപതോളം ഉദ്യോഗസ്ഥര്‍ ആനയെ നിരീക്ഷിക്കുന്നുണ്ട്. പുതിയ ആവാസ വ്യവസ്ഥയുമായി ആന പൊരുത്തപ്പെട്ടെന്ന് ബോധ്യമായാല്‍ ഉദ്യോഗസ്ഥര്‍ തിരിച്ച് പോരും.