LogoLoginKerala

ന്യൂനമര്‍ദം തീവ്രമാകുന്നു; മഴ മുന്നറിയിപ്പില്‍ മാറ്റം, 4 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട്

 
heavy Rain

കേരളത്തില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം. അടുത്ത മൂന്ന് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തീവ്രമഴ കണക്കിലെടുത്ത് ഇന്ന് സംസ്ഥാനത്ത് നാലുജില്ലകളില്‍  ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. മലപ്പുറം, പാലാക്കാട്, തൃശൂര്‍, ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം 24 മണിക്കൂറിനുള്ളില്‍ തീവ്രമാകുമെന്നതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായാണ് ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്. വരുംമണിക്കൂറില്‍ ഇത് ശക്തി കൂടിയ ന്യൂനമര്‍ദ്ദമായി മാറും. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇത് വീണ്ടും തീവ്രമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

ബുധനാഴ്ച എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലും വ്യാഴാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.