ജനനായകന് ഇനി ജനമനസുകളില്‍ വിശ്രമിക്കാം; ഇന്ന് നാട് വിട നല്‍കും

ആള്‍ക്കൂട്ടത്തിനു നടുവില്‍ വിശ്രമമില്ലാതെ ജനങ്ങളെ സേവിച്ച, ഏകാന്തതയെ ഏറ്റവും വലിയ നൊമ്പരമായി കണ്ട ജനപ്രിയ നേതാവിന് ഇനി ജനമനസ്സുകളില്‍ വിശ്രമിക്കാം. പുതുപ്പള്ളിയില്‍ നിന്ന് കേരളത്തിലെ ഓരോ ജനങ്ങളുടെ ഹൃദയത്തില്‍ ഇടം നേടിയ പകരക്കാരനില്ലാത്ത ഒ.സിക്ക് ഇനി അന്ത്യവിശ്രമത്തിന്റെ നാളുകള്‍. പ്രിയപ്പെട്ട മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ഇന്ന് നാട് വിട നല്‍കും.
സാധാരണക്കാരെ എന്നും സ്‌നേഹിച്ച അതു പോലെ ജീവിച്ച നേതാവിന്റെ അന്ത്യാഭിലാഷം ഔദ്യോഗിക ബഹുമതികള്‍ നല്‍കാതെ അടക്കണം എന്നാണ്. അദ്ദേഹത്തിന്റെ ആഗ്രഹം പോലെ ബഹുമതികള്‍ വേണ്ടെന്ന് കുടുംബവും പറഞ്ഞു. അത്രമേല്‍ ജനപ്രിയ നേതാവിന് ലഭിക്കേണ്ട ബഹുമതികള്‍ മുഴുവന്‍ ലഭിച്ചാണ് ഉമ്മന്‍ ചാണ്ടിയുടെ ഭൗതിക ശരീരം വഹിച്ചുള്ള വാഹനം ഓരോ സ്ഥലത്തും എത്തുന്നത്. ഇതില്‍പ്പരം ഒരു ജനനായകന് മറ്റൊരു ബഹുമതിയും വേണ്ട എന്നത് ഉറപ്പാണ്. പിഞ്ചു കുഞ്ഞുങ്ങള്‍ മുതല്‍ വയോധികര്‍ വരെ ചൂടു മഴയും അവഗണിച്ച് തങ്ങളുടെ സ്‌നേഹം അറിയിക്കാന്‍ വഴിയരികില്‍ മണിക്കൂറുകള്‍ കാത്ത് നിന്നു.
ഒരുവട്ടം പോലും നേരില്‍ കാണാത്ത ആളുകള്‍ക്കു പോലും അദ്ദേഹത്തിന്റ െവിയോഗം താങ്ങാന്‍ കഴിയുന്നതിലും അപ്പുറമായിരുന്നു. ഒരിക്കല്‍ പരിചയപ്പെട്ടവരാരും അദ്ദേഹത്തന്റെ സ്‌നേഹ സ്പര്‍ശം അനുഭവിക്കാതെ ഇരുന്നിട്ടുമില്ല.
പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍ പ്രത്യേകം ഒരുക്കിയ കല്ലറയില്‍ ഇന്ന് മൃതദേഹം സംസ്‌കരിക്കും. മരണാനന്തരം ശ്രുശ്രൂഷ ഓര്‍ത്തഡോക്‌സ് സഭാ പരമാധ്യക്ഷന്‍ ബസേലിയസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്കബാവയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടക്കും. സംസ്‌കാര ചടങ്ങുകളില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുമെന്ന് അറിയിച്ചു.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഭൗതിക ശരീരം വഹിച്ചുള്ള വിലാപ യാത്ര, പൊതു ദര്‍ശനം, സംസ്‌കാര ചടങ്ങുകള്‍ എന്നിവ കണക്കിലെടുത്ത് പൊലീസ് ജില്ലയില്‍ വാഹന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് കണക്കിലെടുത്ത് ജില്ലയിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.
അതേസമയം, ആദരസൂചകമായി കോട്ടയം ജില്ലയിലെ വ്യാപാര സ്ഥാപനങ്ങള്‍ ഉച്ചയ്ക്ക് ഒരു മണി മുതല്‍ അടച്ചിടുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയും അറിയിച്ചിട്ടുണ്ട്.