ഷാജന്‍ സ്കറിയയ്ക്ക് നിയമത്തോട് ബഹുമാനമില്ലെന്ന രൂക്ഷ വിമര്‍ശനവുമായി കേരള ഹൈക്കോടതി; നാളെ തന്നെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കോടതി

മതസ്‌പർദ്ധ വളർത്തുന്ന രീതിയിൽ വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ച കേസിൽ ഇടക്കാല ഉത്തരവ് പോലും പാലിക്കാത്ത ഷാജൻ സ്കറിയയ്ക്ക് എതിരെ കേരള ഹൈക്കോടതിയുടെ അതിരൂക്ഷ വിമർശനം. കോടതി ഉത്തരവുണ്ടായിട്ടും ചോദ്യം ചെയ്യലിന് ഷാജൻ സ്കറിയ ഹാജരായിരുന്നില്ല.നിയമത്തെ കാര്യമാക്കുന്നില്ലെന്ന സമീപനമാണിത്. നിയമത്തോട് യാതൊരു ബഹുമാനവുമില്ലാത്തത് കൊണ്ടാണ് ഷാജൻ സ്കറിയയുടെ ഈ പ്രവർത്തനമെന്ന് ഹൈക്കോടതി ശക്തമായ ഭാഷയിൽ വിമർശിച്ചു. ഷാജൻ സ്കറിയയുടെ ഈ നിലപാട് അംഗീകരിക്കാനാകില്ലെന്നും ഹൈക്കോടതി ജസ്റ്റിസ് കെ ബാബു ചൂണ്ടികാട്ടി.
ഷാജൻ ചോദ്യം ചെയ്യലിന് ഹാജരാകാത്തതിനാൽ അന്വേഷണം നിലച്ചിരിക്കുകയാണെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. പ്രോസിക്യൂഷന്റെ വാദം പരിഗണിച്ച കോടതി, ഷാജന്റെ ഇടക്കാല ജാമ്യ ഉത്തരവിൽ മാറ്റം വരുത്തേണ്ടതുണ്ടോയെന്നതടക്കമുള്ള വിഷയങ്ങൾ പരിഗണിക്കുമെന്ന് വ്യക്തമാക്കി.
നാളെ തന്നെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും ഷാജൻ സ്കറിയയോട് ഹൈക്കോടതി ആവശ്യപ്പെട്ടു. നിലമ്പൂർ എസ്എച്ച്ഒ യ്ക്ക് മുന്നിൽ ഹാജരാകണമെന്നാണ് കോടതിയുടെ ആവശ്യപ്പെട്ടിരിക്കുന്നത്. വീഴ്ച വരുത്തിയാൽ മുൻകൂർ ജാമ്യം റദ്ദാക്കുമെന്നും കോടതി വ്യക്തമാക്കി.
നിലമ്പൂർ നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്റെ പരാതിയിൽ നിലമ്പൂർ പൊലീസ് രജിസ്‌റ്റർ ചെയ്‌ത കേസിൽ നേരത്തെ ഉപാധികളോടെയാണ് ഹൈക്കോടതി ഷാജൻ സ്‌കറിയയ്‌ക്ക് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നത്. ആഗസ്‌ത് 17ന് അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകാണമെന്നും അറസ്‌റ്റ് ചെയ്‌താൽ ജാമ്യത്തിൽ വിടണമെന്നുമായിരുന്നു ഇടക്കാല ഉത്തരവ്. എന്നാൽ, 85 വയസുള്ള അമ്മയ്‌ക്ക് സുഖമില്ലാത്തതിനാൽ ചോദ്യം ചെയ്യലിന് സമയം നീട്ടി നൽകണമെന്നാവശ്യപ്പെട്ട് തലേദിവസം ഷാജൻ ഹൈക്കോടതി രജിസ്‌ട്രിയിൽ അപേക്ഷ നൽകുകയായിരുന്നു. എന്നാൽ, ഇത്തരമൊരു അപേക്ഷയെക്കുറിച്ച് മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്ന സിംഗിൾ ബെഞ്ചിനെ അറിയിച്ചില്ല. അഞ്ച് സഹോദരങ്ങളുള്ള ഷാജൻ ഇത്തരമൊരു കാരണം പറഞ്ഞ് ഒഴിവാകാൻ ശ്രമിച്ചത് നിയമത്തെ ബഹുമാനമില്ലാത്തത് കൊണ്ടാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.
അന്വേഷണവുമായി സഹകരിക്കാമെന്നും കോടതി മുന്നോട്ട് വയ്ക്കുന്ന ഏത് നിബന്ധനയും അംഗീകരിക്കുമെന്നും ഷാജന്‍ സ്‌കറിയയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു. ഈ ഉപാധി ലംഘിക്കുന്നത് കൂടിയായി ഇപ്പോഴത്തെ നീക്കം. ഈ സൗഹചര്യത്തിൽ ഷാജന് എതിരെ കടുത്ത നടപടിയിലേക്ക് കോടതി നീങ്ങാനാണ് സാധ്യത. വ്യാജ വാർത്ത ചമയ്ക്കൽ, വ്യാജരേഖാ തട്ടിപ്പ് അടക്കം വിവിധ സ്റ്റേഷനുകളിലായി 160 കേസുകളിലധികം ഷാജൻ സ്കറിയയ്ക്ക് എതിരെയുണ്ട്.