അധ്യാപികയുടെ നിര്‍ദ്ദേശമനുസരിച്ച് വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച സംഭവം; അധ്യാപികയ്ക്ക് എതിരെ കേസ് എടുത്ത് പോലീസ്
ഉത്തർപ്രദേശ്: അധ്യാപികയുടെ നിർദ്ദേശപ്രകാരം വിദ്യാര്‍ഥിയെ സഹപാഠികൾ മർദ്ദിച്ച സംഭവത്തിൽ അധ്യാപികയ്ക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്ത് പോലീസ്. ഐപിസി 323, 504 വകുപ്പുകള്‍ പ്രകാരമാണ് നടപടിയെന്ന് പോലീസ് അറിയിച്ചു. അധ്യാപിക തൃപ്തി ത്യാഗിക്കെതിരെ വകുപ്പുതല നടപടിയും സ്വീകരിക്കും. വിദ്യാഭ്യാസ വകുപ്പിന് ഇതുമായി ബന്ധപ്പെട്ട് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുട്ടിയുടെ അച്ഛന്റെ പരാതിയിൽ മുസഫർനഗർ പൊലീസാണ് കേസ് എടുത്തത്. 7 വയസുകാരനാണ് മർദ്ദനമേറ്റത്. ഒരുമണിക്കൂറോളം മർദിച്ചതായി കുട്ടിയുടെ അച്ഛന്റെ പരാതിയിൽ പറയുന്നു. മുസഫര്‍ നഗറിലെ ഒരു നവോദയ വിദ്യാലയത്തിലാണ് സംഭവം നടന്നത്.
കഴിഞ്ഞയാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെയാണ് പുറം ലോകമറിഞ്ഞത്. ഒരു വിദ്യാര്‍ത്ഥിയെ ക്ലാസ് മുറിയില്‍ മാറ്റി നിര്‍ത്തി അധ്യാപിക ശകാരിക്കുന്നതും അധ്യാപിക മറ്റ് കുട്ടികളോട് അടിക്കാന്‍ നിര്‍ദ്ദേശിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. മുഖത്ത് അടിക്കാനുള്ള നിര്‍ദ്ദേശത്തൊടൊപ്പം ശരീരത്തിന്റെ മറ്റിടങ്ങളിലും മര്‍ദ്ദിക്കാന്‍ പ്രേരിപ്പിക്കുകയുമാണ് ചെയ്തത്. എന്നാൽ കണക്കിന്റെ പട്ടിക പഠിക്കാത്തതിന് നല്‍കിയ ശിക്ഷയാണെന്നും വാദമുണ്ട്.
അതെസമയം ന്യായീകരണവുമായി അദ്ധ്യാപിക ത്രിപ്ത ത്യാഗി രംഗത്തു വന്നു. താൻ ഭിന്നശേഷിക്കാരിയാണെന്നും ശാരീരിക പരിമിതികൾ ഉള്ളത് കൊണ്ടാണ് കുട്ടികളോട് അടിക്കാൻ പറഞ്ഞതെന്നും അദ്ധ്യാപിക പറഞ്ഞു. സംഭവത്തിൽ വർഗീയത കലർത്തരുതെന്നും ത്രിപ്ത ത്യാഗി കൂട്ടിച്ചേർത്തു. സംഭവത്തെ രാഹുല്‍ ഗാന്ധി അപലപിച്ചു. ബിജെപി വര്‍ഗീയത പ്രോത്സാഹിപ്പിക്കുന്നതിന്റെ ദുരന്തമാണ് ക്ലാസ് മുറിയില്‍ കണ്ടതെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു. അധ്യാപികക്കെതിരെ നടപടി ആവശ്യപ്പെട്ട് വലിയ രോഷമാണ് ഉയരുന്നത്.