LogoLoginKerala

മൈക്കില്‍ കുരുങ്ങി സര്‍ക്കാര്‍; പിടിച്ചെടുത്ത ഉപകരണങ്ങള്‍ വിട്ടു നല്‍കി പൊലീസ്

മൈക്ക് തകരാറായതിന് കേസെടുത്തത് പരിശോധനനയ്ക്ക് വേണ്ടി മാത്രമാണെന്നും കേസുമായി മുന്നോട്ടിലെന്നും ഡിസിപി പിവി അജിത് അറിയിച്ചു
 
Mike Controversy

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അനുസ്മരണ സമ്മേളനത്തില്‍ മുഖ്യമന്ത്രിയുടെ മൈക്ക് തടസ്സപ്പെട്ട സംഭവത്തില്‍ പൊലീസ് പിടിച്ചെടുത്ത ഉപകരണങ്ങള്‍ കൊടുത്തുവിട്ടു. കേസില്‍ തുടര്‍നടപടികള്‍ വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയ സാഹചര്യത്തിലാണ് പിടിച്ചെടുത്ത ഉപകരണങ്ങള്‍ പൊലീസ് തിരികെ നല്‍കിയത്.

അതേസമയം, മൈക്ക് തകരാറായതിന് കേസെടുത്തത് പരിശോധനനയ്ക്ക് വേണ്ടി മാത്രമാണെന്നും കേസുമായി മുന്നോട്ടിലെന്നും ഡിസിപി പിവി അജിത് അറിയിച്ചു. വിഐപികളുടെ പരിപാടികളില്‍ മൈക്ക് തകരാറിലാകുന്നത് അപൂര്‍വ്വമാണ്. അട്ടിമറിയില്ലെന്ന് കരുതുന്നുവെന്നും, ഭാവിയില്‍ പ്രശ്‌നം ആവര്‍ത്താക്കാതിരിക്കാനാണ് പരിശോധനയെന്നും ഡിസിപി ചൂണ്ടിക്കാട്ടി.

മൈക്ക് തകരാറായ സംഭവത്തില്‍ കേസെടുത്തതിനെ പരിപഹസിച്ച് കോണ്‍ഗ്രസ് നോതാക്കള്‍ രംഗത്തെത്തിയിരുന്നു. പിണറായി വിജയന്റെ നടപടി ഒരു ഭരണാധികാരി പാതാളത്തോളം തരംതാഴ്ന്നതുകൊണ്ടാണെന്ന് കെ.സുധാകരന്‍ പറഞ്ഞു. ഒരു പാവപ്പെട്ട മൈക്ക് ഓപ്പറേറ്ററും മൈക്കും കേബിളും പോലീസ് സ്റ്റേഷന്‍ കയറിയിറങ്ങുന്നത് അങ്ങേയറ്റം പരിഹാസ്യമാണ്. ഒരു മൈക്കിനെപ്പോലും ഭയപ്പെടുന്ന ഭീരുവായ മുഖ്യമന്ത്രി കേരളത്തിന് അപമാനമാണെന്നും സുധാകരന്‍ പറഞ്ഞു.

മൈക്കിന് ഹോളിങ് ഉണ്ടായതിന്റെ പേരിലാണ് കേസെടുത്തിരിക്കുന്നത്. ആരാണിതില്‍ ഒന്നാം പ്രതി മൈക്ക്, രണ്ടാം പ്രതി ആംപ്ലിഫയര്‍. ഇത്രയും വിചിത്രമായ കേസ് കേരളത്തിന്റെയോ രാജ്യത്തിന്റെയോ ചരിത്രത്തില്‍ ഉണ്ടായിട്ടുണ്ടോ ഇതൊന്നും മുഖ്യമന്ത്രി അറിയുന്നില്ല എന്നു വിചാരിക്കാനാണ് തനിക്കിഷ്ടം. മുഖ്യമന്ത്രി അറിഞ്ഞുകൊണ്ട് ഇതുപോലെ ഒരബദ്ധം കാണിക്കുമോ എന്നും വിഡി സതീന്‍ ചോദിച്ചിരുന്നു.

കഴിഞ്ഞ ദിവസമാണ് മൈക്ക്  തടസ്സപ്പെട്ട സംഭവത്തില്‍ കന്റോണ്‍മെന്റ് പോലീസ് കേസെടുത്തത്. അയ്യങ്കാളി ഹാളില്‍ മുഖ്യമന്ത്രി സംസാരിക്കുമ്പോഴായിരുന്നു മൈക്ക് തടസപ്പെട്ടത്. ഉമ്മന്‍ ചാണ്ടി അനുസ്മരണത്തില്‍ മുഖ്യമന്ത്രി പ്രസംഗിക്കുന്നതിന് മുന്‍പായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉമ്മന്‍ ചാണ്ടിയ്ക്കായി മുദ്രാവാക്യങ്ങള്‍ മുഴക്കിയതും വിവാദമായിരുന്നു. തുടര്‍ന്നാണ് മൈക്ക് തടസപ്പെട്ടതിന്റെ പേരില്‍ പൊലീസ് കേസുകൂടി എടുത്തത്.