ഓണാഘോഷത്തിനൊരുങ്ങി നാടും നഗരവും
തിരുവനന്തപുരം: സമത്വത്തിന്‍റെയും സാഹോദര്യത്തിന്‍റെയും ഉത്സവമായ ഓണത്തിന് ചാരുതയേറ്റാന്‍ വിപുലമായ ആഘോഷ പരിപാടികളുമായി ടൂറിസം വകുപ്പ്. തലസ്ഥാന നഗരത്തിലും മറ്റു ജില്ലകളിലുമായി എഴ് ദിവസത്തെ വൈവിധ്യമാര്‍ന്ന സാംസ്കാരിക പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. ഓരോ ജില്ലയുടെയും സാംസ്കാരികവും ചരിത്രപരവുമായ സവിശേഷതകളോടെ ഒരുക്കിയിട്ടുള്ള വേദികള്‍ തനത് കേരളീയ കലാരൂപങ്ങള്‍ക്കും ജനപ്രിയ കലാവതരണങ്ങള്‍ക്കും സാക്ഷ്യം വഹിക്കും. വിനോദസഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലുമാണ് എല്ലാ ജില്ലകളിലും ഓണാഘോഷത്തിന് നേതൃത്വം നല്‍കുന്നത്.
സംസ്ഥാനതല ഓണം വാരാഘോഷം ഇന്ന് (ആഗസ്റ്റ് 27) വൈകിട്ട് ആറിന് തിരുവനന്തപുരം കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സെപ്റ്റംബര്‍ രണ്ട് വരെ വിപുലമായ പരിപാടികളോടെയാണ് വാരാഘോഷം സംഘടിപ്പിക്കുന്നത്.
ഒരുമയുടെയും ഒത്തുചേരലിന്‍റെയും ആഘോഷമായ ഓണത്തിന് ഇത്തവണ ടൂറിസം വകുപ്പ് നല്‍കിയിരിക്കുന്ന 'ഓണം ഒരുമയുടെ ഈണം' എന്ന പ്രമേയം ഉചിതമാണെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ഓണാഘോഷത്തോടനുബന്ധിച്ചുള്ള കലാപരിപാടികള്‍ നൂറുകണക്കിന് കലാകാരന്‍മാര്‍ക്ക് വലിയ അവസരമാണ് നല്‍കുക. കേരളത്തിന്‍റെ തനത് കലകള്‍ ആസ്വദിക്കാനും പാരമ്പര്യത്തനിമയാര്‍ന്ന ഓണാഘോഷത്തില്‍ പങ്കുചേരാനും വിനോദസഞ്ചാരികള്‍ക്കുള്ള അവസരമായി ഓണം മാറുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
എറണാകുളത്തെ ഓണാഘോഷം 'ലാവണ്യം' ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ ഇന്ന് (27) മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. ദര്‍ബാര്‍ ഹാള്‍ ഓപ്പണ്‍ എയര്‍ തിയേറ്റര്‍, കലൂര്‍ വൈലോപ്പിള്ളി പാര്‍ക്ക്, വൈപ്പിന്‍, ഫോര്‍ട്ട് കൊച്ചി വെളി ഗ്രൗണ്ട്, കോലഞ്ചേരി, മൂവാറ്റുപുഴ ടൗണ്‍ ഹാള്‍, പെരുമ്പാവൂര്‍ ടൗണ്‍ ഹാള്‍ ഉള്‍പ്പെടെ 15 വേദികളിലാണ് കലാപരിപാടികള്‍.
കോഴിക്കോട് ബീച്ചില്‍ ജില്ലാതല ഓണാഘോഷം സെപ്റ്റംബര്‍ ഒന്നിന് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ഓണം 'റസിഡന്‍ഷ്യല്‍ കലോത്സവം' മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ബീച്ച് ഉള്‍പ്പെടെ വിവിധ വേദികളിലായിട്ടാണ് ഓണപ്പരിപാടികള്‍ നടക്കുക.
ഇടുക്കിയിലെ ഓണാഘോഷം ചെറുതോണിയില്‍ ഇന്ന് (27) മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. കുമളി, മൂന്നാര്‍, തൊടുപുഴ, നെടുങ്കണ്ടം എന്നിവയാണ് മറ്റു വേദികള്‍. കണ്ണൂര്‍ ടൗണ്‍ സ്ക്വയറില്‍ ഇന്ന് (27) സ്പീക്കര്‍ എ.എന്‍ ഷംസീറും വയനാട്ടില്‍ മാനന്തവാടി പഴശ്ശി പാര്‍ക്കില്‍ ഒ.ആര്‍ കേളു എം.എല്‍.എയും ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിക്കും.
കൊല്ലത്തെ ഓണാഘോഷം 'ഓണനിലാവ്' ഇന്ന് (27) കൊല്ലം ബീച്ചില്‍ മന്ത്രി കെ.എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. ബീച്ചിനു പുറമേ ചില്‍ഡ്രന്‍സ് പാര്‍ക്ക്, തങ്കശ്ശേരി ബ്രേക്ക് വാട്ടര്‍ ടൂറിസം പാര്‍ക്ക് എന്നിവയാണ് പ്രധാന ഓണാഘോഷ വേദികള്‍.
തൃശ്ശൂരിലെ ഓണാഘോഷം തേക്കിന്‍കാട് മൈതാനത്ത് നാളെ (28) മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്യും. ചാവക്കാട് ബീച്ച്, പീച്ചി, വാഴാനി, അതിരപ്പിള്ളി, നാട്ടിക സ്നേഹതീരം, കോട്ടപ്പുറത്തെയും പറവൂരിലെയും മുസിരിസ് പൈതൃക പദ്ധതി എന്നിവിടങ്ങളിലാണ് ഓണാഘോഷ പരിപാടികള്‍ നടക്കുക.
പാലക്കാട്ടെ ഓണാഘോഷം 'ശ്രാവണപ്പൊലിമ' നാളെ (28) മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും. രാപ്പാടി ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം, വെള്ളിയാങ്കല്ല് പൈതൃക പാര്‍ക്ക്, കാഞ്ഞിരപ്പുഴ, മലമ്പുഴ, പോത്തുണ്ടി, ശ്രീകൃഷ്ണപുരം ബാപ്പുജി ചില്‍ഡ്രന്‍സ് പാര്‍ക്ക് എന്നിവയാണ് ഓണാഘോഷ വേദികള്‍. കാസര്‍ഗോഡ് നാളെ (28) മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഓണാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും.
മലപ്പുറത്ത് 30 ന് മന്ത്രി വി.അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്യും. കോട്ടക്കുന്ന്, ബീയ്യം കായല്‍, താനൂര്‍ എന്നിവിടങ്ങളിലാണ് ഓണാഘോഷം.
ആലപ്പുഴയിലും പത്തനംതിട്ടയിലും വിപുലമായ ഓണാഘോഷ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.