LogoLoginKerala

അമേരിക്ക, ക്യൂബ സന്ദര്‍ശനത്തിന് മുഖ്യമന്ത്രി നാളെ പുറപ്പെടും

 
Pinarayi Vijayan

ജൂണ്‍ 18 വരെ നടത്തുന്ന അമേരിക്ക ക്യൂബ സന്ദര്‍ശനത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ പുറപ്പെടും. പുലര്‍ച്ചയോടെയാണ് മുഖ്യമന്ത്രിയുടെ യാത്ര. ന്യൂയോര്‍ക്കില്‍ ജൂണ്‍ 9 മുതല്‍ 11 വരെ നടക്കുന്ന ലോക കേരള സഭാ മേഖലാ സമ്മേളനമാണ് യുഎസിലെ പരിപാടി. ആരോഗ്യ രംഗത്തെ സഹകരണമാണ് ക്യൂബ സന്ദര്‍ശനത്തിന്റെ ലക്ഷ്യം.

കേരളത്തെ സംബന്ധിച്ചും പ്രവാസികളെ സംബന്ധിച്ചുമുള്ള പ്രധാന വിഷയങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ചയാവും. ചര്‍ച്ചകള്‍ക്ക് ശേഷം ലോക കേരള സഭാ ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി മറുപടി പ്രസംഗം നടത്തും. ലോക കേരള സഭാ നടത്തിപ്പുമായി ബന്ധപ്പെട്ട പണപ്പിരിവ് സംബന്ധിച്ച വിവാദങ്ങള്‍ക്കിടെയാണ് മുഖ്യമന്ത്രിയുടെ യാത്ര എന്നതും ശ്രദ്ധേയമാണ്.

മുഖ്യമന്ത്രിക്കൊപ്പം സ്പീക്കര്‍ എ എന്‍ ഷംസീറും ധനമന്ത്രി കെ എന്‍ ബാലഗോപാലും ന്യൂയോര്‍ക്കിലെ ലോക കേരള സഭാ മേഖലാ സമ്മേളനത്തില്‍ പങ്കെടുക്കും. സ്പീക്കര്‍, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, റീബില്‍ഡ് കേരള ഡെപ്യൂട്ടി സിഇഒ, ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് സെക്രട്ടറി എന്നിവര്‍ അമേരിക്കന്‍ സന്ദര്‍ശനത്തിന് ശേഷം കേരളത്തിലേക്ക് തിരിക്കും

ആരോഗ്യ മന്ത്രി വീണാ ജോർജ് ആണ് ക്യൂബ സന്ദര്‍ശനത്തില്‍ മുഖ്യമന്ത്രിക്കൊപ്പം ചേരുക. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും സംഘത്തിലുണ്ടാകും. ജൂണ്‍ 14 മുതല്‍ 19 വരെയാണ് ക്യൂബന്‍ സന്ദര്‍ശനം. അമേരിക്കയിലും ക്യൂബയിലും ചീഫ് സെക്രട്ടറി അടക്കം 7 ഉദ്യോഗസ്ഥരാണ് മുഖ്യമന്ത്രിക്കും സംഘത്തിനും ഒപ്പമുണ്ടാവുക.

100 ഡോളര്‍ അമേരിക്ക സന്ദര്‍ശനത്തിനും ക്യൂബന്‍ സന്ദര്‍ശനത്തിന് 75 ഡോളറുമാണ് സര്‍ക്കാര്‍ അനുവദിച്ച ദിനബത്ത. പേഴ്‌സണല്‍ അസിസ്റ്റന്റിന്റെ ചെലവ് സര്‍ക്കാരും മുഖ്യമന്ത്രിക്ക് ഒപ്പം യാത്ര ചെയ്യുന്ന ഭാര്യ കമലയുടെ ചെലവ് മുഖ്യമന്ത്രി സ്വന്തമായും വഹിക്കും. മറ്റാര്‍ക്കും പകരം ചുമതല നല്‍കാതെയാണ് ഇത്തവണയും മുഖ്യമന്ത്രി വിദേശ പര്യടനത്തിന് പുറപ്പെടുന്നത്