റബ്ബര്‍ തോട്ടത്തില്‍ കാട്ടാനയെ കൊന്ന് കുഴിച്ചു മൂടിയ കേസ്; പ്രതികളില്‍ ഒരാള്‍ പിടിയില്‍
തൃശൂര്‍ മള്ളൂര്‍ക്കരയിലെ റബ്ബര്‍ തോട്ടത്തില്‍ കാട്ടാനയെ കൊന്ന് കുഴിച്ചു മൂടിയ കേസിലെ പ്രതികളിലൊരാള്‍ പൊലീസ് കസ്റ്റഡിയില്‍. പട്ടിമറ്റം സ്വദേശി വിനയനാണ് പിടിയിലായത്. ആനക്കൊമ്പ് വില്‍ക്കാന്‍ കൊണ്ടു പോയ അഖിലിന്റെ സംഘത്തിലെ അംഗമാണ് വിനയന്‍. കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന് വനം വകുപ്പ് കോടതിയില്‍ അറിയിച്ചു.
ആനക്കൊമ്പ് വില്‍ക്കാന്‍ ശ്രമിച്ച അഖിലിനെ അന്വേഷണ സംഘം നേരത്തെ പിടികൂടിയിരുന്നു. തുടര്‍ന്ന് ലഭിച്ച വിവരങ്ങളെ തുടര്‍ന്നാണ് വിനയനെ പിടികൂടിയത്. ചേലക്കര മുള്ളൂര്‍ക്കര വാഴക്കോട് റോയ് എന്നയാളുടെ ഉടമസ്ഥതയിലുള്ള തോട്ടത്തിലാണ് ആനയുടെ ജഡം വം വകുപ്പ് കണ്ടെത്തിയത്. സംഭവം പുറംലോകമറിഞ്ഞതോടെ റോയ് ഒളിവില്‍ കഴിയുകയാണ്.
ജൂണ്‍ 16-ാം തീയതിയാണ് വിനയനുള്‍പ്പെട്ട സംഘം ആനക്കൊമ്പ് വില്‍ക്കാന്‍ ശ്രമിച്ചത്. പന്നി ശല്യം തടയാന്‍ വച്ച വൈദ്യുതിക്കെണിയില്‍ തട്ടിയാണ് ആന ചെരിഞ്ഞതെന്നാണ് ഇവരുടെ മൊഴി. ആരുമറിയാതിരിക്കാന്‍ ആനയുടെ ജഡം കുഴിച്ചു മൂടുന്നതിനിടെ സ്ഥലം ഉടമസ്ഥന്‍ റോയ് അറിയാതെ അഖിലും സംഘവും ആനക്കൊമ്പ് മുറിച്ചെടുക്കുകയായിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വനം വകുപ്പ് തോട്ടത്തില്‍ പരിശോധന നടത്തിയത്.