ദുബായില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് കാണാതായ പൈലറ്റുമാരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

ദുബായ്; ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ് കാണാതായ രണ്ടു പൈലറ്റുമാരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. കാണാതായ സഹപൈലറ്റിനായുളള തിരച്ചില്‍ പുരോഗമിക്കുകയാണ്. ഇന്നലെ വൈകിട്ട് 8 മണിയോടെ ദുബായ് അല്‍ മക്തൂം വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ബെല്‍ 212 ചോപ്പറാണ് പരിശീലന പറക്കലിനിടെ ഉമ്മല്‍ഖോയിന്‍ തീരത്തിന് സമീപം തകര്‍ന്നത്.
രണ്ട് പൈലറ്റുമാരായിരുന്നു ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. ഈജിപ്റ്റ്, ദക്ഷിണാഫ്രിക്കാ സ്വദേശികളായിരുന്നു ഇവര്‍. ഇന്നലെ രാത്രി ഹെലികോപ്റ്റര്‍ തകര്‍ന്നെന്ന വിവരം ലഭിച്ച ഉടന്‍തന്നെ രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തുകയും തിരച്ചില്‍ ആരംഭിക്കുകയും ചെയ്തിരുന്നു.
തിരച്ചിലില്‍ ആദ്യം ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്താനായെങ്കിലും പൈലറ്റുമാരെക്കുറിച്ച് വിവരം ലഭിച്ചിരുന്നില്ല. തുടര്‍ന്ന് ഇന്ന് രാവിലെയാണ് രണ്ടു പൈലറ്റുമാരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. കാണാതായ സഹപൈലറ്റിനായുളള തിരച്ചില്‍ പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.