കര്‍ക്കിടക വാവില്‍ പിതൃദര്‍പ്പണം ചെയ്ത് പതിനായിരങ്ങള്‍

കര്‍ക്കിടകവാവിനു പൂര്‍വ്വികര്‍ക്ക് ബലിതര്‍പ്പണം ചെയ്ത് പതിനായരങ്ങള്‍. ഹിന്ദു മത വിശ്വാസ പ്രകാരം മരിച്ചു പോയ പൂര്‍വ്വികരുടെ മോക്ഷത്തിനും ആത്മശാന്തിക്കുമായി ജീവിച്ചിരിക്കുന്നവര്‍ കറുത്ത വാവിനു സമര്‍പ്പിക്കുന്ന ബലി തര്‍പ്പണത്തിന് ഒരു പാട് പ്രാധാന്യങ്ങളുണ്ട്. മലയാള മാസത്തിലെ അവസാന മാസമായ കര്‍ക്കിടകത്തിലാണ് വാവു ബലി പിതൃക്കള്‍ക്കായി സമര്‍പ്പിക്കുക. പിതൃക്കളുടെ ആത്മശാന്തിക്കായി പുണ്യതീര്‍ത്ഥങ്ങളില്‍ ബലിയര്‍പ്പിക്കുന്ന ദിവസമാണ് കര്‍ക്കിടക വാവ്.
കര്‍ക്കിടക ബലിതര്‍പ്പണത്തിന് മലബാര്‍ മേഖലയിലുള്ള ഏറ്റവും കൂടുതല്‍ ആളുകള്‍ എത്തുന്നത് തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിലാണ്. വാവു ദിവസം പുലര്‍ച്ചെ മൂന്ന് മണിക്കാണ് ക്ഷേത്രത്തില്‍ ബലികര്‍മ്മങ്ങള്‍ക്ക് തുടക്കമായത്. പുലര്‍ച്ചെ തന്നെ ഇവിടെ വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള ആളുകള്‍ ഇന്നേ ദിവസം ബലി തര്‍പ്പണം ചെയ്യാന്‍ ഇവിടെ എത്താറുണ്ട്.
ബ്രഹ്‌മഗിരി മലനിരകളാല്‍ ചുറ്റപ്പെട്ട ക്ഷേത്രത്തിന്റെ വിശ്വാസങ്ങളും കൗതുകം നിറഞ്ഞതാണ്. ഹിന്ദു ഐതിഹ്യ പ്രകാരം ത്രിമൂര്‍ത്തികളില്‍ ഒരാളായ ബ്രഹ്‌മാവാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചതെന്നാണ് വിശ്വാസം. ക്ഷേത്രത്തില്‍ ത്രിമൂര്‍ത്തീകളായ വിഷ്ണുവിന്റെയും, ബ്രഹ്‌മാവിന്റെയും, ശിവന്റെയും സാനിധ്യം ഉള്ളതായും പറയപ്പെടുന്നു. അതുപോലെ ക്ഷേത്രക്കുളത്തില്‍ കാണുന്ന പാറയില്‍ കാണുന്നത് ശ്രീരാമന്റെ കാല്‍പാദം ആണെന്നും ഐതി്യഹത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ഏതാണ്ട് മൂവായിരം ആണ്ടോളം പഴക്കമുള്ള ക്ഷേത്രത്തിന്റെ പ്രധാന ഭാഗങ്ങളൊക്കെ പണികഴിപ്പിച്ചത് കരിങ്കല്ല് ഉപയോഗിച്ചാണ്. ഭക്തിനിര്‍ഭരമായ ക്ഷേത്രം വയനാട് എത്തുന്ന ഏതൊരു സഞ്ചാരികളുടെയും ഇഷ്ട ഇടമാണ്.
തിരുനെല്ലിയില്‍ ബലിയിട്ടാല്‍ ആത്മാവിന് മോക്ഷം ലഭിക്കുമെന്നാണ് ഇവിടുത്തുകാരുടെ വിശ്വാസം. വര്‍ഷം മുഴുവനും ക്ഷേത്രത്തില്‍ പിതൃദര്‍പ്പണം ഉണ്ടെങ്കിലും കര്‍ക്കിടക വാവു ദിവസത്തെ ബലിതര്‍പ്പണത്തിനു പ്രത്യേകതകള്‍ ഏറെയാണ്. തിരുനെല്ലിയില്‍ ദര്‍ശനം നടത്തി പാപനാശിനിയില്‍ മുങ്ങി നിവര്‍ന്നാല്‍ എല്ലാ പാപങ്ങളില്‍ നിന്നും മോചനം ലഭിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. പിതൃപൂജ, പിതൃബലി, തിലഹവനം എന്നിവ ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളാണ്.
തിരുനെല്ലിയിലെ ബലിതര്‍പ്പണത്തിന് ചെല്ലുന്നവര്‍ ആദ്യം ത്രിശ്ശിലേരി ക്ഷേത്രത്തിലെത്തി അവിടുത്തെ പ്രതിഷ്ഠയായ മഹാദേവനെ കണ്ട് തൊഴുത് പാപനാശിനിയിലെത്തി അരുവിയില്‍ കുളിച്ച് പൂര്‍വ്വികര്‍ക്ക് ബലിതര്‍പ്പണം നടത്തിയ ശേഷമാണ് തിരുനെല്ലി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുക. പണ്ടുകാലത്തു ഈ വിധമാണ് ആളുകള്‍ ബലിതര്‍പ്പണം നടത്തിയിരുന്നത്. എന്നാല്‍ ഇന്ന് തൃശ്ശിലേരിയില്‍ ദര്‍ശനം നടത്തുന്ന രീതി പലരും പിന്തുടരാറില്ല.
വാവു ദിവസം ബലി കര്‍മ്മം നടത്തിയാല്‍ പിതൃക്കള്‍ക്കു ആത്മശാന്തി ലിഭിക്കുമെന്നാണ് വിശ്വാസം. പിതൃക്കള്‍ക്ക് പ്രാധാന്യമുള്ള ദക്ഷിണായനത്തിലെ ആദ്യ അമാവാസിയാണ് കര്‍ക്കിടകത്തിലേത്. അതു കൊണ്ടുതന്നെ കര്‍ക്കിടകത്തിലെ വാവുബലി ഹിന്ദു മത ആചാരങ്ങളില്‍ ഏറ്റവും പ്രാധാന്യമുള്ളതായി കരുതുന്നു.
ഇന്നേ ദിവസം പ്രശസ്തമായ ക്ഷേത്രക്കടവുകളിലും സ്‌നാനഘട്ടങ്ങളിലും ബലിയിടുന്നത് പുണ്യ പ്രവര്‍ത്തിയായി കണക്കാക്കുന്നു. നമ്മുടെ മുഴുവന്‍ പിതൃ പരമ്പരയെയും സങ്കല്‍പ്പിച്ചാണ് ഈ ദിവസം ആളുകള്‍ ബലിയിടുക.
വാവിന് ബലി കര്‍മ്മങ്ങള്‍ ചെയ്യാന്‍ തയ്യാറെടുക്കുന്നവര്‍ തലേ ദിവസം ഒരിക്കല്‍ വ്രതമെടുത്ത് ഈറനണിഞ്ഞു തങ്ങളുടെ പിതൃക്കളെ മനസ്സില്‍ സങ്കല്പിച്ചു ഭക്തിയോടെ ബലിയിടും. എള്ളും, പൂവും, ഉണക്കലരിയും, ദര്‍ഭപുല്ലും ഉള്‍പ്പെടെയുള്ള പൂജദ്രവ്യങ്ങള്‍ ഉപയോഗിച്ചാണ് പിതൃക്കള്‍ക്ക് ബലികര്‍മ്മം ചെയ്യുക.
കര്‍ക്കിടക വാവ് ദിവസം ചെയ്യുന്ന ശ്രാദ്ധമൂട്ടല്‍ പിതൃക്കള്‍ക്ക് ഒരു വര്‍ഷത്തേക്ക് നിത്യേന അനുഭവപ്പെടുമെന്നാണ് മറ്റൊരു വിശ്വാസം. തിരുനെല്ലി അല്ലാതെ തിരുവല്ലം ക്ഷേത്രം, ആലുവാ മണപ്പുറം, വര്‍ക്കല ജനാര്‍ദ്ദന സ്വാമി ക്ഷേത്രം, തിരുനാവായ നാവാമുകുന്ദ ക്ഷേത്രം തുടങ്ങിയവയാണ് ബലികര്‍മ്മങ്ങള്‍ ചെയ്യുന്ന മറ്റു പ്രസിദ്ധമായ ക്ഷേത്രങ്ങള്‍.