LogoLoginKerala

താനൂര്‍ കസ്റ്റഡി മരണം; സ്വകാര്യ ചാനലിന് അഭിമുഖം നല്‍കിയ എസ്.ഐയ്ക്ക് എതിരെ വകുപ്പുതല നടപടി

 
thanoor

താനൂര്‍: കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് സ്വകാര്യ ചാനലിന് അഭിമുഖം നല്‍കിയ താനൂര്‍ എസ്.ഐ കൃഷ്ണലാലിനെതിരെ വകുപ്പുതല നടപടി.മലപ്പുറം ജില്ല പൊലീസ് മേധാവി എസ്. സുജിത്ത് ദാസ് നല്‍കിയ പ്രത്യേക അന്വേഷണ റിപ്പോര്‍ട്ടിന്റെ ഭാഗമായാണ് നടപടി.

തൃശൂര്‍ ഡി.ഐ.ജി അജിത ബീഗമാണ് അന്വേഷണ വിധേയമായി നടപടിയെടുത്തത്. തെറ്റായ അഭിമുഖം നല്‍കി, അഭിമുഖം നല്‍കിയത് പൊലീസിന് അഭിമാനക്ഷതമുണ്ടാക്കി, അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചു എന്നിവയാണ് നടപടിയെടുക്കുന്നതിന് കാരണങ്ങളായി പറയുന്നത്.  കേരള പൊലീസ് ആക്ടിലെ സെക്ഷന്‍ 31 ലംഘിച്ചെന്നും വകുപ്പിന്റെ പ്രതിച്ഛായ നശിപ്പിച്ചെന്നും ഉത്തരവില്‍ പറയുന്നുണ്ട്. എസ്.പിയുടെ റിപ്പോര്‍ട്ട് പ്രകാരം എസ്.ഐ ഗുരുതരമായ കൃത്യവിലോപം നടത്തിയെന്നും പൊതുജനങ്ങള്‍ക്ക് മുന്നില്‍ പൊലീസിനെ അപമാനിച്ചതായി പ്രഥമദൃഷ്ട്യാ വ്യക്തമായെന്നും ഉത്തരവില്‍ പറയുന്നു. തൃശൂര്‍ സിറ്റി ക്രൈംബ്രാഞ്ച് എസ്.പി ആയിരിക്കും അന്വേഷണ ഉദ്യോഗസ്ഥന്‍.

താനൂര്‍ കൊലപാതകക്കേസില്‍ താന്‍ നിരപരാധിയാണെന്ന് കഴിഞ്ഞദിവസം സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കൃഷ്ണലാല്‍ വെളിപ്പെടുത്തിയിരുന്നു. താമിര്‍ ജിഫ്രി അടങ്ങുന്ന സംഘത്തെ പിടികൂടിയത് എസ്.പിയുടെ കീഴിലുള്ള ഡാന്‍സാഫ് സംഘമാണ്. അവര്‍ക്ക് അറസ്റ്റ് രേഖപ്പെടുത്തുന്നതിന് നിയമപരമായ അവകാശമില്ലാത്തതിനാല്‍ തന്നെ വിളിപ്പിക്കുകയായിരുന്നു.  എം.ഡി.എം.എ പിടിച്ചത് ഉന്നത ഉദ്യോഗസ്ഥര്‍ നേരത്തേയറിഞ്ഞിരുന്നു. താന്‍ പിന്നീടാണ് അറിഞ്ഞതെന്നും എസ്.ഐ പറഞ്ഞിരുന്നു. നിലവില്‍ കസ്റ്റഡി മരണ കേസില്‍ പ്രതിയായി സസ്‌പെന്‍ഷനിലാണ് എസ്.ഐ കൃഷ്ണലാല്‍