ലൈഫ് മിഷന്‍ പദ്ധതി അട്ടിമറിച്ചത് മുഖ്യമന്ത്രിയെന്ന് സ്വപ്‌ന സുരേഷ്

കൊച്ചി-ലൈഫ് മിഷന്‍ പദ്ധതി കോടികളുടെ കൈക്കൂലിക്ക് വഴിവെക്കുന്ന തരത്തില്‍ അട്ടിമറിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലാണെന്ന് സ്വപ്‌ന സുരേഷിന്റെ മൊഴി. ലൈഫ് മിഷന്‍ കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൊച്ചിയിലെ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് സ്വപ്‌ന സുരേഷിന്റെ മൊഴിയുള്ളത്. ലൈഫ് മിഷന്‍ കരാര്‍ അട്ടിമറിച്ചത് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ക്ലിഫ് ഹൗസില്‍ വച്ച് നടന്ന യോഗത്തിലാണെന്ന് സ്വപ്‌ന സുരേഷ് പറയുന്നു.യുഎഇ കോണ്‍സെല്‍ജനറലിനടക്കം വന്‍തുക കമ്മീഷന്‍ കിട്ടുന്ന തരത്തിലാണ് പദ്ധതി അട്ടിമറിച്ചത്. ഇതിനായി ലൈഫ് മിഷന്‍ വ്യവസ്ഥകളില്‍ വന്‍തോതില്‍ മാറ്റം വരുത്തിയെന്നും കോടതിയില്‍ നല്‍കിയ കുറ്റപത്രത്തില്‍ സ്വപ്‌ന വ്യക്തമാക്കുന്നു.കോണ്‍സല്‍ ജനറല്‍ അടക്കമുളളവര്‍ക്ക് പദ്ധതിയില്‍ നിന്നുളള കമ്മീഷന്‍ ലഭ്യമാക്കുക എന്ന ഗൂഢ ലക്ഷ്യത്തോടെയാണ് മുഖ്യമന്ത്രിയുടെ അറിവോടെ ലൈഫ് മിഷന്‍ കരാര്‍ വ്യവസ്ഥകളില്‍ മാറ്റം വരുത്തിയതെന്നും സ്വപ്‌നയുടെ മൊഴിയിലുണ്ട്.ലൈഫ്മിഷന്‍ കോഴക്കേസില്‍ സ്വപ്‌ന സുരേഷിന് കഴിഞ്ഞ ദിവസം കൊച്ചി പി.എം.എല്‍.എ കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു.
പദ്ധതി നിര്‍വഹണ ചുമതല പൂര്‍ണമായും സംസ്ഥാന സര്‍ക്കാരിനായിരിക്കും എന്നതായിരുന്നു ധാരണാപത്രം. അതായത് കരാറുകാരെ കണ്ടെത്തുന്നതും നിര്‍മാണപൂര്‍ത്തീകരണവും അടക്കം എല്ലാം സര്‍ക്കാരിന്റെ മേല്‍നോട്ടത്തിലായിരുക്കും. റെഡ് ക്രസന്റ് നല്‍കുന്ന പണം സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് കൈമാറുക എന്നത് മാത്രമായിരുന്നു യുഎഇ കോണ്‍സുലേറ്റിന്റെ ചുമതല. എന്നാല്‍ ധാരണാപത്രം ഒപ്പിട്ടതിന്റെ തൊട്ടടുത്ത ദിവസം മുഖ്യമന്ത്രിയുടെ വസതിയില്‍ രാത്രി 7.30 ന് സ്വകാര്യയോഗം ചേര്‍ന്നെന്നാണ് സ്വപ്‌ന പറയുന്നത്. ധാരണാപത്രം പാടേ അട്ടിമറിച്ച് ടെന്‍ഡര്‍ പോലും വിളിക്കാതെ കരാറുകാരെ തെരഞ്ഞെടുക്കാന്‍ കോണ്‍സല്‍ ജനറലിനെ ചുമതലപ്പെടുത്തി. പദ്ധതിയുമായി ബന്ധപ്പെട്ട പ്രാഥമിക ചര്‍ച്ചകളെല്ലാം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് നടന്നത്. കോണ്‍സല്‍ ജനറലും എം ശിവശങ്കറും താനും മുഖ്യമന്ത്രിയ്‌ക്കൊപ്പം പങ്കെടുത്തു. 2019ലാണ് ധാരണാപത്രം ഒപ്പുവെച്ചത്. വടക്കാഞ്ചേരി ഫ്‌ലാറ്റ് സമുച്ചയത്തിനൊപ്പം അമ്മമാര്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുളള ആശുപത്രി കൂടി പണിയാനായിരുന്നു തീരുമാനം. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ കരുക്കള്‍ നീക്കിയതോടെ വലിയ കമ്മീഷന്‍ മുന്നില്‍ക്കണ്ട് എല്ലാ ജില്ലകളിലും ലൈഫ് പദ്ധതിക്ക് വിദേശ പണം എത്തിക്കാന്‍ കോണ്‍സല്‍ ജനറല്‍ അടക്കമുള്ളവര്‍ ആലോചിച്ചിരുന്നതായും കുറ്റപത്രത്തിലുണ്ട്.