LogoLoginKerala

കേരള സ്റ്റോറി എന്തു കൊണ്ട് ബംഗാളിൽ പ്രദർശിപ്പിച്ചു കൂടാ; സുപ്രീം കോടതി

 
The Kerala story
കേരള സ്റ്റോറി എന്ന ചിത്രം രാജ്യത്തിന്റെ മറ്റെല്ലാ സംസ്ഥാനങ്ങളിലും പ്രദർശിപ്പിക്കാമെങ്കിൽ എന്തുകൊണ്ട് പശ്ചിമ ബംഗാൾ ചിത്രം നിരോധിക്കണമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ചോദിച്ചു. സംസ്ഥാനത്ത് ‘ദി കേരള സ്റ്റോറി’ എന്ന സിനിമ നിരോധിച്ച ഉത്തരവിനെതിരെ ചിത്രത്തിന്റെ നിർമ്മാതാക്കൾ നൽകിയ ഹർജിയിൽ പശ്ചിമ ബംഗാൾ സർക്കാരിന് സുപ്രീം കോടതി നോട്ടീസയച്ചു. 
ചിത്രം പ്രദർശിപ്പിച്ചാൽ സംഘർഷം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ടുകളുണ്ടെന്ന് ബംഗാൾ സർക്കാരിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ അഭിഷേക് മനു സിംഗ്വി ചൂണ്ടിക്കാട്ടി. എന്നാൽ ഇതിനോട് കോടതി യോജിച്ചില്ല.തുടർന്നാണ് ബംഗാൾ സർക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചത്. ദി കേരള സ്റ്റോറി പ്രദർശിപ്പിക്കുന്ന തമിഴ്നാട്ടിലെ തീയറ്ററുകൾക്ക് എല്ലാ സുരക്ഷയും നൽകാൻ സംസ്ഥാന സർക്കാരിനോട് നിർദേശിക്കണമെന്ന് ചിത്രത്തിന്റെ നിർമ്മാതാക്കളായ സൺ ഷൈൻ പിക്ചേർസ് പ്രൈവറ്റ് ലിമിറ്റഡിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ഹരീഷ് സാൽവെ ആവശ്യപ്പെട്ടു.
ബംഗാളിന് പുറമേ തമിഴ്നാട്ടിലും അപ്രഖ്യാപിത വിലക്കുണ്ടെന്ന് സിനിമാ നിർമാതാക്കൾക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹരിഷ് സാൽവേ പറഞ്ഞു. തുടർന്ന് തമിഴ്നാട് സർക്കാരിനോട് ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികൾ അറിയിക്കാൻ സുപ്രീം കോടതി നിർദേശിച്ചു. ഹർജി അടുത്ത ബുധനാഴ്ച പരിഗണിക്കാനായി സുപ്രീം കോടതി മാറ്റി.