LogoLoginKerala

ഗര്‍ഭനിരോധന മാര്‍ഗ്ഗം പരാജയപ്പെട്ടാല്‍ ഗര്‍ഭച്ഛിദ്രം അനുവദിക്കുന്ന നിയമത്തിനെതിരായി ഹര്‍ജി തള്ളി സുപ്രീംകോടതി

 
SupremeCourt Of India

ഗര്‍ഭനിരോധന മാര്‍ഗ്ഗം പരാജയപ്പെട്ടാല്‍ ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കുന്നത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗര്‍ഭച്ഛിദ്ര വിരുദ്ധ എൻജിഒ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. സ്ത്രീയോ പങ്കാളിയോ ഉപയോഗിച്ച ഗര്‍ഭനിരോധന മാര്‍ഗ്ഗം പരാജയപ്പെട്ടാല്‍ ഗര്‍ഭച്ഛിദ്രം അനുവദിക്കുന്ന മെഡിക്കല്‍ ടെര്‍മിനേഷൻ ഓഫ് പ്രഗ്‌നൻസി നിയമപ്രകാരമുള്ള വ്യവസ്ഥകള്‍ നീക്കം ചെയ്യണമെന്നായിരുന്നു ആവശ്യം.

സൊസൈറ്റി ഫോര്‍ പ്രൊട്ടക്ഷൻ ഓഫ് അണ്‍ബോണ്‍ ചൈല്‍ഡ് എന്ന സംഘടനയാണ് സുപ്രീംകോടതിയെ സമീപിച്ചത്. എന്നാല്‍ ഹര്‍ജി പരിഗണിക്കാനുള്ള ആവശ്യം സുപ്രീംകോടതി തള്ളുകയായിരുന്നു. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ.ബി പര്‍ദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കാൻ വിസമ്മതിച്ചത്. 1971ലെ മെഡിക്കല്‍ ടെര്‍മിനേഷൻ ഓഫ് പ്രെഗ്‌നൻസി ആക്ടിലെ സെക്ഷൻ 3(2)ലെ വ്യവസ്ഥ ഭരണഘടനയുടെ 14, 21 വകുപ്പുകള്‍ക്കെതിരാണെന്നും അതിനാല്‍ ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നുമായിരുന്നു ആവശ്യം.

എന്നാല്‍ സുപ്രീംകോടതി ഹര്‍ജി തള്ളുകയായിരുന്നു. ഇതൊരു പൊതുതാല്‍പര്യ ഹര്‍ജിയാണെന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകൻ വാദിച്ചു. അപ്പോള്‍ ചീഫ് ജസ്റ്റിസിൻറെ പ്രതികരണം ഇങ്ങനെയായിരുന്നു- ‘എംടിപി (മെഡിക്കല്‍ ടെര്‍മിനേഷൻ ഓഫ് പ്രഗ്‌നൻസി വ്യവസ്ഥകള്‍) നിയമത്തിലെ വ്യവസ്ഥകളെ ചോദ്യം ചെയ്യുന്നതില്‍ എന്ത് പൊതുതാല്‍പര്യം? പാര്‍ലമെൻറ് സ്ത്രീകളുടെ താല്‍പ്പര്യത്തിനായി ചില വ്യവസ്ഥകള്‍ ഉണ്ടാക്കിയിട്ടുണ്ട്. നിങ്ങള്‍ ഈ ഹര്‍ജി പിൻവലിച്ച്‌ മറ്റു പ്രതിവിധികള്‍ തേടുന്നതാണ് നല്ലത്.’ ഇതോടെ ഹര്‍ജി പിൻവലിക്കാൻ തയ്യാറാണെന്ന് അഭിഭാഷകൻ അറിയിച്ചു. ഹര്‍ജിക്കാരന് ആവശ്യമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാമെന്ന് കോടതി വ്യക്തമാക്കി.