LogoLoginKerala

പ്രത്യേക അന്വേഷക സംഘം രൂപീകരിക്കും, സമഗ്ര അന്വേഷണം നടത്തും: മുഖ്യമന്ത്രി

 
Pinarayi vijayan
തിരുവനന്തപുരം - കോഴിക്കോട്ട് ട്രെയിനിലുണ്ടായ ആക്രമണ സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്താനും കുറ്റകൃത്യത്തിന്റെ മുഴുവൻ വിവരങ്ങളും നിയമത്തിനു മുന്നിൽ കൊണ്ടുവരാനും പോലീസിന് നിർദേശം നൽകിയെന്നും അതിനായി പ്രത്യേക അന്വേഷക സംഘം രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 
 സംഭവം അതീവ ദുഃഖകരവും ഞെട്ടിക്കുന്നതുമാണ്. അക്രമിയെ പിടികൂടാനുള്ള ശ്രമങ്ങൾ പോലീസ് ഊർജിതമായി നടത്തുകയാണ്. സംസ്ഥാന പൊലീസ് മേധാവി തന്നെ ഇതിന് മേൽനോട്ടം വഹിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. റെയിൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് സംസ്ഥാന സർക്കാർ ശക്തമായ നടപടികൾ എടുക്കും. യാത്രാസുരക്ഷയുടെ കാര്യത്തിൽ സാധ്യമായ എല്ലാ നടപടികളും അടിയന്തര സ്വഭാവത്തോടെ സ്വീകരിക്കണമെന്ന് കേന്ദ്ര റെയിൽവേ മന്ത്രാലയത്തോട് ആവശ്യപ്പെടും.
മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. പരുക്കേറ്റവർക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
പിഞ്ചു കുഞ്ഞടക്കം മൂന്ന് പേരുടെ ജീവനാണ് ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിലുണ്ടായ ആക്രമണത്തെ തുടർന്ന് റെയിൽ പാളയത്തിൽ പൊലിഞ്ഞത്. കമ്പാർട്ട്‌മെന്റിലുണ്ടായിരുന്ന 9 യാത്രക്കാർക്ക് പൊള്ളലേറ്റ് ചികിത്സയിലാണ്.