പൊതുവിതരണ രംഗത്തെ സാമൂഹ്യ ഇടപെടല്‍ നാടിന് മാതൃകയാണ് :മന്ത്രി ജി ആര്‍ അനില്‍

കൊച്ചി : പൊതുവിതരണ രംഗത്തെ സാമൂഹ്യ ഇടപെടല്‍ നാടിന് മാതൃകയാണെന്ന് ഭക്ഷ്യ - സിവില്‍ സപ്ലൈസ് മന്ത്രി ജി ആര്‍ അനില്‍ . സപ്ലൈകോ എംപ്ലോയീസ് അസോസിയേഷന്‍ (എ ഐ ടി യു സി ) സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി 'പൊതുവിതരണവും സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനും' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിജീവന നാളുകളില്‍ ഭക്ഷ്യകിറ്റ് നല്‍കി ജനതയെ ചേര്‍ത്തുനിര്‍ത്തിയ സര്‍ക്കാരിന്റ സാമൂഹ്യ പ്രതിബദ്ധതയുള്ള നടപടികളില്‍ പൂര്‍ണമായി സഹകരിച്ച് മാതൃകാ പ്രവര്‍ത്തനം നടത്തിയവരാണ് ഭക്ഷ്യ സിവില്‍ സപ്ലൈസ് ജീവനക്കാരെന്നും മന്ത്രി പറഞ്ഞു. പുതിയ സാഹചര്യത്തില്‍ പൊതുമേഖലയുടെ നിലനില്‍പ്പിനും വളര്‍ച്ചക്കും മുഴുവന്‍ ജീവനക്കാരുടെയും ആത്മാര്‍ത്ഥമായ പിന്തുണ ആവശ്യമാണ്. ഒരേ മനസ്സോടെ മുന്നോട്ടുപോയാല്‍ ഏതു പൊതുമേഖലാ സ്ഥാപനത്തെയും ശക്തിപ്പെടുത്താനാവും.
ട്രേഡ് യുണിയനുകളും അക്കാര്യത്തില്‍ മുന്‍കൈ എടുക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കേരളത്തില്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ ഉള്ളതുകൊണ്ടാണ് പൊതുവിതരണ രംഗം ഇത്രയും മികച്ച നിലയില്‍ മുന്നോട്ടു പോകുന്നതെന്ന് അഭിമാനത്തോടെ പറയാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ താമസിക്കുന്ന ഇതര സംസ്ഥാനക്കാര്‍ ഉള്‍പ്പെടെ മുഴുവന്‍ ആളുകള്‍ക്കും റേഷന്‍ കാര്‍ഡുകള്‍ സമ്പൂര്‍ണമായി വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലാണ്. സ്ഥിരമായി താമസിക്കാത്ത അപൂര്‍വം നാടോടികള്‍ ഒഴികെയുള്ളവര്‍ക്കെല്ലാം കാര്‍ഡുകള്‍ നല്‍കും. കേരളത്തില്‍ മാത്രമാണ് മുഴുവന്‍ പേര്‍ക്കും റേഷന്‍ നല്‍കുന്നതിനും കേരളത്തിന് വെളിയില്‍ മുന്‍ഗണന വിഭാഗത്തിന് മാത്രമാണ് റേഷന്‍ നല്‍കിവരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അഗതി മന്ത്രിങ്ങളിലെ ആദിവാസികള്‍ക്ക് അവരുടെ കേന്ദ്രത്തില്‍ അര്‍ഹതപ്പെട്ട ഭക്ഷ്യധാന്യങ്ങള്‍ എത്തിച്ചുകൊടുക്കുന്ന ഇടപെടലിന് വലിയ അംഗീകാരമാണ് ലഭിച്ചിട്ടുള്ളത്. എല്ലാ ഉല്‍പ്പന്നങ്ങളും സബ്സിഡി നിരക്കില്‍ നല്‍കിവരുന്ന സപ്ലൈകോ ഉത്തമ മാതൃകയാണെന്നും അതിനാല്‍ നാടിനോടും ജനതയോടും പ്രതിബദ്ധതയുള്ളവരെന്ന ഉയര്‍ന്ന ബോധം ജീവനക്കാരില്‍ ഉണ്ടാകണം. സപ്ലൈകോയില്‍ ഡെപ്യുട്ടേഷന്‍ ഘട്ടം ഘട്ടമായി നടപ്പാക്കിവരികയാണെന്നും മന്ത്രി പറഞ്ഞു.
അസോസിയേഷന്‍ പ്രസിഡന്റ് പി രാജു അധ്യക്ഷത വഹിച്ചു. സപ്ലൈകോ ജനറല്‍ മാനേജര്‍ ഡോ ശ്രീറാം വെങ്കിട്ടരാമന്‍ മുഖ്യപ്രഭാഷണം നടത്തി. സി പി ഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം അഡ്വ കെ എന്‍ സുഗതന്‍, അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എസ് സുരേഷ്‌കുമാര്‍, സംഘാടക സമിതി ചെയര്‍മാന്‍ കെ എന്‍ ഗോപി, കണ്‍വീനര്‍ ടി സി സന്‍ജിത്ത് , സംസ്ഥാന ട്രഷറര്‍ എ എച്ച് എം അഷ്റഫ്, ടി സൂരജ്, രജീഷ് രവീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.എറണാകുളം ടൗണ്‍ ഹാളില്‍ ഇന്ന് രാവിലെ പത്തിന് പ്രധിനിധിസമ്മേളനം എ ഐ ടി യു സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.