LogoLoginKerala

ചര്‍മ്മമുഴ നഷ്ടപരിഹാര നടപടി ഉടന്‍ : മന്ത്രി ജെ.ചിഞ്ചുറാണി

 
chinju rani

തിരുവനന്തപൂരം: സംസ്ഥാനത്ത് ചര്‍മ്മമുഴ ബാധിച്ച് ചത്ത പശുക്കളുടെ നഷ്ടപരിഹാരനടപടികള്‍ ഉടനുണ്ടാകുമെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. കറവപ്പശുക്കള്‍ക്ക് 30,000 കിടാരികള്‍ക്ക് 16,000, ആറുമാസത്തിന് താഴെ പ്രായമുള്ള പശുക്കുട്ടികള്‍ക്ക് 5000 എന്നീ ക്രമത്തില്‍ നഷ്ടപരിഹാരത്തുക നല്‍കുവാനാനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന ക്ഷീര സംഗമം 'പടവ് 2023'' ന്റെ ഭാഗമായി സംഘടിപ്പിച്ച ജനകീയ ക്ഷീരകര്‍ഷക അദാലത്തിലാണ് ചര്‍മ്മമുഴ ബാധിച്ച് മരിച്ച പശുക്കളുടെ ഉടമസ്ഥര്‍ക്ക് ആശ്വാസമേകി മന്ത്രി നഷ്ടപരിഹാരം നല്‍കുമെന്ന പ്രഖ്യാപനം നടത്തിയത്. കൂടാതെ ചര്‍മ്മമുഴയ്‌ക്കെതിരെയുള്ള പ്രതിരോധകുത്തിവെയ്പ്പു് നടപടികള്‍ ഊര്‍ജ്ജിതമായിത്തുടരുമെന്നും മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു.

നിലവില്‍ ഒരു ഫാം തുടങ്ങുന്നതിനും, നടത്തിക്കൊണ്ടു പോകുന്നതിനും നിലവിലുള്ള കാലഹരണപ്പെട്ട നിയമവ്യവസ്ഥകള്‍ മൂലം സംരംഭകര്‍ ബുദ്ധിമുട്ടനുഭവിക്കുന്നത് കര്‍ഷകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ഫാം ലൈസന്‍സ് പോലുള്ളവ സംരംഭക സൗഹൃദമാക്കാന്‍ സര്‍ക്കാര്‍തലത്തില്‍ ഏകജാലക നടപടി ഉണ്ടാകുമെന്ന് മന്ത്രി മറുപടി പറഞ്ഞു. ഇത് നടപ്പിലാക്കുന്നതോടെ തദ്ദേശ സ്വയംഭരണ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, ക്ഷീരവികസന വകുപ്പ്, പൊല്യുഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് എന്നീ സ്ഥാപനങ്ങളുടെ അനുമതിക്കായി കര്‍ഷകര്‍ എല്ലാ ഓഫീസുകളിലും കയറിയിറങ്ങാതെ ഫാം ലൈസന്‍സ് കരസ്ഥമാക്കാന്‍ കഴിയുകയെന്നതാണ് ലക്ഷ്യം. കൂടാതെ മൃഗസംരക്ഷണ രംഗത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ ഉതകുന്ന നൂതനസാങ്കേതികവിദ്യയുടെ ഉപയോഗങ്ങള്‍ കര്‍ഷകര്‍ക്ക് പ്രയോജനപ്പെടുത്തുന്ന വിധം ഒരുക്കുവാന്‍ വെറ്ററിനറി, ഡയറി സര്‍വകലാശാലയുടെ സേവനം ഉപയോഗപ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു