ഷുക്കൂര്‍ വധക്കേസില്‍ തുടരന്വേഷണം വേണം, സിബിഐയെ സമീപിച്ച് പി ജയരാജന്‍

ഷുക്കൂര്‍ വധക്കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് പി ജയരാജന്‍ സിബിഐ ഡയറക്ടര്‍ക്ക് കത്ത് നല്‍കി. കെപിസിസി സെക്രട്ടറി ബിആര്‍എം ഷെഫീര്‍ കണ്ണൂരില്‍ നടത്തിയ പ്രസംഗത്തിന്റെ കോപ്പി സഹിതമാണ് സിബിഐ ഡയറക്ടര്‍ക്ക് അഡ്വ. കെ വിശ്വന്‍ മുഖേന കത്ത് നല്‍കിയത്. പി ജയരാജനെയും ടിവി രാജേഷിനെയും കേസില്‍പ്പെടുത്താന്‍ കെ സുധാകരന്‍ പൊലീസിനെ വിരട്ടിയെന്നാണ് ഷെഫീര്‍ കണ്ണൂരില്‍ പ്രസംഗത്തില്‍ പറഞ്ഞത്.
അന്വേഷണം നടത്തിയല്ല പ്രതികളെ തീരുമാനിച്ചതെന്ന് പി ജയരാജന്‍ കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. യുഡിഎഫ് ഭരണകാലത്ത് അന്നത്തെ പൊലീസിനെ വിരട്ടിയാണ് പ്രതിചേര്‍ത്തതെന്നാണ് ഷെഫീര്‍ പറഞ്ഞത്. കൊലപാതകം അറിഞ്ഞിട്ടും തടഞ്ഞില്ലെന്നാണ് അന്ന് പൊലീസ് സിപിഎം നേതാക്കള്‍ക്കെതിരെ കുറ്റം ചുമത്തിയത്. അത് പൊലീസിനെ വിരട്ടിയാണെന്നാണ് ഷെഫീര്‍ പറയുന്നത്. ഹൈകോടതി വിധിയെ തുടര്‍ന്ന് അന്വേഷണം സിബിഐക്ക് വിട്ടപ്പോള്‍ ഡല്‍ഹിയിലും സുധാകരന്‍ സ്വാധീനം ചെലുത്തിയതായി ഷെഫീര്‍ പറയുന്നു.
തെളിവുകളെ അടിസ്ഥാനപ്പെടുത്തിയല്ല, കൃത്യമായ രാഷ്ട്രീയ വിരോധംവെച്ചാണ് സിപിഎം നേതാക്കളെ പ്രതിചേര്‍ത്തതെന്ന് അന്നുതന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു. അത് ശരിയാണെന്നു തെളിയിക്കുന്നതാണ് കെപിസിസി സെക്രട്ടറിയുടെ വാക്കുകള്‍. നിരപരാധികളെ രാഷ്ട്രീയ വിരോധത്തില്‍ പ്രതി ചേര്‍ത്തത് ബോധപൂര്‍വമാണ്. കെപിസിസി പ്രസിഡന്റ് കെ സുധാകരനെ സാക്ഷിയാക്കിയാണ് ഷെഫീര്‍ ഈ പ്രഖ്യാപനം നടത്തിയത്. അത് തെറ്റാണെങ്കില്‍ സുധാകരന്‍ തിരുത്തുമായിരുന്നു. എന്നാല്‍, ഇതുവരെ സുധാകരന്‍ അത് നിഷേധിച്ചിട്ടില്ല. കെ സുധാകരനെയും ഷെഫീറിനെയും ചോദ്യം ചെയ്താല്‍ സത്യാവസ്ഥ പുറത്തുവരുമെന്നും ജയരാജന്‍ വ്യക്തമാക്കി.