ആവശ്യ സാധനങ്ങള്‍ക്ക് ക്ഷാമം; സപ്ലൈകോയില്‍ പ്രതിസന്ധി

സപ്ലൈ മുടങ്ങി സപ്ലൈകോ. ആവശ്യസാധനങ്ങള്‍ പോലും കൃത്യമായി ലഭ്യമാക്കാനാകാതെ സപ്ലൈകോ. സബ്‌സിഡിയുള്ള 13 സാധനങ്ങളില്‍ എല്ലാം ലഭിക്കുന്നില്ല. വില്‍പ്പന കേന്ദ്രങ്ങളില്‍ ഉള്ളത് അഞ്ച് ഇനങ്ങള്‍ മാത്രമാണ്, കൂടാതെ പലസാധനങ്ങളുടെയും സ്റ്റോക്ക് കഴിയാറായെന്നും സപ്ലൈകോ അറിയിച്ചു.
സബ്‌സിഡി ഇനത്തിലുള്ള മട്ട അരി, പച്ചരി, മുളക്, ഉഴുന്ന്, വന്‍പയര്‍, കറുത്ത കടല, സാമ്പാര്‍ പരിപ്പ് എന്നിവ ലഭ്യമല്ല. സപ്ലൈകോയില്‍ നിലവില്‍ ഉള്ളത് ജയ അരി, മല്ലി, ചെറുപയര്‍, വെളിച്ചെണ്ണ, തേയില, പഞ്ചസാര എന്നിവയാണ്.
അതേസമയം, സര്‍ക്കാര്‍ സബ്‌സിഡ് പണം നല്‍കാത്തതാണ് സപ്ലൈകോയുടൈ പ്രതിസന്ധിക്ക് കാരണമെന്ന് അധികൃതര്‍. സര്‍ക്കാര്‍ സബ്‌സിഡി കുടിശ്ശിക ഇനത്തില്‍ 2000 കോടി രൂപയിലധികം തരാമുണ്ടെന്ന് സപ്ലൈകോ അറിയിച്ചു. പ്രതിമാസം സബ്‌സിഡിക്കായി 50 കോടി രൂപ വേണം. കമ്പനികള്‍ക്ക് നിലവില്‍ 500 കോടി രൂപ നല്‍കാനുണ്ടെന്നും സപ്ലൈകോ അറിയിച്ചു. കുടിശ്ശിക കാരണം കമ്പനികള്‍ ഓര്‍ഡര്‍ എടുക്കുന്നില്ലെന്നും സപ്ലൈകോ വ്യക്തമാക്കി. അതേസമയം, സപ്ലൈക്കോയിലെ ക്ഷാമം ഉടന്‍ പരിഹരിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. സ്റ്റോക്ക് എത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി മന്ത്രി അറിയിച്ചു.