LogoLoginKerala

‘ഷാജന്‍ സ്‌കറിയ എന്റെ പെങ്ങളെ വിവാഹം കഴിച്ച് ഉപേക്ഷിച്ചിട്ടൊന്നുമില്ലല്ലോ, ഷാജനെ പോലുള്ളവരോടുള്ള സാമൂഹ്യവിരോധം മാത്രമാണ് തന്റെ പ്രതികരണം’; പിവി അന്‍വര്‍ എംഎല്‍എ

 
Shajan Skaria

മറുനാടന്‍ മലയാളി യൂടൂബ് ചാനല്‍ ഉടമ ഷാജന് സ്‌കറിയയോട് തനിക്ക് വ്യക്തിവിരോധമല്ല, ഷാജന്റെ പ്രവര്‍ത്തിയിലുള്ള സാമൂഹ്യവിരോധമാണ് ഉള്ളതെന്ന് പിവി അന്‍വര്‍ എംഎല്‍എ. ഷാജന്‍ സ്‌കറിയയോടും അയാളെ പോലെയുള്ളവരോടും സാമൂഹ്യവിരോധം മാത്രമാണ് തനിക്കുള്ളത്. ഷാജന്‍ സ്‌കറിയ തന്റെ പെങ്ങളെ വിവാഹം കഴിച്ച് ഉപേക്ഷിച്ചിട്ടൊന്നുമില്ലല്ലോ. ഷാജനാണ് അവരുടെ ഹെഡ്.

ഷാജന്റെ പാതയും മാര്‍ഗ നിര്‍ദ്ദേശവുമാണ് പുതിയ യൂട്യൂബര്‍മാര്‍ പിന്തുടരുന്നത്. ഈ വ്യവസ്ഥിതിയോടുള്ള പോരാട്ടമാണ് തന്റെ പ്രതികരണങ്ങള്‍. ഇക്കാര്യത്തില്‍ യാതൊരു പേടിയുമില്ലെന്നും ജനങ്ങള്‍ ചെയ്ത വോട്ടിനോടുള്ള ഉത്തരവാദിത്തമാണ് താന്‍ കാണിക്കുന്നതെന്നും പിവി അന്‍വര്‍ എംഎല്‍എ ചൂണ്ടിക്കാട്ടി.

ഒരടിസ്ഥാനവുമില്ലാത്ത കാര്യങ്ങളാണ് ഷാജനെ പോലുള്ളവര്‍ വാര്‍ത്തയെന്ന രൂപേണ പ്രചരിപ്പിക്കുന്നത്. അസത്യമായ വാര്‍ത്തകളുടെ പരമ്പരയാണ് നല്‍കുന്നത്. നാടിന്റെ മതനിരപേക്ഷതയെ പോലും ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഇതില്‍ പല വാര്‍ത്തകളും. ഈ രീതിക്കെതിരായാണ് തന്റെ പോരാട്ടം. എത്ര അവഹേളിക്കാന്‍ ശ്രമിച്ചാലും ഇതില്‍ നിന്ന് പിന്നോട്ടില്ലെന്നും സാമൂഹിക ശാക്തീകരണത്തിനായി ഇത് കാലത്തിന്റെ അനിവാര്യതയാണെന്നും അന്‍വര്‍ എംഎല്‍എ വ്യക്തമാക്കി. കേരള പോലീസിന്റെ വയര്‍ലെസ് വിവരങ്ങള്‍ ഷാജന്‍ സ്‌കറിയ ചോര്‍ത്തിയ സംഭവത്തില്‍ ഡിജിപിക്ക് പരാതി നല്‍കിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.