LogoLoginKerala

കണ്ണൂര്‍ സര്‍വകലാശാലയില്‍ മുഴുവന്‍ സീറ്റും വിജയിച്ച് എസ് എഫ് ഐ

വ്യാജരേഖാ വിവാദത്തിനിടെ ആശ്വാസജയം
 
Sfi
കണ്ണൂര്‍- വ്യാജരേഖാ വിവാദത്തില്‍ മുഖം നഷ്ടപ്പെട്ട എസ് എഫ് ഐക്ക് ആശ്വാസമായി കണ്ണൂര്‍ യൂണിവേഴ്‌സിറ്റി യൂണിയനില്‍ മുഴുവന്‍ സീറ്റിലും എസ്എഫ്‌ഐ സ്ഥാനാര്‍ഥികള്‍ വിജയിച്ചു. 120 കൗണ്‍സിലര്‍മാരില്‍ പോള്‍ ചെയ്ത 108ല്‍ 70 വോട്ടും എസ്എഫ്‌ഐ നേടി. ചെയര്‍പേഴസണായി കണ്ണൂര്‍ സര്‍വകലാശാല മാങ്ങാട്ടുപറമ്പ് ക്യാമ്പസിലെ ടി പി അഖില തെരഞ്ഞെടുക്കപ്പെട്ടു. കെഎസ്‌യു സ്ഥാനാര്‍ഥി ജെഫിന്‍ ഫ്രാന്‍സിസിനെ 35 വോട്ടിനാണ് പരാജയപ്പെടുത്തിയത്. അഖിലയ്ക്ക് 70 വോട്ട് ലഭിച്ചപ്പോള്‍ ജെഫിന്‍ ഫ്രാന്‍സിസിന് പകുതി വോട്ട് മാത്രമാണ് ലഭിച്ചത്. ജനറല്‍ സെക്രട്ടറിയായി വിജയിച്ച ടി പ്രതീകിന് 32 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. പ്രതീകിന് 70 വോട്ട് കിട്ടിയപ്പോള്‍ എംഎസ്എഫ് സ്ഥാനാര്‍ഥി വി മുഹമ്മദിന് 38 വോട്ടാണ്.
വൈസ് ചെയര്‍പേഴ്‌സണായി കൂത്തുപറമ്പ് എംഇഎസ് കോളേജിലെ മുഹമ്മദ് ഫവാസ്, ലേഡി വൈസ് ചെയര്‍പേഴ്‌സണായി പയ്യന്നൂര്‍ കോളേജിലെ അനന്യ ആര്‍ ചന്ദ്രന്‍, ജോയിന്‍ സെക്രട്ടറിയായി മുന്നാട് പീപ്പിള്‍സ് കോളേജിലെ കെ പി സൂര്യജിത്ത്, കണ്ണൂര്‍ ജില്ലാ എക്‌സിക്യൂട്ടീവിലേക്ക് ചൊക്ലി ഗവ. കോളേജിലെ കെ വി അന്‍ഷിക, കാസര്‍കോട് ജില്ലാ എക്‌സിക്യൂട്ടീവിലേക്ക് കാഞ്ഞങ്ങാട് നെഹ്‌റു കോളേജിലെ കെ പ്രജിന എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. വയനാട് ജില്ലാ എക്‌സിക്യൂട്ടീവ് സ്ഥാനത്തേക്ക് മാനന്തവാടി ഗവ. കോളേജിലെ പി എസ് സെബാസ്റ്റിയന്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.