LogoLoginKerala

ലൈംഗികാരോപണക്കേസ്; ബ്രിജ് ഭൂഷനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു.

 
brij Bhushan

ലൈംഗികാരോപണക്കേസില്‍ ആരോപണ വിധേയനായ ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണിന്റെ വീട്ടിലെത്തി ഡല്‍ഹി പോലീസിലെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. ഉത്തര്‍പ്രദേശിലെ ഗോണ്ടയിലുള്ള വസതിയില്‍ എത്തിയാണ് അന്വേഷണസംഘം വിവരങ്ങള്‍ ശേഖിച്ചത്..

ബ്രിജ് ഭൂഷന്റെ ന്റെ ബന്ധുക്കളേയും ജീവനക്കാരേയും അന്വേഷണസംഘം ചോദ്യം ചെയ്തു. 12 പേരുടെ മൊഴി രേഖപ്പെടുത്തി. കൂടുതല്‍ അന്വേഷണത്തിനായി ഇവരുടെ തിരിച്ചറിയല്‍ രേഖകളും പോലീസ് ശേഖരിച്ചു. പ്രായപൂര്‍ത്തിയാകാത്ത ഗുസ്തി താരത്തിന്റെ പിതാവിന്റെ പരാതിയില്‍ ഏപ്രില്‍ 28ന് ബ്രിജ് ഭൂഷണിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ആറ് ഗുസ്തി താരങ്ങളുടെ പരാതിയില്‍ മറ്റൊരു എഫ്‌ഐആറും രജിസ്റ്റര്‍ ചെയ്തു. സുപ്രീം കോടതി ഉത്തരവിനെത്തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറുകളില്‍ സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗിക പീഡനം തുടങ്ങിയ ആരോപണങ്ങളാണുള്ളത്.

ലൈംഗിക താല്പര്യങ്ങള്‍ക്ക് വഴങ്ങിയാല്‍, ഭാവിയില്‍ നേട്ടമുണ്ടാകുമെന്ന് ബ്രിജ് ഭൂഷണ്‍ പറഞ്ഞതായും താരങ്ങള്‍ പറയുന്നു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 137 പേരുടെ മൊഴിയാണ് പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയത്. അതിനിടെ പരാതിക്കാരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ബ്രിജ് ഭൂഷണിനെതിരെ നല്‍കിയ മൊഴി പിന്‍വലിച്ചു. പോലീസിനും മജിസ്‌ട്രേറ്റിന് മുന്നിലും നല്‍കിയ മൊഴികള്‍ പെണ്‍കുട്ടി പിന്‍വലിച്ചതായാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തത്. ഐപിസി 164 പ്രകാരം പെണ്‍കുട്ടി മജിസ്‌ട്രേറ്റിന് മുന്നില്‍ പുതിയ രഹസ്യമൊഴി നല്‍കി. പുതിയ മൊഴി കോടതി പരിശോധിക്കും. ബ്രിജ് ഭൂഷണിനെതിരെ ഏതൊക്കെ കുറ്റങ്ങള്‍ ചുമത്താനാകുമെന്ന് മൊഴിയുടെ അടിസ്ഥാനത്തില്‍ കോടതി തീരുമാനമെടുക്കും.

ശനിയാഴ്ച അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഗുസ്തി താരങ്ങള്‍ തിരികെ ജോലിയില്‍ പ്രവേശിക്കുമെന്ന് അറിയിച്ചിരുന്നു. സാക്ഷി മാലിക്, വിനേഷ് ഫോഗാട്ട്, ബജരംഗ് പുനിയ തുടങ്ങിയ താരങ്ങള്‍ ജോലിയില്‍ പ്രവേശിക്കാന്‍ തീരുമാനിച്ചതോടെ സമരത്തില്‍ നിന്ന് പിന്മാറിയെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഈ വാര്‍ത്ത നിഷേധിച്ച് താരങ്ങള്‍ തന്നെ രംഗത്തെത്തി. ജോലിയില്‍ തിരികെ പ്രവേശിക്കുക മാത്രമാണ് ചെയ്തതെന്നും സമരം അവസാനിപ്പിച്ചിട്ടില്ലെന്നുമാണ് ഗുസ്തി താരങ്ങള്‍ പറഞ്ഞത്.