LogoLoginKerala

ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; ഡോക്ടര്‍മാരും നഴ്സുമാരും കുറ്റക്കാര്‍

 
Shahina

പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ രണ്ട് ഡോക്ടര്‍മാരും രണ്ട് നഴ്സുമാരും കുറ്റക്കാരെന്ന് പൊലീസ് റിപ്പോര്‍ട്ട്. മണക്കടവ് മലയില്‍ക്കുളങ്ങര കെ കെ ഹര്‍ഷിനയുടെ വയറ്റിലാണ് ശസ്ത്രക്കിയയ്ക്കിടെ കത്രിക കുടുങ്ങിയത്. കത്രിക കോഴിക്കോട് മെഡിക്കല്‍ കോളജിലേതു തന്നെയെന്ന് പൊലീസ് കണ്ടെത്തി.

സത്യം എത്ര മൂടിവെച്ചാലും പുറത്തുവരുമെന്നതിന്റെ തെളിവാണിതെന്ന് ഹര്‍ഷിന വ്യക്തമാക്കി. അഞ്ചുവര്‍ഷം അനുഭവിച്ച കഷ്ടപ്പാടിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും പൂര്‍ണമായും നീതി ലഭിക്കുന്നത് വരെ സമരം തുടരുമെന്നും ഹര്‍ഷിന വ്യക്തമാക്കി.

ജില്ലാതല ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഹര്‍ഷിനയുടെ വയറ്റില്‍ കുടുങ്ങിയ കത്രിക കോഴിക്കോട് മെഡിക്കല്‍ കോളജിലേതു തന്നെയെന്ന് വ്യക്തമാക്കിയിട്ടുള്ളത്. 2017 നവംബര്‍ 30-ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മൂന്നാമത്തെ പ്രസവശസ്ത്രക്രിയയ്‌ക്കെത്തിയപ്പോഴാണ് വയറ്റില്‍ കത്രിക കുടുങ്ങിയതെന്നാണ് യുവതിയുടെ ആരോപണം.

എന്റെ പരാതി നൂറു ശതമാനവും സത്യമാണെന്ന് ഉറപ്പുള്ളതു കൊണ്ടാണല്ലോ ഇത്രയും വലിയ ഒരു പോരാട്ടത്തിന് ഞാന്‍ ഇറങ്ങിത്തിരിച്ചത്. ഡോക്ടര്‍മാരുടെ ചെറിയ നേരത്തെ അശ്രദ്ധകൊണ്ട് ഒരാള്‍ക്ക് എത്രമാത്രം ദുരന്തം അനുഭവിക്കാമോ അത്രയ്ക്ക് താന്‍ അനുഭവിച്ചിട്ടുണ്ട്. ഇത് തന്റെ കാര്യം മാത്രമല്ല. ഇനി മറ്റൊരാള്‍ക്കും ഇങ്ങനെ ഒരുഗതി ഉണ്ടാവരുതെന്നും ഹര്‍ഷിന പറഞ്ഞു.